റിയോ ഡി ജനെയ്‌റോ: അടുത്തമാസം റഷ്യയില്‍ ആരംഭിക്കാനിരിക്കുന്ന ഫിഫ ലോകകപ്പിനുള്ള പരിശീലന തയ്യാറെടുപ്പുകള്‍ ബ്രസീല്‍ ആരംഭിച്ചു. റിയോ ഡി ജനെയ്‌റോയില്‍ നിന്ന് 91 കിലോ മീറ്റര്‍ അകലെയുള്ള ടൊറസോപോലിസ് ടൗണിലാണ് ലോകകപ്പിനുള്ള ആദ്യഘട്ട പരിശീലനം ആരംഭിക്കുന്നത്. അതിനു മുന്നോടിയായി ലോകകപ്പിനുള്ള 16 അംഗ ബ്രസീലിയന്‍ താരങ്ങള്‍ ടൊറസോപോലിസ് ടൗണിലെ പരിശീലന കേന്ദ്രത്തില്‍ എത്തി.
പല രാജ്യങ്ങളിലുമായി ഏതാണ്ട് ഒരു മാസം നീണ്ടുനില്‍ക്കുന്ന പരിശീലനമാണ് മഞ്ഞപ്പട സംഘടിപ്പിക്കുന്നത്. ആറാം ലോകകിരീടം ലക്ഷ്യമിട്ടാണ് ബ്രസീല്‍ റഷ്യന്‍ ലോകകപ്പിന് തയ്യാറെടുക്കുന്നത്. ജൂണ്‍ 17ന് സ്വിറ്റ്‌സര്‍ലന്‍ഡുമായാണ് റഷ്യന്‍ ലോകകപ്പിലെ ബ്രസീലിന്റെ ആദ്യ മല്‍സരം.

മാര്‍ക്വീഞ്ഞോ, ഫിലിപ് ലൂയിസ്, ഫ്രെഡ്, സൂപ്പര്‍താരം നെയ്മര്‍, ഗാബ്രിയേല്‍ ജീസസ് എന്നിവരാണ് ആദ്യഘട്ടം ടൊറസോപോലിസ് ടൗണിലെ പരിശീലന കേന്ദ്രത്തിലെത്തിയത്. ബ്രസീലിയന്‍ പരിശീലകന്‍ ടിറ്റെയും ടീമിനൊപ്പം ഇവിടെ എത്തിയിട്ടുണ്ട്..
അതേസമയം, മാര്‍സെലോ, കസെമിറോ, റോബര്‍ട്ടോ ഫിര്‍മിനോ എന്നിവര്‍ ബ്രസീലിയന്‍ ടീമിനൊപ്പം ചേര്‍ന്നിട്ടില്ല. ശനിയാഴ്ച നടക്കുന്ന റയല്‍ മാഡ്രിഡും ലിവര്‍പുളും തമ്മിലുള്ള യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനലിനു ശേഷമാവും ഈ താരങ്ങള്‍ ബ്രസീലിയന്‍ ടീമിനൊപ്പം ചേരുക.
ഒരാഴ്ചത്തെ പരിശീലനത്തിനു ശേഷം ബ്രസീല്‍ ലണ്ടനിലേക്ക് തിരിക്കും. അവിടെ 12 ദിവസം പരിശീലനം നടത്തിയതിനു ശേഷം ടീം വിയന്നയിലേക്ക് പുറപ്പെടും.. ജൂണ്‍ മൂന്നിന് ക്രൊയേഷ്യക്കെതിരേയും ജൂണ്‍ 10ന് ഓസ്ട്രിയക്കെതിരേയും ബ്രസീല്‍ സൗഹൃദം മല്‍സരവും കളിക്കുന്നുണ്ട്.