മിലാന്‍: ഗോള്‍ഡന്‍ ബോയ് ! യൂറോപ്പിലെ മികച്ച യുവതാരത്തിന് ഇറ്റലിയിലെ പത്രം ടുട്ടോസ്‌പോര്‍ട്‌സ് 2003 ല്‍ ഏര്‍പ്പെടുത്തിയ ഈ പുരസ്‌കാരം അണ്ടര്‍ 21 താരങ്ങളെ ഉദ്ദേശിച്ചുള്ളതാണ്. ഇത്തവണ അവാര്‍ഡ് ബയേണ്‍ മ്യൂണിക്കിന്റെ പോര്‍ച്ചുഗീസ് മിഡ്ഫീല്‍ഡര്‍ റെനാറ്റോ സാഞ്ചസിന്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ മാര്‍കസ് റാഷ്‌ഫോഡിനെയാണ് സാഞ്ചസ് പിറകിലാക്കിയത്.
വെയിന്‍ റൂണി, റഹീം സ്റ്റെര്ിംഗ്, ലയണല്‍ മെസി, സെര്‍ജിയോ അഗ്യുറോ എന്നിവര്‍ ഈ പുരസ്‌കാരം നേടിയ പ്രമുഖരാണ്. യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നായി മുപ്പത് ജേര്‍ണലിസ്റ്റുകളാണ് വോട്ടിംഗില്‍ പങ്കെടുക്കുക. ജേതാവിനെ ഇറ്റാലിയന്‍ പത്രം ടുട്ടോസ്‌പോര്‍ട് പ്രഖ്യാപിക്കുന്നത് ആദ്യ പേജില്‍ മാസ്റ്റര്‍ഹെഡിന് താഴെ വലിയ പ്രാധാന്യത്തോടെ വാര്‍ത്ത നല്‍കിക്കൊണ്ടാണ്.

ജര്‍മന്‍ ബുണ്ടസ് ലിഗ ചാമ്പ്യന്‍മാരായ ബയേണിനായി സീസണില്‍ എട്ട് മത്സരങ്ങളിലാണ് സാഞ്ചസ് കളിച്ചത്. പോര്‍ച്ചുഗലിനായി പതിനൊന്ന് രാജ്യാന്തര മത്സരങ്ങളും കളിച്ചു. യൂറോ 2016 ല്‍ സാഞ്ചസ് കളിക്കാനിറങ്ങുമ്പോള്‍ പ്രായം പതിനെട്ട്. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ് കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോര്‍ഡും സാഞ്ചസ് സ്വന്തമാക്കി.