ക്യാമ്പ് നൗ: കോപ്പ ഡെല്‍ റെ മത്സരത്തില്‍ എസ്പാനിയോളിനെ ഒന്നിനെതിരെ നാല് ഗോളിന് തകര്‍ത്ത് ബാഴ്‌സക്ക് മിന്നും ജയം. പരിക്കിന്റെ പിടിയില്‍ നിന്ന് മുക്തനായി പൂര്‍വ്വാധികം ശക്തിയോടെ കളത്തിലെത്തിയ മെസ്സിയാണ് എണ്ണം പറഞ്ഞ രണ്ട് ഗോളിലൂടെ ബാഴ്‌സയ്ക്ക് ജയം ഒരുക്കിക്കൊടുത്തത്.
ആദ്യം വലകുലുക്കിയത് എസ്പാനിയോള്‍ ആയിരുന്നു. കളി തുടങ്ങി പത്ത് മിനിറ്റിനുള്ളില്‍ പെലിപ്പോ കാസിഡോയുടെ മനോഹരമായ ഗോളിലൂടെ എസ്പാനിയോള്‍ മുന്നില്‍ കയറി. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് മെസ്സി നേടിയ രണ്ട് ഗോളിലൂടെ ബാഴ്‌സ തിരിച്ചടിച്ചു.

പെനാല്‍റ്റി ബോക്‌സിലേക്ക് ആന്ദ്രെ ഇനിയേസ്റ്റ നീട്ടിനല്‍കിയ പന്തില്‍ നിന്നായിരുന്നു മെസ്സിയുടെ ആദ്യ ഗോളെങ്കില്‍ രണ്ടാം ഗോള്‍ ഫ്രീകിക്കില്‍ നിന്നായിരുന്നു.
രണ്ടാം പകുതിയിലും മികച്ച കളി പുറത്തെടുത്ത ബാഴ്‌സ നിരന്തരം എതിര്‍ ഗോള്‍ മുഖം ആക്രമിച്ച് കൊണ്ടിരുന്നു. മെസ്സി നല്‍കിയ പാസില്‍ നിന്നായിരുന്നു പികെ ബാഴ്‌സയ്ക്കായി മൂന്നാം ഗോള്‍ നേടിയത്. 88-ാം മിനിറ്റില്‍ മെസ്സി - നെയ്മര്‍ മുന്നേറ്റത്തിനൊടുവില്‍ നെയ്മര്‍ ബാഴ്‌സ്‌ക്കായി നാലാം ഗോളും നേടിക്കൊടുത്തു.
കളിയിലേക്ക് തിരിച്ചുവരാനായി പരുക്കന്‍ അടവുകള്‍ പുറത്തെടുത്ത എസ്പാനിയോളിന്റെ രണ്ട് താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയതോടെ 9 പോരുമായാണ് അവര്‍ മത്സരം പൂര്‍ത്തിയാക്കിയത്.