കളിക്കളത്തിലും ടെവസിനെ വീഴ്ത്തി മെസ്സി... സൂപ്പര്‍ താരത്തിനു കീഴില്‍ ബാഴ്‌സയുടെ കിരീട വേട്ട
ബാഴ്‌സലോണ: ഫുട്‌ബോള്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന പോരാട്ടത്തില്‍ സൂപ്പര്‍താരം ലയണല്‍ മെസ്സി പടനയിക്കുന്ന ബാഴ്‌സലോണയ്ക്ക് ജയം. അര്‍ജന്റൈന്‍ സൂപ്പര്‍ താരങ്ങളായ മെസ്സിയും കാര്‍ലോസ് ടെവസും നേര്‍ക്കുനേര്‍ കൊമ്പുകോര്‍ത്ത മല്‍സരത്തില്‍ മെസ്സി നയിക്കുന്ന ബാഴ്‌സലോണ അനായാസ ജയം സ്വന്തമാക്കുകയായിരുന്നു.
പുതിയ സീസണിനു മുന്നോടിയായി നടക്കാറുള്ള ജോഹന്‍ ഗാംബര്‍ ട്രോഫി സൗഹൃദ മല്‍സരത്തില്‍ ബാഴ്‌സലോണ അര്‍ജന്റൈന്‍ ക്ലബ്ബായ ബൊക്ക ജൂനിയേഴ്‌സിനെ പരാജയപ്പെടുത്തുകയായിരുന്നു. ഹോംഗ്രൗണ്ടില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ വിജയവും കിരീട നേട്ടവും.

ബാഴ്‌സലോണ 3- ബൊക്ക ജൂനിയേഴ്‌സ് 0
മെസ്സി നയിക്കുന്ന ബാഴ്‌സലോണയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ടെവസിന്റെ ബൊക്ക ജൂനിയേഴ്‌സിന് കഴിഞ്ഞില്ല. കളിയുടെ ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ നിറയൊഴിച്ച ബാഴ്‌സ രണ്ടാംപകുതിയില്‍ ഒരു ഗോള്‍ കൂടി നേടി വിജയം ആധികാരികമാക്കുകയായിരുന്നു.

ഗോള്‍വേട്ട തുടര്‍ന്ന് മാല്‍ക്കം
ഈ സീസണില്‍ ബോര്‍ഡെക്‌സില്‍ നിന്ന് 36.5 മില്യണ്‍ യൂറോയ്ക്ക് ബാഴ്‌സലോണയിലെത്തിയ താരമാണ് യുവ ബ്രസീലിയന്‍ സ്റ്റാര്‍ വിങര്‍ മാല്‍ക്കം. റോമയ്‌ക്കെതിരായ സൗഹൃദ മല്‍സരത്തില്‍ ഗോള്‍ നേടിയ മാല്‍ക്കം തന്റെ ഗോള്‍വേട്ട ബൊക്ക ജൂനിയേഴ്‌സിനെതിരേയും തുടര്‍ന്നു. കളിയുടെ 18ാം മിനിറ്റിലാണ് മാല്‍ക്കം ബാഴ്‌സയ്ക്കു വേണ്ടി നിറയൊഴിച്ചത്.

പടനയിച്ചും ഗോളടിച്ചും മെസ്സി
ഈ സീസണില്‍ ക്ലബ്ബിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത ലയണല്‍ മെസ്സിക്കു കീഴില്‍ മികച്ച തുടക്കമാണ് ബാഴ്‌സയ്ക്ക് ലഭിച്ചത്. സ്പാനിഷ് സൂപ്പര്‍ കപ്പില്‍ കിരീടം നേടിയ ബാഴ്‌സ ജോഹന്‍ ഗാംബര്‍ ട്രോഫിയിലും ചാംപ്യന്‍പട്ടം നിലനിര്‍ത്തി. ഇതോടെ ബാഴ്‌സലോണയില്‍ മെസ്സിയുടെ കിരീട നേട്ടം 34 ആയി ഉയര്‍ന്നു.
ബൊക്ക ജൂനിയേഴ്‌സിനെതിരേ ബാഴ്‌സയുടെ രണ്ടാം ഗോള്‍ നേടിയതും മെസ്സിയായിരുന്നു. കളിയുടെ 39ാം മിനിറ്റിലാണ് മെസ്സി ബാഴ്‌സയ്ക്കു വേണ്ടി നിറയൊഴിച്ചത്. 67ാം മിനിറ്റില്‍ റഫീഞ്ഞയിലൂടെ ബാഴ്‌സ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.

മെസ്സി-ടെവസ് മുഖാമുഖം പോര് നടന്നില്ല
ആരാധകര്‍ ആവേശത്തോടെ കാത്തിരുന്നെങ്കിലും കളിക്കളത്തില്‍ മെസ്സി, ടെവസ് മുഖാമുഖം പോര് നടന്നില്ല. പ്ലെയിങ് ഇലവനിലിറങ്ങിയ മെസ്സിയെ 46ാം മിനിറ്റില്‍ കോച്ച് തിരിച്ചുവിളിക്കുകയായിരുന്നു.
എന്നാല്‍, പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിക്കാതെ പോയ ടെവസിനെ 64ാം മിനിറ്റിലാണ് ബൊക്ക ജൂനിയേഴ്‌സ് കളത്തിലിറക്കിയത്. ഇതോടെ മെസ്സിയും ടെവസും പോര് കളിക്കളത്തിലുണ്ടാവുമെന്ന ആരാധകരുടെ കണക്കുകൂട്ടലുകള്‍ തെറ്റുകയായിരുന്നു.
എങ്കിലും മെസ്സി പടനയിച്ച ബാഴ്‌സയെ വിറപ്പിക്കാന്‍ പോലും ടെവസുള്‍പ്പെടുന്ന ബൊക്ക ജുനിയേഴ്‌സിന് കഴിഞ്ഞില്ല. അങ്ങനെ കളിക്കളത്തിലും ടെവസ് മെസ്സിക്കു മുന്നില്‍ തോല്‍വി സമ്മതിച്ചു. മല്‍സരത്തിലെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും മെസ്സിക്കായിരുന്നു ലഭിച്ചത്.

ബാഴ്‌സയുടെ 41ാം കിരീട നേട്ടം
എഴുപതിനായിരത്തിലധികം ആരാധകരാണ് മല്‍സരം നേരിട്ട് വീക്ഷാന്‍ ബാഴ്‌സയുടെ തട്ടകമായ കാംപ് നൂവിലെത്തിയത്. പ്രതീക്ഷിച്ചത് പോലെ അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല ടൂര്‍ണമെന്റില്‍ 41ാം തവണയും ബാഴ്‌സ കിരീടം ചൂടി. 2012ല്‍ സംഡോറിയക്കു മുന്നില്‍ അടിയറവ് വച്ചതിനു ശേഷം ടൂര്‍ണമെന്റില്‍ ബാഴ്‌സയുടെ തുടര്‍ച്ചയായ ആറാം കിരീട നേട്ടം കൂടിയാണിത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications