കപ്പ് തിരിച്ചുപിടിക്കാന്‍ മഞ്ഞപ്പട റെഡി, ഇതാ ബ്രസീല്‍ ലോകകപ്പ് ടീം...
സാവോപോളോ: വിശ്വകിരീടം തിരിച്ചുപിടിക്കാന്‍ ബ്രസീലിന്റെ പടയൊരുക്കം. അഞ്ചു തവണ ലോകകപ്പില്‍ മുത്തമിട്ട് റെക്കോര്‍ഡിട്ട മഞ്ഞപ്പട ഈ വര്‍ഷം റഷ്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ കിരീടം തിരിച്ചുപിടിക്കാനുള്ള തയ്യാറെടുപ്പിലാണ്.
2014ല്‍ നാട്ടില്‍ നടന്ന ലോകകപ്പിന്റെ സെമി ഫൈനലില്‍ ജര്‍മനിയോടേറ്റ വന്‍ തോല്‍വി മറക്കാന്‍ ബ്രസീലിന് ഇത്തവണ ലോകിരീടം നേടിയേ തീരൂ. സെമി ഫൈനലില്‍ ജര്‍മനിക്കു മുന്നില്‍ മഞ്ഞപ്പട 1-7ന് തകര്‍ന്നടിയുകയായിരുന്നു. ലോകകപ്പില്‍ ചരിത്രത്തിലെ തന്നെ ബ്രസീലിന്റെ ഏറ്റവും ദയനീയ തോല്‍വിയായിരുന്നു ഇത്.
റഷ്യന്‍ ലോകകപ്പിനുള്ള ബ്രസീല്‍ പ്ലെയിങ് ഇലവനില്‍ ആരൊക്കെയുണ്ടാവുമെന്ന് കോച്ച് ടിറ്റെ തീരുമാനിച്ചു കഴിഞ്ഞു. ലോകകപ്പിനുള്ള 15 അംഗ ടീമിനെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തു. ശേഷിക്കുന്ന എട്ടു പേരെ തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ ലോകകപ്പിനുള്ള ബ്രസീല്‍ സംഘം റെഡിയാവും.

നെയ്മര്‍, കുട്ടീഞ്ഞോ, പൗലിഞ്ഞോ
സൂപ്പര്‍ താരം നെയ്മര്‍ തന്നെയാണ് റഷ്യന്‍ ലോകകപ്പില്‍ ബ്രസീല്‍ ആക്രമണത്തിന് ചുക്കാന്‍ പിടിക്കുക. ബാഴ്‌സലോണയുടെ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ഫിലിപ്പെ കുട്ടീഞ്ഞോ, മറ്റൊരു ബാഴ്‌സ മിഡ്ഫീല്‍ഡര്‍ പൗലിഞ്ഞോ എന്നിവരെല്ലാം ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു.
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച വച്ച അതേ ടീമിനെ തന്നെ കോച്ച് ടിറ്റെ നിലനിര്‍ത്തിയിട്ടുണ്ട്.

എസ്എജിയില്‍ നിന്നു നാലു പേര്‍
ഫ്രാന്‍സിലെ ഗ്ലാമര്‍ ക്ലബ്ബായ പിഎസ്ജിയില്‍ നിന്നാണ് കൂടുതല്‍ പേര്‍ ലോകകപ്പ് ടീമില്‍ ഇടംപിടിച്ചത്. നെയ്മറെക്കൂടാതെ മുന്‍ ബ്രസീല്‍ ക്യാപ്റ്റന്‍ തിയാഗോ സില്‍വ, മാര്‍ക്വിഞ്ഞോസ്, ഡാനി ആല്‍വസ് എന്നിവരും ലോകകപ്പ് ടീമിലുണ്ട്.
റയല്‍ മാഡ്രിഡില്‍ നിന്നു കസേമിറോയും മാര്‍സെലോയും ലിവര്‍പൂളില്‍ നിന്നും റോബര്‍ട്ടോ ഫിര്‍മിനോയും മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും ഗബ്രിയേല്‍ ജീസസും ഫെര്‍ണാണ്ടീഞ്ഞോയും തിരഞ്ഞെടുക്കപ്പെട്ടു.

മറ്റു താരങ്ങള്‍
യൂറോപ്പിലെ മറ്റു പ്രമുഖ ക്ലബ്ബുകളിലും ചൈനീസ് ക്ലബ്ബുകളിലും കളിക്കുന്നവരും ലോകകപ്പ് ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇന്റര്‍മിലാന്റെ മിറാന്‍ഡ, എഎസ് റോമ ഗോള്‍കീപ്പര്‍ അലിസണ്‍, ബെയ്ജിങ് സിനോബോ താരം റെനറ്റോ അഗസ്‌റ്റോ, ചെല്‍സി വിങര്‍ വില്ല്യന്‍ എന്നിവരും ലോകകപ്പില്‍ ടീമില്‍ സ്ഥാനമുറപ്പിച്ചവരാണ്.

എവിടെ ഓസ്‌കര്‍?
കഴിഞ്ഞ ലോകകപ്പില്‍ ബ്രസീലിനു വേണ്ടി മിന്നുന്ന പ്രകടനം നടത്തിയ മിഡ്ഫീല്‍ഡര്‍ ഓസ്‌കറിനെ 15 അംഗ സാധ്യതാ ടീമില്‍ കോച്ച് ടിറ്റെ ഉള്‍പ്പെടുത്തിയിട്ടില്ല. നിലവില്‍ ചൈനീസ് ക്ലബ്ബായ ഷാങ്ഹായ് എസ്‌ഐപിജിക്കു വേണ്ടിയാണ് താരം കളിക്കുന്നത്. ചെല്‍സിയില്‍ നിന്നും ചൈനീസ് ക്ലബ്ബിലേക്ക് കൂടുമാറിയ ശേഷം ഓസ്‌കറിന്റെ കരിയറില്‍ വന്‍ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.
എന്നാല്‍ എട്ടു പേരെ കൂടി ഇനി ലോകകപ്പ് സംഘത്തിലേക്ക് ടിറ്റെ തിരഞ്ഞെടുക്കാനുള്ളതിനാല്‍ ഓസ്‌കറിന്റെ പ്രതീക്ഷ പൂര്‍ണമായും അവസാനിച്ചിട്ടില്ല.

ആരൊക്കെ ടീമിലെത്തും?
ഇനി ആരെയൊക്കെ ടീമിലുള്‍പ്പെടുത്തുമെന്നതിനെക്കുറിച്ച് ടിറ്റെ കൃത്യമായ മറുപടി നല്‍കിയില്ല. അടുത്ത മൂന്ന മാസത്തെ പ്രകടനം കൂടി പരിഗണിച്ചാവും ശേഷിക്കുന്ന എട്ടു പേരെ കൂടി തിരഞ്ഞെടുക്കുകയെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ജൂണ്‍ 14നാണ് റഷ്യന്‍ ലോകകപ്പിന് തുടക്കമാവുന്നത്. കോസ്റ്ററിക്ക, സ്വിറ്റ്‌സര്‍ലന്‍ഡ്, സെര്‍ബിയ എന്നിവരുള്‍പ്പെട്ട ഗ്രൂപ്പിലാണ് ബ്രസീലിന്റെ സ്ഥാനം. ലോകകപ്പിനു മുമ്പ് മേയ് അവസാനത്തോടെ റഷ്യ, ജര്‍മനി എന്നിവരുമായി ബ്രസീല്‍ സൗഹൃദമല്‍സരം കളിക്കുന്നുണ്ട്.

ഇവര്‍ സ്ഥാനമുറപ്പിച്ചു
ലോകകപ്പിനുള്ള ബ്രസീലിന്റെ 15 സംഘം ഇങ്ങനെ:
നെയ്മര്‍, ഫിലിപ്പെ കുട്ടീഞ്ഞോ, ഗബ്രിയേല്‍ ജീസസ്, കസേമിറോ, പൗലിഞ്ഞോ, റെനറ്റോ അഗസ്‌റ്റോ, ഡാനി ആല്‍വസ്, മാര്‍ക്വിഞ്ഞോസ്, മിറാന്‍ഡ, മാര്‍സെലോ, അലിസണ്‍ (പ്ലെയിങ് ഇലവന്‍)
പകരക്കാര്‍: ഫെര്‍ണാണ്ടീഞ്ഞോ, വില്ല്യന്‍, തിയാഗോ സില്‍വ, ഫിര്‍മിനോ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications