മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ ലയണല്‍ മെസിയുടെ ഇരട്ട ഗോളുകളില്‍ ബാഴ്‌സലോണക്ക് ജയം. അലാവ്‌സിനെയാണ് നൗകാംപ് ടീം മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചത്. ആദ്യ പകുതിയില്‍ മെസി ഒരു പെനാല്‍റ്റി കിക്ക് നഷ്ടമാക്കിയിരുന്നു. എന്നാല്‍, അമ്പത്തഞ്ചാം മിനുട്ടിലും അറുപത്താറാം മിനുട്ടിലും മെസി സ്‌കോര്‍ ചെയ്തു.
ജെറാര്‍ഡ് പീക്വെയെ ഫൗള്‍ചെയ്തതിനായിരുന്നു പെനാല്‍റ്റി ലഭിച്ചത്. മെസിയെടുത്ത സ്‌പോട് കിക്ക് ഗോളി ഫെര്‍നാന്‍ഡോ പാചെകോ തട്ടിമാറ്റി. നിര്‍ഭാഗ്യം മെസിയുടെ കൂടെയുണ്ടായിരുന്നു. ഹാട്രിക്ക് നേടാനുള്ള അവസരം നിഷേധിച്ചത് ക്രോസ് ബാറാണ്.

ലാ ലിഗയില്‍ മെസി 351 ഗോളുകള്‍ പൂര്‍ത്തിയാക്കി. പതിനാല് ഗോളുകള്‍ കൂടി നേടിയാല്‍ മെസിക്ക് ബയേണിന്റെ ഇതിഹാസം ജെര്‍ഡ് മുള്ളറുടെ ഗോളടി റെക്കോര്‍ഡിനൊപ്പമെത്താം. യൂറോപ്പിലെ ടോപ് ഡിവിഷന്‍ ലീഗില്‍ ഒരു ക്ലബ്ബിനായി ഏറ്റവുമധികം ഗോളുകള്‍ നേടിയ താരം ബയേണിന്റെ മുള്ളറാണ്. മെസിയാണ് രണ്ടാം സ്ഥാനത്ത്. രണ്ട് മത്സരങ്ങളില്‍ ആറ് പോയിന്റോടെ റയല്‍ സോസിഡാഡും ബാഴ്‌സലോണയും മുന്‍നിരയില്‍.
ഗോള്‍ നില..
അലാവ്‌സ് 0-2 ബാഴ്‌സലോണ
ലാസ് പല്‍മാസ് 1-5 അ. മാഡ്രിഡ്
ജിറോന 1-0 മലാഗ
ലെവന്റെ 2-2 ഡിപ്പോര്‍ട്ടീവോ