റോണോയില്ല, മെസ്സിയും... ഗ്ലാമര്‍ കുറഞ്ഞ് എല്‍ ക്ലാസിക്കോ, നൂകാംപില്‍ ബാഴ്‌സയോ, റയലോ?

മാഡ്രിഡ്: ക്ലബ്ബ് ഫുട്‌ബോളിലെ ക്ലാസിക്കുകളുടെ ക്ലാസിക്ക് എന്നു വിശേഷിപ്പിക്കപ്പെടുന്ന ബാഴ്‌സലോണ- റയല്‍ മാഡ്രിഡ് എല്‍ ക്ലാസിക്കോയ്ക്കു ഞായറാഴ്ച വിസില്‍ മുഴങ്ങും. ഇന്ത്യന്‍ സമയം രാത്രി 8.45നാണ് സ്‌പെയിനിലെ ബദ്ധവൈരികള്‍ കൊമ്പുകോര്‍ക്കുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണത്തെ എല്‍ ക്ലാസിക്കോയുടെ ഗ്ലാമര്‍ കുറഞ്ഞിട്ടുണ്ട്.
ലോക ഫുട്‌ബോളിലെ രണ്ടു ഇതിഹാസങ്ങളായ ബാഴ്‌സലോണയുടെ ലയണല്‍ മെസ്സിയും റയല്‍ മാഡ്രിഡിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മുഖാമുഖം വരുന്നുവെന്നതായിരുന്നു നേരത്തേ എല്‍ ക്ലാസിക്കോയുടെ മുഖ്യ ആകര്‍ഷണം. എന്നാല്‍ ഇത്തവണ രണ്ടു പേരുമില്ലാതെയാണ് മല്‍സരം നടക്കാന്‍ പോവുന്നത്.

മെസ്സി പരിക്കുമൂലം പുറത്ത്
റൊണാള്‍ഡോ കഴിഞ്ഞ സീസണിനു ശേഷം റയല്‍ വിട്ട് യുവന്റസിലേക്കു ചേക്കേറിയതിനാല്‍ എല്‍ ക്ലാസിക്കോയിലെ നക്ഷത്രം മെസ്സിയായിരുന്നു. എന്നാല്‍ പരിക്ക് വില്ലനായെത്തിയതോടെ മെസ്സിക്കും കളത്തിനു പുറത്തിരിക്കേണ്ടി വരികയായിരുന്നു.
ലീഗില്‍ സെവിയ്യക്കെതിരായ മല്‍സരത്തിനിടെയാണ് എതിര്‍ താരം ഫ്രാങ്കോ വാസ്‌ക്വസുമായി കൂട്ടിയിടിച്ച് വീണ് മെസ്സിയുടെ കൈയിലെ എല്ലിനു പൊട്ടലേറ്റത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ താരത്തിനു മൂന്നാഴ്ചത്തെ വിശ്രമം നിര്‍ദേശിക്കുകയായിരുന്നു. നവംബര്‍ അവസാനത്താടെ പരിക്കു ഭേദമായി മെസ്സിക്കു ബാഴ്‌സ ടീമില്‍ തിരിച്ചെത്താന്‍ കഴിഞ്ഞേക്കുമെന്നാണ് സൂചന.

2007നുശേഷം ആദ്യത്തേത്
2007നു ശേഷം മെസ്സി, റൊണാള്‍ഡോ ഇവരില്‍ രണ്ടു പേരുമില്ലാതെ എല്‍ ക്ലാസിക്കോ നടന്നിട്ടില്ല. 2009ല്‍ റോണോ റയലിലെത്തുന്നതിനു മുമ്പ് മെസ്സിയായിരുന്നു എല്‍ ക്ലാസിക്കോയുടെ താരം. 2007 ഡിസംബറില്‍ നടന്ന എല്‍ ക്ലാസിക്കോയിലാണ് പരിക്കു മൂലം മെസ്സിക്കു പുറത്തിരിക്കേണ്ടിവന്നത്.
2009ല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്നും അന്നത്തെ റെക്കോര്‍ഡ് തുകയ്ക്കു റൊണാള്‍ഡോ റയലിലെത്തിയതോടെയാണ് എല്‍ ക്ലാസിക്കോ ശരിക്കുമൊരു ക്ലാസിക്കായി മാറിയത്.
ഇത്തവണ രണ്ടു പേരുമില്ലാതെ എല്‍ ക്ലാസിക്കോയ്ക്ക് പന്തുരുളാന്‍ പോവുമ്പോള്‍ ലോകം മുഴുവനുമുള്ള കാല്‍പ്പന്തു കളി ആരാധകര്‍ നിരാശയിലാണ്.
239ാമത് എല്‍ ക്ലാസിക്കോ
ബാഴ്‌സയും റയലും തമ്മിലുള്ള 239ാമത്തെ എല്‍ ക്ലാസിക്കോ കൂടിയാണ് ഞായറാഴ്ച നടക്കാനിരിക്കുന്നത്. ഇതുവരെ നടന്ന 238 മല്‍സരങ്ങളില്‍ 95 ജയങ്ങളുമായി റയലിനാണ് നേരിയ മുന്‍തൂക്കം. 93 മല്‍സരങ്ങളില്‍ ബാഴ്‌സ വെന്നിക്കൊടി പാറിച്ചിട്ടുണ്ട്. 50 മല്‍സരങ്ങള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു.
എല്‍ ക്ലാസിക്കോയുടെ ചരിത്രത്തിലെ എക്കാലത്തെയും വലിയ ഗോള്‍വേട്ടക്കാരന്‍ മെസ്സിയാണ്. 26 ഗോളുകളാണ് അര്‍ജന്റൈന്‍ ഇതിഹാസം വാരിക്കൂട്ടിയത്.
റയലിന് നിര്‍ണായകം
ഇത്തവണത്തെ എല്‍ ക്ലാസിക്കോ ബാഴ്‌സയേക്കാള്‍ നിര്‍ണായകം റയലിനാണ്. കാരണം പുതിയ കോച്ച് ജുലെന്‍ ലൊപ്പെറ്റെഗ്വിയുടെ കീഴില്‍ റയല്‍ താളം കണ്ടെത്താനാവാതെ വലയുകാണ്. തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ട റയല്‍ ചാംപ്യന്‍സ് ലീഗിലെ കഴിഞ്ഞ കളിയില്‍ വിക്ടോറിയ പ്ലെസനെ 2-1നു തോല്‍പ്പിച്ചാണ് വിജയവഴിയില്‍ തിരിച്ചെത്തിയത്. ഒമ്പത് മല്‍സരങ്ങളില്‍ നിന്നും നാലു ജയവും രണ്ടു സമനിലയും മൂന്നു തോല്‍വിയുമടക്കം 14 പോയിന്റുള്ള റയല്‍ ലീഗില്‍ ഏഴാംസ്ഥാനത്താണ്.
എന്നാല്‍ ഇത്രയും കളികൡ നിന്നും അഞ്ചു ജയവും മൂന്ന് സമനിലയും ഒരു തോല്‍വിയുമടക്കം 18 പോയിന്റോടെ ഒന്നാംസ്ഥാനത്താണ് ബാഴ്‌സ. ജയത്തോടെ ലീഗില്‍ ഒന്നാംസ്ഥാനം ഭദ്രമാക്കുകയാവും ബാഴ്‌സയുടെ അടുത്ത ലക്ഷ്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications