നെയ്മര്‍ക്ക് എന്തു പറ്റി? സാന്റോസിലേക്കുള്ള മടങ്ങിവരവില്‍ വന്‍ ദുരന്തം!! പ്രകടനം ഇങ്ങനെ
സാവോപോളോ: ബാല്യകാല ക്ലബ്ബായ സാന്റോസിലേക്കുള്ള രണ്ടാം വരവിലെ ആദ്യമായി പ്ലെയിങ് ഇലവനില്‍ ഇറങ്ങിയ മല്‍സരത്തില്‍ വന്‍ ഫ്‌ളോപ്പായി മാറിയിരിക്കുകയാണ് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍. അദ്ദേഹത്തെ ലോകമറിയുന്ന ഫുട്‌ബോളറായി വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ക്ലബ്ബാണ് സാന്റോസ്. അതുകൊണ്ടു തന്നെ 12 വര്‍ഷങ്ങള്‍ക്കു പഴയ തട്ടകത്തിലേക്കുള്ള നെയ്മറുടെ മടങ്ങിവരവ് ആരാധകരെ ഏറെ ആവേശം കൊള്ളിക്കുകയും ചെയ്തിരുന്നു.
പക്ഷെ സാന്റോസിന്റെ വെള്ളക്കുപ്പായത്തിലെ രണ്ടാം അരങ്ങേറ്റത്തില്‍ അദ്ദേഹം നനഞ്ഞ പടക്കമായി മാറി. കളിയില്‍ യാതൊരു ഇംപാക്ടും സൃഷ്ടിക്കാന്‍ 33കാരനായ താരത്തിനായില്ല. ശരാശരിയിലും താഴെയുള്ള പ്രകടനമാണ് നെയ്മര്‍ക്കു കാഴ്ചവയ്ക്കാനായത്.

തിരിച്ചുവരവിനു ശേഷം സാന്റോസിനായി അദ്ദേഹം കളിച്ച രണ്ടാമത്തെ മല്‍സരമായിരുന്നു ഇത്. ഈ മാസം അഞ്ചിനു ബൊട്ടാഫോഗോയുമായി 1-1ന്റെ സമനിലയില്‍ പിരിഞ്ഞ കളിയില്‍ രണ്ടാം പകുതിയില്‍ പകരക്കാരമായാണ് അദ്ദേഹം കളിക്കാനിറങ്ങിയത്.
അതു കഴിഞ്ഞ് മൂന്നു ദിവസങ്ങള്‍ക്കു ശേഷമാണ് ഇപ്പോള്‍ നൊവോറിസോന്റിനോയുമായുള്ള കളിയില്‍ നെയ്മറെ സ്റ്റാര്‍ട്ടിങ് ലൈനപ്പില്‍ കോച്ച് ഉള്‍പ്പെടുത്തിയത്. പക്ഷെ കോച്ചിന്റെയോ, ആരാധകരുടെയോ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല.
നെയ്മറുടെ പ്രകടനം
നൊവോറിസോന്റിനോയുള്ള മല്‍സരത്തില്‍ ഗോളുകളൊന്നും സ്‌കോര്‍ ചെയ്യാനായില്ലെന്നു മാത്രമല്ല, ഗോളവസരങ്ങള്‍ സൃഷ്ടിക്കാനോ, എതിര്‍ ടീമിനു ഭീഷണിയുയര്‍ത്തുന്ന ചടുലമായ നീക്കങ്ങള്‍ നടത്താനോ നെയ്മര്‍ക്കു കഴിഞ്ഞില്ല. കളിയില്‍ എട്ടു ഡ്രിബ്‌ളുകള്‍ നടത്തിയ അദ്ദേഹത്തിനു ഒന്നില്‍ മാത്രമാണ് വിജയിക്കാനായത്.
ഈ മല്‍സരത്തില്‍ 24 തവണയാണ് നെയ്മറുടെ പക്കല്‍ നിന്നും എതിരാളികള്‍ ബോള്‍ തട്ടിയെടുത്തത്. ആദ്യത്തെ 75 മിനിറ്റിനിടെ എതിര്‍ ടീമിന്റെ ഗോള്‍ പോസ്റ്റിലേക്കു ഒരു ഷോട്ട് പോലും പരീക്ഷിക്കാനും അദ്ദേഹത്തിനു സാധിച്ചതുമില്ല. കൂടാതെ കളിയില്‍ 79 ശതമാനം പാസുകള്‍ മാത്രമേ നെയ്മര്‍ക്കു പൂര്‍ത്തിയാക്കാനും കഴിഞ്ഞുള്ളൂ.
ഒരിക്കല്‍ക്കൂടി നിറംമങ്ങിയെങ്കിലും ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായ നെയ്മര്‍ അധികം വൈകാതെ തന്നെ യഥാര്‍ഥ ഫോമിലേക്കു മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് സാന്റോസ് ടീം.
നേരത്തേ ക്ലബ്ബിനൊപ്പം ആദ്യമുണ്ടായിരുന്നപ്പോള്‍ മാജിക്കല്‍ പ്രകടനമാണ് നെയ്മര്‍ നടത്തിയത്. ക്ലബ്ബിനെ ആറു കിരീട വിജയങ്ങളിലേക്കു നയിക്കാന്‍ അദ്ദേഹത്തിനായിരുന്നു. സാന്റോസിനായി 225 മല്‍സരങ്ങളില്‍ നിന്നും 136 ഗോളുകളും നെയ്മര്‍ വാരിക്കൂട്ടി. കൂടാതെ 64 അസിസ്റ്റുകളും താരം നല്‍കി.
2013ലാണ് സാന്റോസില്‍ നിന്നും സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയിലേക്കു നെയ്മര്‍ ചേക്കേറിയത്. അവിടെയും തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിയ അദ്ദേഹം പിന്നീട് ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിലേക്കു കൂടുമാറി. പക്ഷെ പരിക്കുകളും ഫിറ്റ്നസ് പ്രശ്‌നങ്ങളും കാരണം ഇവിടെ കാര്യമായി തിളങ്ങാന്‍ നെയ്മര്‍ക്കായില്ല.
തുടര്‍ന്ന് 2023ല്‍ അദ്ദേഹം സൗദി ക്ലബ്ബായ അല്‍ ഹിലാലിലെത്തി. ഇവിടെയും പരിക്കുകള്‍ നെയ്മറെ വേട്ടയാടി. ഒന്നര വര്‍ഷത്തിനിടെ ക്ലബ്ബിനായി വെറും ഏഴു മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹത്തിനു കളിക്കാനായുള്ളൂ. അല്‍ ഹിലാല്‍ കരാര്‍ റദ്ദാക്കിയതോടെയാണ് ആറു മാസത്തെ കരാറില്‍ നെയ്മര്‍ സാന്റോസില്‍ മടങ്ങിയെത്തിയിരിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications