ചാംപ്യന്‍സ് ലീഗ്: മെസ്സി മാജിക്കില്‍ ബാഴ്‌സയ്ക്ക് തകര്‍പ്പന്‍ ജയം.... ഹാട്രിക്കില്‍ റെക്കോഡ്; മറികടന്നത് റൊണാള്‍ഡോയെ

ബാഴ്‌സലോണ: യുവേഫ ചാംപ്യന്‍സ് ലീഗിന്റെ പുതിയ സീസണില്‍ മുന്‍ ചാംപ്യന്‍മാരായ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം. സൂപ്പര്‍ താരവും ക്യാപ്റ്റനുമായ ലയണല്‍ മെസ്സി ഹാട്രിക്കുമായി മിന്നിയ മല്‍സരത്തില്‍ ബാഴ്‌സ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ഡച്ച് ചാംപ്യന്‍മാരായ പിഎസ്‌വി ഐന്തോവനെ തകര്‍ത്തുവിടുകയായിരുന്നു.
ഗ്രൂപ്പ് ബിയിലായിരുന്നു സ്പാനിഷ് ചാംപ്യന്‍മാരായ ബാഴ്‌സയുടെ ഉജ്ജ്വല ജയം. ഗ്രൂപ്പിലെ മറ്റൊരു ക്ലാസിക്ക് പോരാട്ടത്തില്‍ ഇറ്റാലിയന്‍ ലീഗ് മുന്‍ ചാംപ്യന്‍മാരായ ഇന്റര്‍മിലാന്‍ 2-1ന് പ്രീമിയര്‍ ലീഗ് ഗ്ലാമര്‍ ക്ലബ്ബായ ടോട്ടനം ഹോട്‌സ്പറിനെ പരാജയപ്പെടുത്തി.

ഫ്രീകിക്കില്‍ വീണ്ടും മെസ്സി മാജിക്ക്
കളിയുടെ 31ാം മിനിറ്റില്‍ തകര്‍പ്പന്‍ ഫ്രീകിക്കിലൂടെയാണ് മെസ്സി ഐന്തോവനെതിരേ ബാഴ്‌സയുടെ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. 2018ല്‍ മെസ്സി ഫ്രീകിക്കിലൂടെ നേടുന്ന എട്ടാം ഗോള്‍ കൂടിയാണിത്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഫ്രീകിക്കിലൂടെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം കൂടിയാണ് മെസ്സി.

ക്യാപ്റ്റനായപ്പോള്‍ തകര്‍പ്പന്‍ ഫോമില്‍
ആന്ദ്രെസ് ഇനിയേസ്റ്റയ്ക്കു പകരം ഈ സീസണിനു മുമ്പാണ് അര്‍ജന്റൈന്‍ സൂപ്പര്‍ താരം കൂടിയായ മെസ്സി ബാഴ്‌സയുടെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തത്. എന്നാല്‍, ക്യാപ്റ്റനായതിനു ശേഷം മെസ്സിയും ബാഴ്‌സയും തകര്‍പ്പന്‍ ഫോമിലാണ് കുതിപ്പ് നടത്തി കൊണ്ടിരിക്കുന്നത്.
ആറ് മല്‍സരങ്ങളില്‍ നിന്ന് ഇതിനോടകം ഏഴ് ഗോളുകള്‍ മെസ്സി ബാഴ്‌സയ്ക്കു വേണ്ടി നേടിക്കഴിഞ്ഞു. ചാംപ്യന്‍സ് ലീഗിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരില്‍ 103 ഗോളുമായി രണ്ടാം സ്ഥാനത്താണ് മെസ്സി. 120 ഗോളുമായി പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് തലപ്പത്ത്.

ഹാട്രിക്കില്‍ റെക്കോഡിട്ട് മെസ്സി
യുവേഫ ചാംപ്യന്‍സ് ലീഗ് ഹാട്രിക്കില്‍ റെക്കോഡിട്ടിരിക്കുകയാണ് മെസ്സി. ഐന്തോവനെതിരായ ഹാട്രിക്ക് പ്രകടനത്തോടെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെയാണ് മെസ്സി പിന്തള്ളിയത്.
ചാംപ്യന്‍സ് ലീഗില്‍ എട്ട് ഹാട്രിക്കുമായാണ് മെസ്സി റെക്കോഡ് നേട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ഏഴ് ഹാട്രിക്കാണ് റൊണാള്‍ഡോയുടെ പേരിലുള്ളത്. 31ാം മിനിറ്റിനു പുറമേ 77, 87 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോള്‍നേട്ടം. കരിയറില്‍ മെസ്സിയുടെ 48ാം ഹാട്രിക്ക് നേട്ടം കൂടിയാണിത്.
74ാം മിനിറ്റില്‍ ഉസ്മാനെ ഡെംബെലെയാണ് ബാഴ്‌സയുടെ മറ്റൊരു സ്‌കോറര്‍. ഐന്തോവനെതിരായ ഗോള്‍ നേട്ടത്തോടെ ചാംപ്യന്‍സ് ലീഗില്‍ 30 വ്യത്യസ്ഥ ടീമുകള്‍ക്കെതിരേ ഗോള്‍ നേടുന്ന മൂന്നാമത്തെ താരമായും മെസ്സി മാറി. റൗള്‍, ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമാണ് മെസ്സിക്ക് മുന്നിലുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications