പാരിസ്: ഗോള്‍ കീപ്പര്‍മാര്‍ക്കും പ്രത്യേക ബാലണ്‍ ഡിയോര്‍ പുരസ്കാരം അവതരിപ്പിക്കാന്‍ സംഘാടകര്‍. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരത്തിനുള്ള പരമോന്നത പുരസ്കാരമാണ് ബാലണ്‍ ഡിയോര്‍. ഈ വര്‍ഷം ഫുട്ബോളിലെ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍ക്ക് ബാലണ്‍ ഡിയോര്‍ പുരസ്കാരം സമ്മാനിക്കുമെന്ന് സംഘാടകരായ ഫ്രാന്‍സ് ഫുട്ബോള്‍ മാഗസിന് പ്രഖ്യാപിച്ചു.
യാഷിന് ട്രോഫി എന്നായിരിക്കും ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്കാരം അറിയപ്പെടുക. സോവിയറ്റ് താരം ലെവ് യാഷിനെ അനുസ്മരിച്ചാണ് യാഷിന് ട്രോഫി ഒരുങ്ങുന്നത്. ചരിത്രത്തില്‍ ബാലണ്‍ ഡിയോര്‍ പുരസ്കാരം നേടിയ ഏക ഗോള്‍ കീപ്പറാണ് ഇദ്ദേഹം. 1956 മുതല്‍ ബാലണ്‍ ഡിയോര്‍ പുരസ്കാരം ഫുട്ബോള്‍ ലോകത്തുണ്ട്.
ഇംഗ്ലീഷ് താരം സ്റ്റാന്‍ലി മാത്യൂസാണ് പ്രഥമ ബാലണ്‍ ഡിയോര്‍ പുരസ്കാരം ഏറ്റുവാങ്ങിയത്. രാജ്യാന്തര ജേണലിസ്റ്റുകളും ദേശീയ ടീം പരിശീലകരും ചേര്‍ന്നാണ് ഫുട്ബോള്‍ ലോകത്തെ പ്രതിഭയെ ഓരോ വര്‍ഷവും വോട്ടു ചെയ്ത് തിരഞ്ഞെടുക്കാറ്. കഴിഞ്ഞവര്‍ഷം മികച്ച വനിതാ ഫുട്ബോള്‍ താരത്തിനും സംഘാടകര്‍ പുരസ്കാരം പ്രഖ്യാപിക്കുകയുണ്ടായി. നോര്‍വെ താരം അഡാ ഹെഗര്ബര്ഗാണ് ബാലണ്‍ ഡിയോര്‍ നേടിയ ആദ്യ വനിത.
ഒക്ടോബര്‍ 22 -ന് മൂന്നു പുരസ്കാരങ്ങള്‍ക്കും യോഗ്യതയുള്ളവരുടെ ചുരുക്കപ്പട്ടിക ഫ്രാന്‍സ് ഫുട്ബോള്‍ മാഗസിന് പുറത്തുവിടും. ഡിസംബര്‍ രണ്ടിന് വര്‍ണാഭമായ ചടങ്ങിലാണ് ബാലണ്‍ ഡിയോര്‍ വിജയികളെ പ്രഖ്യാപിക്കുക.
ഐപിഎല്‍: ഒരു കിരീടം പോലുമില്ല... ക്യാപ്റ്റനായി കോലി തുടരുമോ? ടീം ഡയരക്ടര്‍ പറയുന്നു
ലെവ് യാഷിന്
1963 -ലാണ് സോവിയറ്റ് താരമായ യാഷിന് ബാലണ്‍ ഡിയോര്‍ പുരസ്കാരത്തിന് അര്‍ഹനായത്. അക്കാലത്ത് ഫുട്ബോളിലെ ഏറ്റവും പേരുകേട്ട ഗോള്‍ കീപ്പറായിരുന്നു ഇദ്ദേഹം. 1956 -ലെ മെല്‍ബണ്‍ ഒളിമ്പിക്സില്‍ സോവിയറ്റിനായി യാഷിനാണ് ഗോള്‍ വല കാത്തത്. അന്ന് യൂഗോസ്ലാവിയ്ക്കെതിരെ സോവിയറ്റ് എതിരില്ലാത്ത ഒരു ഗോളിന് ജയിക്കുകയും ചെയ്തു.
1960 -ല്‍ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ സോവിയറ്റിന് നേടിക്കൊടുത്ത ഐതിഹാസിക ജയമാണ് യാഷിന്റെ കരിയറിലെ പൊന്‍തൂവല്‍. സോവിയറ്റിനായി നാലു ലോകകപ്പുകളില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. 1990 മാര്‍ച്ചില്‍ അറുപതാം വയസ്സില്‍ അര്‍ബുദത്തിനോട് പൊരുതിയാണ് ലെവ യാഷിന് മരിച്ചത്.