സൂറിച്ച്: 2014ലെ മികച്ച ഫുട്‌ബോള്‍ കളിക്കാരനെ തെരഞ്ഞെടുക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ അവസാന റൗണ്ടിലെത്തിയ മൂന്നു കളിക്കാരും ഒപ്പത്തിനൊപ്പമാണെന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ച സൂറിച്ചിലാണ് ഫിഫയുടെ ബാലന്‍ ഡി ഓര്‍ പുരസ്‌കാരം പ്രഖ്യാപിക്കുന്നത്. സമകാലീന ഫുട്‌ബോളിലെ രാജാക്കന്‍മാരായ മെസ്സിയും റൊണാള്‍ഡോയും ഇത്തവണയും അവസാന മൂന്നില്‍ ഇടം പിടിച്ചിട്ടുണ്ട്. ജര്‍മന്‍ ഗോള്‍ കീപ്പര്‍ മാനുവല്‍ ന്യൂയര്‍ ആണ് മൂന്നാമന്‍.
ക്ലബ്ബ് ഫുട്‌ബോളില്‍ ബാഴ്‌സലോണയ്ക്കുവേണ്ടി കാര്യമായ കിരീടമൊന്നും നേടാന്‍ കഴിഞ്ഞില്ലെങ്കിലും അര്‍ജന്റീനയെ ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനലില്‍ എത്തിക്കാന്‍ കഴിഞ്ഞതും ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ അവാര്‍ഡ് നേടാന്‍ കഴിഞ്ഞതുമാണ് മെസ്സിയുടെ നേട്ടം.

അതേസമയം, രാജ്യത്തിനുവേണ്ടി കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാതിരുന്ന റൊണാള്‍ഡോ റയല്‍ മാഡ്രിഡിനുവേണ്ടി ചാമ്പ്യന്‍സ് ലീഗ് കിരീടവും, ലോക ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പ് ഉള്‍പ്പെടെ നേടിക്കൊടുത്തു. മെസ്സിയേക്കാള്‍ ഒരു പടി മുന്നില്‍ നില്‍ക്കുന്നതായിരുന്നു 2014ല്‍ റൊണാള്‍ഡോയുടെ പ്രകടനമെന്ന കാര്യത്തില്‍ തര്‍ക്കിമില്ല. കഴിഞ്ഞതവണയും ലോക ഫുട്‌ബോളര്‍ പട്ടം നേടയത് റൊണാള്‍ഡോയാണ്.
ബയേണ്‍ മ്യൂണിക്കിന്റെയും ജര്‍മനിയുടെയും ഗോള്‍വലയം കാത്ത മാനുവല്‍ ന്യൂയര്‍ എന്ന ഗോള്‍കീപ്പറാണ് മെസ്സിക്കും റൊണാള്‍ഡോയ്ക്കും കടുത്ത ഭീഷണി ഉയര്‍ത്തുന്നത്. ജര്‍മനി ലോകകപ്പ് നേടുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച ന്യൂയര്‍ ബയേണ്‍ മ്യൂണിക്കിന്റെ സ്വപ്‌ന കുതിപ്പിനു പിന്നലും ചാലക ശക്തിയായി. ക്ലബ്ബ് ഫുട്‌ബോളിലും അന്താരാഷ്ട്ര ഫുട്‌ബോളിലും ഒരു പോലെ തിളങ്ങിയ ന്യൂയര്‍ ആണ് മറ്റു രണ്ടു കളിക്കാരെക്കാള്‍ മെച്ചപ്പെട്ടവന്‍ എന്ന അഭിപ്രായക്കാരുണ്ടെങ്കിലും. തെരഞ്ഞെടുപ്പില്‍ മെസ്സിക്കും റൊണാള്‍ഡോയ്ക്കും കിട്ടുന്ന പിന്തുണ ന്യൂയര്‍ക്ക് കിട്ടില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഫുട്‌ബോള്‍ ടീം നായകന്‍മാരും രാജ്യാന്തര ഫുട്‌ബോള്‍ പരിശീലകരും പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമപ്രവര്‍ത്തകരും ചേര്‍ന്നാണ് ഫിഫയുടെ ബാലന്‍ ഡി ഓര്‍ പുരസ്‌കാരത്തിനായി വോട്ടു ചെയ്യുന്നത്.