റിയോ ഡി ജനീറോ: കാര്‍ലോസ് ആല്‍ബര്‍ട്ടോ-ബ്രസീലിന്റെ ലോകകപ്പ് ജേതാവായ നായകന്‍- ഓര്‍മയായി. എഴുപത്തിരണ്ടു വയസുള്ള ആല്‍ബര്‍ട്ടോയുടെ മരണം ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു. ബ്രസീലിയന്‍ ഫുട്‌ബോളിലെ ഇതിഹാസ താരമാണ് ആല്‍ബര്‍ട്ടോ. 1970 ലോകകപ്പ് കിരീടം നേടിയ മഞ്ഞപ്പടയുടെ നായകനായ കാര്‍ലോസ് അമ്പത്തിമൂന്ന് മത്സരങ്ങളില്‍ ദേശീയ കുപ്പായമണിഞ്ഞു.
റൈറ്റ് ബാക്ക് പൊസിഷനിലായിരുന്നു ആല്‍ബര്‍ട്ടോ കളിച്ചിരുന്നത്. ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളിന്റെ അവകാശിയും കാര്‍ലോസാണ്. ആകെ എട്ട് ഗോളുകളാണ് ബ്രസീലിന് വേണ്ടി നേടിയത്. ഫ്‌ളെമെംഗോ, സാന്റോസ്,ഫ്‌ളുമിനെന്‍സ്, ന്യൂയോര്‍ക് കോസ്‌മോസ് ക്ലബ്ബുകളുടെ താരമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ഫുട്‌ബോള്‍ ടീമില്‍ ഇടം നേടുവാനും കാര്‍ലോസിന് സാധിച്ചു.

ഫുട്‌ബോള്‍ രാജാവ് പെലെ 2004 ല്‍ ജീവിച്ചിരിക്കുന്നവരെ പരിഗണിച്ചു കൊണ്ട് ഫിഫക്ക് നൂറ് മികച്ച കളിക്കാരുടെ പട്ടിക നിര്‍ദേശിക്കുകയുണ്ടായി. അതില്‍ കാര്‍ലോസ് ആല്‍ബര്‍ട്ടോക്ക് ഗണനീയ സ്ഥാനമുണ്ടായിരുന്നു.
പ്ലെയിംഗ് കരിയറിന് ശേഷം കോച്ചായും ഒരുകൈ നോക്കി. 2005 ല്‍ അസര്‍ബൈജാന്റെ കോച്ചായ കാര്‍ലോസ് അധികംതാമസിയാതെ ക്ലബ്ബ് വിടുകയും ചെയ്തു.