സമകാലിക ഫുട്‌ബോളിലെ കീരീടംവെക്കാത്ത രാജക്കന്മാരായ ലയണല്‍ മെസ്സിയും, ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ഉള്‍പ്പെടാത്ത ലോക ഫുട്‌ബോളര്‍മാരുടെ ലിസ്റ്റ് പുറത്തിറക്കാന്‍ സാധിക്കുമോ? ലിസ്റ്റില്‍ അഞ്ചുപേര്‍ മാത്രമാണെങ്കിലും മെസ്സി അതില്‍ ഉള്‍പ്പെടുമെന്ന് ഫുട്‌ബോള്‍ വിദഗ്ധര്‍ പറയുമ്പോള്‍ ബ്രസീലിയന്‍ ഇതിഹാസതാരം റൊമാരിയോയ്ക്ക് വേറിട്ട കാഴ്ചപ്പാടാണ്.
1994ലെ ഫുട്‌ബോള്‍ ലോകകപ്പ് രാജ്യത്തിനു നേടിക്കൊടുക്കുന്നതില്‍ നിര്‍ണായ പങ്കുവഹിച്ച റൊമാരിയോ ഒരു അഭിമുഖത്തിനിടെ നല്‍കിയ ലിസ്റ്റില്‍ മെസ്സിയും റൊണാള്‍ഡോയും ഉള്‍പ്പെട്ടിട്ടില്ല. എന്നാല്‍ സ്വന്തം പേര് അതില്‍ ഉള്‍പ്പെടുത്തുക മാത്രമല്ല, ലിസ്റ്റില്‍ പെലെയ്ക്ക് തൊട്ടു താഴെയാണ് തന്റെ സ്ഥാനമെന്നും റൊമാരിയോ പറയുന്നു.

പെലെ, റൊമാരിയോ, ഡീഗോ മറഡോണ, ബ്രസീല്‍താരം റൊണാള്‍ഡോ, സിനദിന്‍ സിദാന്‍ എന്നിവരാണ് റൊമാരിയോയുടെ ലിസ്റ്റിലുള്ള എക്കാലത്തെയും മികച്ച ഫുട്‌ബോളര്‍മാര്‍. പെലെയ്ക്ക് തൊട്ടുതാഴെ തന്റെ പേര്‍ ഉള്‍പ്പെടുത്തിയത് റൊമാരിയോയുടെ കടന്ന കൈയ്യാണെന്ന് ഫുട്‌ബോള്‍ വിദഗ്ധര്‍ പറയുന്നത്. ചിലര്‍ റൊമാരിയോയുടെ തെരഞ്ഞെടുപ്പിനെ തമാശയെന്നും കളിയാക്കി.
1990 കാലഘട്ടത്തിലെ മികച്ച സ്‌ട്രൈക്കര്‍മാരിലൊരാളാണ് റൊമാരിയോ. ക്ലബ്ബ് ഫുട്‌ബോളില്‍ ബാഴ്‌സലോണയ്ക്കുവേണ്ടിയും, പിഎസ്‌വി ഐന്തോവനുവേണ്ടിയും കളിച്ചിട്ടുണ്ട്. വിരമിച്ചശേഷം ബ്രസീല്‍ രാഷ്ട്രീയത്തില്‍ സജീവമായ റൊമാരിയോ 2014ല്‍ രാജ്യത്ത് നടന്ന ഫുട്‌ബോള്‍ ലോകകപ്പിനെതിരെ രംഗത്തെത്തിയിരുന്നു.