മാഡ്രിഡ്: മാഞ്ചസ്റ്റര്‍ സിറ്റിയില്‍ പെപ് ഗോര്‍ഡിയോളയുടെ മോശം കാലം ഉടന്‍ അവസാനിക്കുമെന്നും ടീം ശക്തമായി തിരിച്ചുവരുമെന്നും ബാഴ്‌സലോണ കോച്ച് ലൂയിസ് എന്റിക്വെ. ഗോര്‍ഡിയോളക്കെതിരെ ഇപ്പോള്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ അസൂയാലുക്കളുടേതാണ്. ഗോര്‍ഡിയോള കൈവരിച്ച നേട്ടങ്ങള്‍ ഇവര്‍ കണ്ടില്ലെന്ന് നടിക്കുന്നു. ഒരാള്‍ എപ്പോഴഴും ജയിച്ചു കൊണ്ടിരിക്കുന്നത് പലര്‍ക്കും ഇഷ്ടപ്പെടില്ല. അതുകൊണ്ടാണ് ചെറിയൊരിടിവ് സംഭവിക്കുമ്പോള്‍ ഇവരെല്ലാം തല പൊക്കുന്നതെന്നും എന്റിക്വെ പറഞ്ഞു.
മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ആദ്യ പത്ത് കളിയും ജയിച്ച ഗോര്‍ഡിയോളക്ക് അവസാന ആറ് മത്സരങ്ങളില്‍ ജയം നേടാന്‍ സാധിച്ചിട്ടില്ല. ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയില്‍ നിന്നേറ്റ കനത്ത തോല്‍വിയും ഗോര്‍ഡിയോളക്ക് ക്ഷീണമായി.

പ്രീമിയര്‍ ലീഗിന് അനുയോജ്യമായ രീതിയല്ല ഗോര്‍ഡിയോളയുടേതെന്ന് ഫുട്‌ബോള്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, സിറ്റിയില്‍ ഏത് ശൈലിയാണ് നടപ്പിലാക്കേണ്ടതെന്ന് വ്യക്തമായ ബോധ്യമുണ്ടെന്നും ശൈലി മാറ്റുവാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഗോര്‍ഡിയോള മറുപടി നല്‍കിയിരുന്നു.
ലൂയിസ് എന്റിക്വെ തന്റെ മുന്‍ സഹതാരത്തിന് ഉറച്ച പിന്തുണ നല്‍കുന്നു. സീസണില്‍ സിറ്റിയെ ഗോര്‍ഡിയോള കിരീട വിജയത്തിലെത്തിക്കുമെന്ന് എന്റിക്വെ പറയുന്നു.