ഐഎസ്എല്‍: തെളിയാതെ ഡൈനാമോസ്, ആദ്യ ജയം നീളുന്നു... ബെംഗളൂരു കുതിക്കുന്നു

ബെംഗളൂരു: ഐഎസ്എല്ലില്‍ സീസണിലെ ആദ്യ ജയത്തിനായി ഡല്‍ഹി ഡൈനാമോസിന്റെ കാത്തിരിപ്പ് തുടരുമ്പോള്‍ ബെംഗളൂരു എഫ്‌സി വിജയക്കുതിപ്പ് തുടരുകയാണ്. ഹോംഗ്രൗണ്ടില്‍ നടന്ന കളിയില്‍ ഡല്‍ഹിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബെംഗളൂരു മറികടന്നത്. മല്‍സരം ഗോള്‍രഹിത സമനിലയിലേക്കു നീങ്ങുമെന്നിരിക്കെയാണ് നിശ്ചിത സമയം തീരാന്‍ മൂന്നു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ഉദാന്ത സിങിലൂടെ ബെംഗളൂരു വിജയഗോള്‍ നിക്ഷേപിക്കുന്നത്. ഛേത്രിയുടെ നീക്കത്തിനൊടുവില്‍ ലഭിച്ച പന്ത് ഉദാന്ത മികച്ചൊരു ഷോട്ടിലൂടെ വലയിലേക്കു പായിക്കുകയായിരുന്നു.
കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ ബെംഗളൂരു അര്‍ഹിച്ച ജയം കൂടിയായിരുന്നു ഇത്. നിഷു കുമാറായിരുന്നു ബെംഗളൂരുവിന്റെ ഹീറോ. കളം നിറഞ്ഞു കളിച്ച നിഷു തന്നെയാണ് പ്ലെയര്‍ ഓഫ് ദി മാച്ചും. തോറ്റെങ്കിലും ഡല്‍ഹിയുടെ പ്രകടനം മോശമായിരുന്നില്ല. മികച്ച ചില നീക്കങ്ങളിലൂടെ അവര്‍ ബെംഗളൂരുവിനെ പ്രതിരോധത്തിലാക്കിയെങ്കിലും ഫിനിഷിങിലെ പാളിച്ചകള്‍ അവര്‍ക്കു പലപ്പോഴും വിനയായി.
ഈ കളിയില്‍ നേടിയ ജയത്തോടെ എഫ്‌സി ഗോവയെ പിന്തള്ളി ബെംഗളുരു ലീഗില്‍ തലപ്പത്തേക്കു കയറി. ഏഴു മല്‍സരങ്ങളില്‍ നിന്നും ആറു ജയവും ഒരു സമനിലയുമടക്കം 19 പോയിന്റുമായാണ് ബെംഗളൂരു ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. സീസണില്‍ പരാജയമറിയാത്ത ഏക ടീമും ബെംഗളൂരു തന്നെയാണ്. എന്നാല്‍ ഒമ്പത് മല്‍സരങ്ങളില്‍ നിന്നു സമനിലയും അഞ്ചു തോല്‍വിയുമടക്കം അവസാനസ്ഥാനത്താണ് ഡല്‍ഹി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications