ബാഴ്സലോണ: ട്രാന്‍സ്ഫര്‍ വാര്‍ത്തകളില്‍ നാടകീയ നീക്കങ്ങളിലൂടെ ഹീറോയായി മാറിയിരിക്കുകയാണ് ബ്രസീലിയന്‍ യുവതാരം മാല്‍ക്കം. അവസാന നിമിഷം നടത്തിയ നാടകീയ അട്ടിമറിയിലൂടെ മാല്‍ക്കമിനെ സ്പാനിഷ് അതികായന്മാരായ ബാഴ്സലോണ റാഞ്ചിയതാണ് ഫുട്ബോള്‍ ആരാധകരെ ഞെട്ടിച്ചത്. ഫ്രഞ്ച് ഫുട്ബോള്‍ ക്ലബ്ബായ ബോര്‍ഡെക്സില്‍ നിന്നാണ് 21 കാരനായ യുവ അറ്റാക്കിങ് മിഡ്ഫീല്‍ഡറും വിങറുമായ മാല്‍ക്കമിനെ ബാഴ്സ തങ്ങളുടെ കൂടാരത്തിലെത്തിച്ചത്.
ഇവരില്ലെങ്കില്‍ ടീമുകളുടെ കാര്യം കഷ്ടമാവും!! എന്തിനും തയ്യാര്‍... ടീമുകളുടെ തുറുപ്പുചീട്ടുകള്‍
ഇറ്റാലിയന്‍ ഗ്ലാമര്‍ ക്ലബ്ബായ എഎസ് റോമയിലേക്ക് കരാര്‍ ഒപ്പിടാനായി യാത്ര തിരിക്കുന്നതിന് മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കേയാണ് നാടകീയ നീക്കങ്ങളിലൂടെ ബാഴ്സ മാല്‍ക്കമിനെ സ്വന്തമാക്കിയത്. 36.5 മില്യണ്‍ യൂറോയ്ക്ക് അഞ്ചു വര്‍ഷത്തെ കരാറിലാണ് മാല്‍ക്കമിനെ ബാഴ്സ റാഞ്ചിയത്.
നേരത്തെ, റോമയുമായി മാല്‍ക്കം വാക്കല്‍ കരാറിലെത്തിയിരുന്നു. തുടര്‍ന്ന് വൈദ്യപരിശോധനയ്ക്ക് പുറപ്പെടാനിരിക്കെയാണ് താരത്തിനു വേണ്ടി ബാഴ്സ നാടകീയ നീക്കം നടത്തിയത്. റോമയേക്കാള്‍ കൂടുതല്‍ തുക വാഗ്ദാനം ചെയ്തതോടെ ബോര്‍ഡെക്സ് ബാഴ്സയ്ക്കു താരത്തെ വിട്ടുനല്‍കുകയായിരുന്നു. വാക്കാലുറപ്പിച്ച കരാറില്‍ നിന്ന് അപ്രതീക്ഷതമായി ബോര്‍ഡെക്സ് പിന്മാറിയതിനെതിരേ നടപടി സ്വീകരിക്കാന്‍ കഴിയുമോയെന്ന് ആലോചിക്കുകയാണ് റോമ.
ബാഴ്സയില്‍ ഏഴാം നമ്പറിലാണ് താരം കളിക്കുക. മുന്‍ കൊറീന്ത്യന്‍സ് താരമായ മാല്‍ക്കം ബോര്ഡെക്സിനു വേണ്ടി 84 മല്‍സരങ്ങളില്‍ നിന്ന് 20 ഗോളുകള്‍ നേടിയിട്ടുണ്ട്.