
മാഡ്രിഡ്: കിങ്‌സ് കപ്പ് (കോപ്പാ ഡെല്‍ റേ) ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഒന്നാംപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണയ്ക്കു ഞെട്ടിക്കുന്ന തോല്‍വി. ഒന്നാംപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ സെവിയ്യയാണ് അവരുടെ മൈതാനത്ത് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു ബാഴ്‌സയെ കൊമ്പുകുത്തിച്ചത്. രണ്ടാം പകുതിയിലായയിരുന്നു രണ്ടു ഗോളുകളും. പാബ്ലോ സറാബിയ (58ാം മിനിറ്റ്), വിസാം ബെന്‍ യെഡര്‍ (76) എന്നിവരാണ് സെവിയ്യയുടെ സ്‌കോറര്‍മാര്‍.
ഇതിഹാസ താരം ലയണല്‍ മെസ്സിയടക്കമുള്ള പ്രമുഖര്‍ക്കു വിശ്രമം നല്‍കിയാണ് ബാഴ്‌സ ഈ മല്‍സരത്തിനിറങ്ങിയത്. മെസ്സിയുടെ അഭാവം സെവിയ്യ മുതലെടുക്കുകയും ചെയ്തു. കളിയിലുടനീളം മുന്‍തൂക്കമുണ്ടായിരുന്ന സെവിയ്യ അര്‍ഹിച്ച ജയം കൂടിയായിരുന്നു ഇത്. രണ്ടാംപകുതിയില്‍ ആക്രമണാത്മക ഫുട്‌ബോളിലൂടെ സെവിയ്യ ചാംപ്യന്‍മാരെ സ്തബ്ധരാക്കുകയായിരുന്നു. ലോണില്‍ ദിവസങ്ങള്‍ക്കു മുമ്പ് ടീമിലെത്തിയ കെവിന്‍ പ്രിന്‍സ് ബോട്ടെങ് ഈ മല്‍സരത്തിലൂടെ ബാഴ്‌സയ്ക്കു വേണ്ടി അരങ്ങറ്റം കുറിച്ചു.
അതേസമയം, ഇംഗ്ലീഷ് ലീഗ് കപ്പില്‍ കിരീട വേറിറ്റുകളായ മാഞ്ചസ്റ്റര്‍ സിറ്റി ഫൈനലിലേക്കു മുന്നേറി. രണ്ടാം പാദ സെമി ഫൈനലില്‍ ബേര്‍ട്ടന്‍ ആല്‍ബിയോണിനെ 1-0നാണ് സിറ്റി തോല്‍പ്പിച്ചത്. സെര്‍ജിയോ അഗ്വേറോയുടെ വകയായിരുന്നു വിജയഗോള്‍. ഇരുപാദങ്ങളിലുമായി 10-0ന്റെ വമ്പന്‍ ജയമാണ് സിറ്റി ആഘോഷിച്ചത്. ഒന്നാംപാദത്തില്‍ 9-0ന് ജയിച്ചപ്പോള്‍ തന്നെ സിറ്റി ഫൈനല്‍ ഉറപ്പിച്ചിരുന്നു.