ബെംഗളുരു: ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ കാത്തിരുന്ന നിമിഷം പിറന്നു. ആദ്യമായി ഒരു ഇന്ത്യന്‍ ക്ലബ്ബ് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍സ് (എ എഫ് സി) കപ്പിന്റെ ഫൈനലില്‍.
ബെംഗളുരു എഫ് സിയാണ് ചരിത്രം കുറിച്ച് ഫൈനലില്‍ ഇടം നേടിയത്. മലേഷ്യന്‍ ക്ലബ്ബായ ജൊഹൊര്‍ ദാറുല്‍ ടാസിമിനെ സെമിഫൈനലില്‍ ഇരുപാദത്തിലുമായി 4-2ന് തോല്‍പ്പിച്ചു. ആദ്യപാദം മലേഷ്യയില്‍ 1-1ന് ഡ്രോ പിടിച്ച ബെംഗളുരു ഇന്ന് നടന്ന രണ്ടാം സെമിയില്‍ ഹോംഗ്രൗണ്ടില്‍ 3-1ന് തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്.

ക്യാപ്റ്റന്‍ സുനില്‍ ഛേത്രി രണ്ട് ഗോളുകള്‍ (41, 66) നേടി വിജയശില്പിയായി. എഴുപത്തഞ്ചാം മിനുട്ടില്‍ ജുവാനന്‍ ഹെഡറിലൂടെ മൂന്നാം ഗോള്‍ നേടി. പതിനൊന്നാം മിനുട്ടില്‍ സഫീഖ് റഹീമിലൂടെ ആദ്യം ഗോളടിച്ചത് ജെ ഡി ടി എഫ് സിയാണ്. നിലവിലെ ചാമ്പ്യന്‍മാര്‍ 2-1ന് ഇരുപാദ സ്‌കോറിംഗില്‍ മുന്നിലെത്തിയതോടെ ഇന്ത്യക്കാര്‍ ഞെട്ടി. എന്നാല്‍, ഛേത്രിയിലൂടെ ബെംഗളുരു ചരിത്രപരമായ തിരിച്ചുവരവ് നടത്തി.
നവംബര്‍ അഞ്ചിന് നടക്കുന്ന ഫൈനലില്‍ ഇറാഖ് ടീമിനെ നേരിടും.