Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഷൂട്ടൗട്ടില്‍ ബാഴ്‌സയ്ക്കും ചെല്‍സിക്കും വിജയച്ചിരി... ബയേണ്‍ കടന്ന് സിറ്റി

പസാഡിന (അമേരിക്ക)/ നൈസ് (ഫ്രാന്‍സ്): ഇന്റര്‍നാഷണല്‍ ചാംപ്യന്‍സ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ബാഴ്‌സലോണ, മാഞ്ചസ്റ്റര്‍ സിറ്റി, യുവന്റസ്, ചെല്‍സി എന്നീ വമ്പന്‍മാര്‍ക്ക് വിജയം. ഷൂട്ടൗട്ടിലേക്ക് നീണ്ട ആവേശത്തില്‍ സ്പാനിഷ് അതികായന്‍മാരായ ബാഴ്‌സലോണ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഗ്ലാമര്‍ ക്ലബ്ബായ ടോട്ടനം ഹോട്‌സ്പറിനെയാണ് പരാജയപ്പെടുത്തിയത്.

എന്നാല്‍, ജര്‍മന്‍ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിനെയാണ് പ്രീമിയര്‍ ലീഗ് ജേതാക്കളായ സിറ്റി തോല്‍പ്പിച്ചത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പ്രീമിയര്‍ ലീഗ് ഗ്ലാമര്‍ ക്ലബ്ബായ ചെല്‍സി ഇറ്റാലിയന്‍ ലീഗ് വമ്പന്‍മാരായ ഇന്റര്‍ മിലാനെയും ഇറ്റാലിയന്‍ ലീഗ് ചാംപ്യന്‍മാരായ യുവന്റസ് പോര്‍ച്ചുഗീസ് ക്ലബ്ബായ ബെന്‍ഫിക്കയെയും തോല്‍പ്പിച്ചു.

തിരിച്ചടിച്ച് ടോട്ടനം... ഷൂട്ടൗട്ടില്‍ മറികടന്ന് ബാഴ്‌സ

തിരിച്ചടിച്ച് ടോട്ടനം... ഷൂട്ടൗട്ടില്‍ മറികടന്ന് ബാഴ്‌സ

ഒന്നാംപകുതിയില്‍ രണ്ട് ഗോളിന് മുന്നിലായ ബാഴ്‌സയ്ക്ക് രണ്ടാംപകുതിയില്‍ അതേ നാണയത്തില്‍ ടോട്ടനം തിരിച്ചടി നല്‍കുകയായിരുന്നു. ഇതോടെ നിശ്ചിത സമയത്ത് ഇരു ടീമും 2-2ന് തുല്ല്യത പാലിച്ചു. ബാഴ്‌സയ്ക്കു വേണ്ടി മുനീര്‍ എല്‍ ഹദ്ദാദിയും (15ാം മിനിറ്റ്) ആര്‍തര്‍ ഹെന്റ്‌റിക്വസുമാണ് (29) വലകുലുക്കിയത്. രണ്ടാംപകുതിയില്‍ സണും (73ാം മിനിറ്റ്) എന്‍കൗണ്ടുവും (75) ടോട്ടനമിനു വേണ്ടി നിറയൊഴിച്ചു.

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബാഴ്‌സയുടെ അഞ്ച് താരങ്ങളും ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ ടോട്ടനമിന്റെ മൂന്നാം കിക്കെടുത്ത ആന്റണി ജിയോര്‍ജിയുക്ക് ലക്ഷ്യം പിഴച്ചു. താരത്തിന്റെ കിക്ക് ബാഴ്‌സലോണ ഗോള്‍കീപ്പര്‍ ജാസ്പര്‍ സില്ലെസെന്‍ സേവ് ചെയ്യുകയായിരുന്നു.

ടൂര്‍ണമെന്റില്‍ ബാഴ്‌സയുടെ ആദ്യ മല്‍സരം കൂടിയായിരുന്നു ഇത്. എന്നാല്‍, ആദ്യ മല്‍സരത്തില്‍ വിജയക്കൊടി നാട്ടിയ ടോട്ടനമിന്റെ രണ്ടാം മല്‍സരമായിരുന്നു ബാഴ്‌സക്കെതിരേയുള്ളത്.

തുടര്‍ തോല്‍വിയില്‍ ബയേണ്‍... സിറ്റിയുടെ തിരിച്ചുവരവ്

തുടര്‍ തോല്‍വിയില്‍ ബയേണ്‍... സിറ്റിയുടെ തിരിച്ചുവരവ്

ടൂര്‍ണമെന്റില്‍ ബയേണ്‍ മ്യൂണിക്കിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരേയുള്ളത്. എന്നാല്‍, ആദ്യ രണ്ട് മല്‍സരങ്ങളില്‍ തോറ്റ സിറ്റിയുടെ തിരിച്ചുവരവ് കൂടിയായിരുന്നു മല്‍സരം.

