ബെംഗളൂരു: ഐഎസ്എല്ലിന്റെ അഞ്ചാം സീസണിലെ രണ്ടാമത്തെ മല്‍സരത്തില്‍ നിലവിലെ ചാംപ്യന്മാരായ ചെന്നൈയ്ന്‍ എഫ്‌സിക്ക് തോല്‍വിയോടെ തുടക്കം. കഴിഞ്ഞ സീസണിലെ ഫൈനലിന്റെ റീപ്ലേയില്‍ കരുത്തരായ ബെംഗളൂരു എഫ്‌സി ഏകപക്ഷീയമായ ഒരു ഗോളിന് ചെന്നൈയെ വീഴ്ത്തുകയായിരുന്നു. കഴിഞ്ഞ ഫൈനലിലേറ്റ തോല്‍വിക്ക് ബെംഗളൂരു ഇതോടെ കണക്കുതീര്‍ക്കുകയും ചെയ്തു. ഹോംഗ്രൗണ്ടായ ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ ചെന്നൈയെ ബെംഗളൂരു തോല്‍പ്പിക്കുന്നതും ഇതാദ്യമായാണ്.
41ാം മിനിറ്റില്‍ വെനസ്വേല ഗോള്‍മെഷീന്‍ മിക്കുവിന്റെ വണ്ടര്‍ ഗോളാണ് മല്‍സരവിധി നിര്‍ണയിച്ചത്. ലോകോത്തര നിലവാരമുള്ളതായിരുന്നു ഈ ഗോള്‍. സിസ്‌കോ വലതു വിങില്‍ നിന്നും നല്‍കിയ ത്രൂബോള്‍ ബോക്‌സിലേക്ക് ഓടിക്കയറിയ മിക്കു മിസൈല്‍ ഷോട്ടിലൂടെ അടിച്ചുകയറ്റിയപ്പോള്‍ ഗോളിക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. കളിയുടെ ഗതിക്ക് വിപരീതമായിരുന്നു ഈ ഗോള്‍. മല്‍സരത്തില്‍ ചെന്നൈക്കായിരുന്നു ഒന്നാംപകുതിയില്‍ മുന്നില്‍. എന്നാല്‍ ഗോള്‍ നേടാന്‍ ലഭിച്ച രണ്ടു സുവര്‍ണാവസരങ്ങള്‍ ചെന്നൈ സ്‌ട്രൈക്കര്‍ ജെജെ ലാല്‍പെഖുല പാഴാക്കുകയായിരുന്നു.

കഴിഞ്ഞ സീസണിലെ ഫൈനലിന്റെ റീപ്ലേ കൂടിയാണ് ഈ പോരാട്ടം. അന്നു ബെംഗളൂരുവിനെ തകര്‍ത്താണ് ചെന്നൈ ജേതാക്കളായത്. കളിയുടെ ആദ്യ 10 മിനിറ്റ് ചെന്നൈക്കുമേല്‍ ബെംഗളൂരു കത്തിക്കയറുന്നതാണ് കണ്ടത്. അറ്റാക്കിങ് ഫുട്‌ബോളിലൂടെ ബെഗംളൂരു ചെന്നൈയെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കി. എന്നാല്‍ പതിയെ താളം വീണ്ടെടുത്ത ചെന്നൈ ഇതേ നാണയത്തില്‍ തിരിച്ചടിച്ചതോടെ പോരാട്ടം തീപാറി. മികച്ച ചില ഗോളവസരങ്ങളാണ് ചെന്നൈക്കു ലഭിച്ചത്. ആദ്യ അര മണിക്കൂറിനുള്ളില്‍ ടീമിനെ മുന്നിലെത്തിക്കാനുള്ള രണ്ടു സുവര്‍ണാവസരങ്ങള്‍ ഇന്ത്യന്‍ സ്‌ട്രൈക്കര്‍ കൂടിയായ ജെജെ ലാല്‍പെഖുല പാഴാക്കി.
19ാം മിനിറ്റിലാണ് ജെജെയ്ക്ക് ആദ്യ ഗോളവസരം വീണു കിട്ടിയത്. മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ നെല്‍സണ്‍ ബോക്‌സിനുള്ളിലേക്ക് നല്‍കിയ ത്രൂബോള്‍ ജെജെ സ്വീകരിക്കുമ്പോള്‍ മുന്നില്‍ ഗോളി മാത്രം. എന്നാല്‍ ജെജെയുടെ ദുര്‍ബലമായ ഇടംകാല്‍ ഷോട്ട് വലതു പോസ്റ്റിന് അരികിലൂടെ പുറത്തുപോയി. 33ാം മിനിറ്റില്‍ ഓപ്പണ്‍ ചാന്‍സും ജെജെ കളഞ്ഞുകുളിച്ചു. ബെക്കെയുടെ ബാക്ക് പാസ് ഗോളി ക്ലിയര്‍ ചെയ്യുംമുമ്പ് ഓടിക്കയറി പന്ത് തട്ടിയെടുത്ത ജെജെ ഒഴിഞ്ഞ പോസ്റ്റ് മുന്നില്‍ നില്‍ക്കെ നഷ്ടപ്പെടുത്തി.
രണ്ടാംപകുതിയില്‍ ഇരുടീമിനും ഗോള്‍ നേടാന്‍ ചില മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ മാത്രം നേടാനായില്ല. ബെംഗളൂരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്ക് രണ്ടാംപകുതിയില്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ലീഡുയര്‍ത്താന്‍ അവസരം കിട്ടിയെങ്കിലും ഡിഫന്‍ഡറുടെ ഇടപെടല്‍ ചെന്നൈയെ രക്ഷിക്കുകയായിരുന്നു.
{document1}