ബെര്‍ലിന്‍: ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ ബൊറുസിയ ഡോട്മുണ്ടിന് സമനില. പത്ത് പേരുമായി കളിച്ചാണ് ബൊറുസിയ ഹോഫന്‍ഹെയിമിനെതിരെ സമനില പിടിച്ചെടുത്തത് (2-2). പതിനഞ്ച് മത്സരങ്ങളില്‍ 26 പോയിന്റുമായി ഡോട്മുണ്ട് അഞ്ചാം സ്ഥാനത്താണിപ്പോള്‍. ഏഴ് പോയിന്റ് മുകളിലാണ് ഒന്നാം സ്ഥാനക്കാരായ ബയേണ്‍ മ്യൂണിക്.
ലീഗില്‍ അപരാജിതരായി മുന്നേറുകയാണ് ഹോഫെന്‍ഹെയിം. 27 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഹോഫെയിന്‍ഹെയിം. ആദ്യ പകുതിക്ക് തൊട്ട് മുമ്പാണ് ഡോട്മുണ്ട് താരം മാര്‍കോ റ്യൂസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്. കരിയറില്‍ ആദ്യമായിട്ടാണ് റ്യൂസ് ചുവപ്പ് കാര്‍ഡ് കാണുന്നത്.

മൂന്നാം മിനുട്ടില്‍ മാര്‍ക് ഉതിലൂടെ മുന്നിലെത്തിയ ഹോഫെന്‍ഹെയിമിനെ മരിയോ ഗോസെയിലൂടെ പതിനൊന്നാം മിനുട്ടില്‍ ഡോട്മുണ്ട് സമനില പിടിച്ചു. ഇരുപതാം മിനുട്ടില്‍ വാഗ്നറിലൂടെ ഹോഫന്‍ഹെയിം വീണ്ടും മുന്നിലെത്തി (2-1). ശേഷമാണ് റ്യൂസിനെ നഷ്ടമാകുന്നത്. പത്ത് പേരുമായി തോല്‍വിയിലേക്ക് നീങ്ങവെയാണ് വീരോചിതമായി ഓബമെയാംഗിന്റെ ഗോള്‍ വരുന്നത്. നാല്‍പ്പത്തെട്ടാം മിനുട്ടിലായിരുന്നു ഇത്.