ഐഎസ്എല്ലില്‍ എടികെയും ബെംഗളുരുവും ഏറ്റുമുട്ടാനിറങ്ങുന്നു
കൊല്‍ക്കത്ത: ഐഎസ്എല്‍ ആറാം സീസണിലെ തങ്ങളുടെ അവസാന ലീഗ് മത്സരത്തില്‍ എടികെയും ബെംഗളുരു എഫ്‌സിയും ഏറ്റുമുട്ടാനിറങ്ങുന്നു. രണ്ടും മൂന്നും സ്ഥാനത്തുള്ളവര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ഫലം കൊല്‍ക്കത്തയെ ബാധിക്കില്ലെങ്കിലും പ്ലേ ഓഫിലെ നാലാം സ്ഥാനക്കാരാകാതിരിക്കാന്‍ ബെംഗളരുവിന് ജയം അനിവാര്യമാണ്. ബെംഗളുരു തോല്‍ക്കുകയോ സമനിലയിലാകുകയോ ചെയ്താല്‍ നിലവില്‍ നാലാം സ്ഥാനത്തുള്ള ചെന്നൈയ്ക്ക് അവസാന മത്സരത്തിലെ ജയത്തിലൂടെ മൂന്നാം സ്ഥാനത്തെത്താം. ബെംഗളുരുവിന്റെ മൈതാനത്ത് രാത്രി 7.30നാണ് മത്സരം.
അവസാന മത്സരങ്ങളില്‍ സ്ഥിരതകാട്ടാനാകാത്തതാണ് ബെംഗളുരുവിന് തിരിച്ചടിയായത്. അവസാന അഞ്ച് കളികളില്‍ രണ്ട് ജയം മാത്രമേ നിലവിലെ ചാമ്പ്യന്മാര്‍ക്ക് നേടാന്‍ കഴിഞ്ഞിട്ടുള്ളൂ. പ്ലേ ഓഫ് ഉറപ്പിച്ചെങ്കിലും ലീഗിലെ മൂന്നാം സ്ഥാനം ഉറപ്പിക്കാന്‍ എടികെയ്‌ക്കെതിരെ ജയം അനിവാര്യമാണ്. 17 കളിയില്‍ നിന്നും 29 പോയന്റുള്ള ബെംഗളുരുവിന് 28 പോയന്റുള്ള ചെന്നൈയിനാണ് ഭീഷണിയുയര്‍ത്തുക. സസ്‌പെന്‍ഷനിലായിരുന്ന സുനില്‍ ഛേത്രിയും ജുവാനനും ടീമിലേക്ക് തിരിച്ചെത്തുന്നത് ബെംഗളുരുവിന് പ്രതീക്ഷയേകുന്നു.

സീസണില്‍ മികച്ച പ്രകടനം നടത്തിയ എടികെ അവസാന മത്സരത്തിലും ജയിച്ച് പ്ലേ ഓഫിനൊരുങ്ങാനാകും ഇറങ്ങുക. ചെന്നൈയിനോട് 3-1ന് തോറ്റശേഷം ബെംഗളുരുവില്‍ ഇറങ്ങുന്ന മുന്‍ ചാമ്പ്യന്മാരെ കടുത്ത പോരാട്ടമാണ് കാത്തിരിക്കുന്നത്. ടോപ് സ്‌കോറര്‍ റോയ് കൃഷ്ണയാണ് ടീമിന്റെ തുറുപ്പുചീട്ട്. കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ അനസ് ഇടത്തൊടിക ടീമിന് പുറത്താണ്. സസ്‌പെന്‍ഷനെ തുടര്‍ന്ന് ജാവിയര്‍ ഹെര്‍ണാണ്ടസും കളിക്കില്ല. ഡേവിഡ് വില്യംസ് പകരക്കാരനാകും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications