സാവോപോളോ: നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ കുടുങ്ങിയ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറിന്റെ സ്വത്തുക്കള്‍ കോടതി മരവിപ്പിച്ചു. 50 മില്യണ്‍ ഡോളറിന്റെ സ്വത്തുക്കള്‍ ആണ് മരവിപ്പിച്ചിരിക്കുന്നത്. താരത്തിന്റെ കോടിക്കണക്കിന് രൂപ വിലവരുന്ന ജെറ്റ് വിമാനം, ഉല്ലാസ ബോട്ട് എന്നിവയുള്‍പ്പടെ സ്വത്തുക്കള്‍ ഇതില്‍പ്പെടും.
ബാഴ്‌സലോണയ്ക്കു മുന്‍പ് ബ്രസീലിയന്‍ ക്ലബ്ബായ സാന്റോസില്‍ കളിച്ച 2011-13 കാലയളവില്‍ നെയ്മര്‍ 16 മില്യണ്‍ ഡോളറിന്റെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് കേസ്. താരത്തിന്റെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനാല്‍ നെയ്മറിന്റെ പിതാവ് നെയ്മര്‍ സീനിയര്‍ക്കെതിരെയും നികുതിവെട്ടിപ്പ് കേസ് നിലവിലുണ്ട്.

നികുതി കേസുമായി ബന്ധപ്പെട്ട മുഴുവന്‍ തുകയും നെയ്മര്‍ അടയ്ക്കുന്ന പക്ഷം കേസില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കുമെങ്കിലും താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് നെയ്മറിന്റെ പക്ഷം. കേസ് തോല്‍ക്കുകയാണെങ്കില്‍ നെയ്മര്‍ ജയിലിലേക്ക് പോകേണ്ടി വരുമെന്ന് ബ്രസീലിയന്‍ ഫെഡറല്‍ ടാക്‌സ് ഏജന്‍സി ഓഡിറ്റര്‍ ലഗാരോ ജംഗ് മാര്‍ട്ടിന്‍സ് പറഞ്ഞു.
നെയ്മര്‍ ബാഴ്‌സലോണയിലേക്ക് ചേക്കേറുമ്പോള്‍ നല്‍കിയ തുകയുമായി ബന്ധപ്പെട്ട് സ്‌പെയിനിലും കേസ് നിലവിലുണ്്. ഈ കേസില്‍ നെയ്മറിനേയും പിതാവിനേയും മുന്‍ ബാഴ്‌സലോണ പ്രസിഡന്റിനേയും ചോദ്യം ചെയ്തിരുന്നു. സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ പേരിലും സമാനമായ നികുതിവെട്ടിപ്പ് കേസ് കോടതിയില്‍ നടക്കുകയാണ്.