കോഴിക്കോട്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പുതിയ സീസണ് മുന്നോടിയായി കേരള ബ്ലാസ്‌റ്റേഴ്്‌സ് തായ്‌ലന്‍ഡില്‍ നടത്തിയ പരിശീലന മത്സരം വിവാദത്തില്‍. ബാങ്കോക്ക് എഫ്.സിക്കെതിരെ നടന്ന മത്സരത്തില്‍ 4-1 എന്ന നിലയില്‍ ജയിച്ചതായി ടീം അവകാശപ്പെട്ടിരുന്നു. എന്നാല്‍, തങ്ങളുമായി അങ്ങിനെയൊരു മത്സരം കളിച്ചില്ലെന്നാണ് ബാങ്കോക്ക് എഫ് സി സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചിരിക്കുന്നത്.
പ്രീസീസണ്‍ മാച്ചില്‍ തങ്ങളെ തോല്‍പ്പിച്ചതായി കാട്ടി ബ്ലാസ്റ്റേഴ്‌സ് പോസ്റ്റ് ചെയ്ത ലോഗോ ഉള്‍പ്പെടെയുള്ളവ മാറ്റണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ബ്ലാസ്റ്റേഴ്സിന്റെ എതിര്‍ ടീമില്‍ കളിക്കുന്ന താരങ്ങള്‍ ബാങ്കോക്ക് തോന്‍ബുരി യൂണിവേഴ്സ്റ്റി ടീമാണെന്നും അതാണ് തങ്ങളെന്ന രീതിയില്‍ തെറ്റിദ്ധരിച്ചിരിക്കുന്നതെന്നും അവര്‍ പറയുന്നുണ്ട്. അതിനിടെ അത് ബാങ്കോക്ക് എഫ്‌സി അല്ല, എഫ്‌സി ബാങ്കോക്ക് ആണെന്നും ചിലര്‍ പറയുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് ടീം മാനേജ്‌മെന്റിന് സംഭവിച്ച പിഴവാണ് ഇപ്പോഴത്തെ വിവാദത്തിനിടയാക്കിയത്. ബാങ്കോക്ക് എഫ്‌സിയുടെ ആവശ്യപ്രകാരം കേരള ബ്ലാസ്റ്റേഴ്സ് സോഷ്യല്‍ മീഡിയയില്‍ നിന്ന് അവരുടെ ലോഗോയുള്ള പോസ്റ്റുകളെല്ലാം നീക്കം ചെയ്തു. അതേസമയം, ബ്ലാസ്റ്റേഴ്സ് അധികൃതര്‍ ഇതുസംബന്ധിച്ച് വിശദീകരണം നല്‍കിയിട്ടില്ല. ആരാധകര്‍ക്ക് ഇതുസംബന്ധിച്ചുണ്ടായ ആശയക്കുഴപ്പം ക്ലബ്ബ് അധികൃതര്‍ പരിഹരിക്കുമെന്നാണ് സൂചന. തായ്‌ലന്‍ഡില്‍ ടീം കൂടുതല്‍ പരിശീലന മത്സരങ്ങള്‍ കളിച്ചേക്കും.