രണ്ട് ഗോളിന് ലീഡ് ചെയ്തതിനു ശേഷമാണ് സിറ്റിക്കെതിരേ ബയേണ്‍ 3-2ന്റെ തോല്‍വി വഴങ്ങിയത്.

ഇരട്ട ഗോള്‍ നേടിയ ബെര്‍നാര്‍ഡോ സില്‍വയാണ് സിറ്റിയുടെ വിജയശില്‍പ്പി. കളിയുടെ ഒന്നാംപകുതിയിലെ എക്‌സ്ട്രാ ടൈമിലും 70ാം മിനിറ്റിലുമാണ് സില്‍വ സിറ്റിക്കു വേണ്ടി വലകുലുക്കിയത്. ലുകാസ് നേച്ചയാണ് (51ാം മിനിറ്റ്) സിറ്റിയുടെ മറ്റൊരു സ്‌കോറര്‍. ബയേണിനു വേണ്ടി മെറിട്ടന്‍ സബാനിയും (15ാം മിനിറ്റ്) ആര്യന്‍ റോബനുമാണ് (24) ലക്ഷ്യംകണ്ടത്.

ഫ്രാന്‍സില്‍ വിജയത്തുടക്കവുമായി ചെല്‍സി...

ഫ്രാന്‍സില്‍ വിജയത്തുടക്കവുമായി ചെല്‍സി...

ആവേശകരമായ മല്‍സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ചെല്‍സി 5-4ന് ഇന്ററിനെ മറികടക്കുകയായിരുന്നു. ഇന്ററിനു വേണ്ടി നാലാം കിക്കെടുത്ത മിലാന്‍ സ്‌ക്രിനിയറിനാണ് ലക്ഷ്യംപിഴച്ചത്.

നിശ്ചിത സമയത്ത് ഇരു ടീമും 1-1ന് തുല്ല്യത പാലിച്ചതിനെ തുടര്‍ന്നായിരുന്നു മല്‍സരഫലം ഷൂട്ടൗട്ടിലൂടെ തീരുമാനിച്ചത്. എട്ടാം മിനിറ്റില്‍ പെഡ്രോയിലൂടെ ചെല്‍സിയായിരുന്നു ആദ്യം ഗോള്‍ നേടിയത്. 49ാം മിനിറ്റില്‍ റോബര്‍ട്ടോ ഗാഗ്ലിയാര്‍ഡിനിയിലൂടെ ഇന്റര്‍ ഒപ്പമെത്തുകയായിരുന്നു. ചെല്‍സിയുടേയും ഇന്ററിന്റേയും ടൂര്‍ണമെന്റിലെ ആദ്യ മല്‍സരമായിരുന്നു ഇത്.

ഷൂട്ടൗട്ടില്‍ ബെന്‍ഫിക്കയെ മറികടന്ന് യുവന്റസ്

ഷൂട്ടൗട്ടില്‍ ബെന്‍ഫിക്കയെ മറികടന്ന് യുവന്റസ്

നിശ്ചിത സമയത്ത് ഇരു ടീമും 1-1ന് പിരിഞ്ഞതിനെ തുടര്‍ന്നാണ് യുവന്റസ്-ബെന്‍ഫിക്ക പോര് ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടില്‍ ജെനാസിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി പുറത്തേക്ക് തെറിച്ചപ്പോള്‍ ജോഹോ ഫെലിക്‌സിന്റെ കിക്ക് യുവന്റസ് ഗോള്‍കീപ്പര്‍ മാറ്റിയ പെറിന്‍ സേവ് ചെയ്യുകയായിരുന്നു. ഇതോടെ യുവന്റസ് 4-2ന് വിജയം സ്വന്തമാക്കുകയായിരുന്നു.

നിശ്ചിതസമയത്ത് രണ്ടാംപകുതിയിലായിരുന്നു ഇരു ടീമും ലക്ഷ്യംകണ്ടത്. 65ാം മിനിറ്റില്‍ ഗ്രിമാല്‍ഡോയിലൂടെ ബെന്‍ഫിക്കയാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍, 84ാം മിനിറ്റില്‍ ലുക ക്ലെമന്‍സെയിലൂടെ യുവന്റസ് ഒപ്പമെത്തുകയായിരുന്നു. മല്‍സരത്തിനിടെ ബെന്‍ഫിക്ക താരം ഫകുന്‍ഡോ ഫെറെയ്‌റയ്ക്കു പരിക്കേറ്റ് കളംവിട്ടത് പോര്‍ച്ചുഗീസ് ക്ലബ്ബിന് തിരിച്ചടിയായി.

Story first published: Sunday, July 29, 2018, 15:17 [IST]
Other articles published on Jul 29, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+