മ്യൂണിക്: ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ ബയേണ്‍ മ്യൂണിക്കിന് സമനില, ബൊറൂസിയ ഡോട്മുണ്ടിന് ജയം. രണ്ടാം സ്ഥാനത്തുള്ള ആര്‍ ബി ലൈപ്ഷിഷ് തോറ്റു. ബൊറൂസിയ ഡോട്മുണ്ടാണ് ലൈപ്ഷിഷിനെ വീഴ്ത്തിയത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബൊറൂസിയയുടെ ജയം. ബയേണാകട്ടെ ഹോം ഗ്രൗണ്ടില്‍ എഫ് സി ഷാല്‍ക്കെയുമായി സമനിലയായി (1-1).
പത്തൊമ്പത് റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ ബുണ്ടസ് ലിഗ ടേബിളില്‍ ബയേണ്‍ 46 പോയിന്റുമായി ആധിപത്യം തുടരുന്നു. ലൈപ്ഷിഷ് (42), ബൊറുസിയ ഡോട്മുണ്ട് (34), ഹോഫെന്‍ഹെയിം (34), ഹെര്‍ത ബെര്‍ലിന്‍ (33) രണ്ട് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളില്‍.

ബയേണിനായി പോളിഷ് സ്‌ട്രൈക്കര്‍ റോബര്‍ട് ലെവന്‍ഡോസ്‌കി ഒമ്പതാം മിനുട്ടില്‍ ലീഡ് ഗോള്‍ നേടി. നാല് മിനുട്ടിനുള്ളില്‍ ഷാല്‍ക്കെ ഗോള്‍ മടക്കിയതോടെ മത്സരം ആവേശകരമായി. നാല്‍ഡോയാണ് ഷാല്‍ക്കെക്കായി സ്‌കോര്‍ ചെയ്തത്. സീസണില്‍ ലെവന്‍ഡോസ്‌കി പതിനഞ്ച് ഗോളുകളുമായി ജര്‍മനിയില്‍ ടോപ് സ്‌കോറര്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. ലൈപ്ഷിഷിനെതിരെ ബൊറൂസിയക്ക് വിജയഗോള്‍ നേടിയ പിയറി ഒബമെയാംഗ് പതിനേഴ് ഗോളുകളുമായി ഒന്നാം സ്ഥാനത്ത്.
ഗോള്‍ നില
ബയേണ്‍ മ്യൂണിക് 1-1 ഷാല്‍ക്കെ
എഫ് സി കൊളോണ്‍ 1-0 വോള്‍സ്ബര്‍ഗ്
ഗ്ലാഡ്ബാച് 3-0 ഫ്രീബര്‍ഗ്
ഹെര്‍ത ബെര്‍ലിന്‍ 1-0 ഇന്‍ഗോസ്റ്റാഡ്
ഹോഫെന്‍ഹെയിം 4-0 മെയിന്‍സ്
ബൊറുസിയ ഡോട്മുണ്ട് 1-0 ലൈപ്ഷിഷ്