കൊല്‍ക്കത്ത:മോഹന്‍ ബഗാന്‍ എ എഫ് സി കപ്പ് പ്ലേ ഓഫ് റൗണ്ടില്‍ പ്രവേശിച്ചു. ശ്രീലങ്കന്‍ ക്ലബ്ബ് കൊളംബോ എഫ് സിയെ രണ്ടാം പാദത്തിലും തോല്‍പ്പിച്ചാണ് ബഗാന്റെ മുന്നേറ്റം. കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം പാദം 2-1ന് ജയിച്ച ബഗാന്‍ ഇരുപാദത്തിലുമായി 4-2ന് മുന്നിലെത്തുകയായിരുന്നു.
ഇരുപത്തെട്ടാം മിനുട്ടില്‍ സോണി നോര്‍ദെയും അമ്പത്താറാം മിനുട്ടില്‍ ഡാറില്‍ ഡഫിയും ബഗാന് വേണ്ടി സ്‌കോര്‍ ചെയ്തു. പകരക്കാരനായിറങ്ങിയ ബല്‍വന്ദ് സിംഗ് എഴുപത്താറാം മിനുട്ടില്‍ പെനാല്‍റ്റി കിക്ക് പാഴാക്കി. എണ്‍പത്തെട്ടാം മിനുട്ടില്‍ ജീന്‍ യാപോയിലൂടെ ശ്രീലങ്കന്‍ ടീം ഒരു ഗോള്‍ തിരിച്ചടിച്ചു. ബഗാന്റെ അടുത്ത എതിരാളി മാലദ്വീപില്‍ നിന്നുള്ള വലന്‍സിയയാണ്. ഈ മാസം 21ന് ഇരുപാദ പ്ലേ ഓഫിലെ ആദ്യ പാദം നടക്കും. 28ന് രണ്ടാം പാദം. ഈ കടമ്പ കടന്നാല്‍ ഗ്രൂപ്പ് ഘട്ടത്തിലെത്തും. മത്സരം അരമണിക്കൂറിലേക്ക് പ്രവേശിക്കാനിരിക്കെ മികച്ച പാസിംഗ് ഗെയിമില്‍ ബഗാന്‍ ലീഡെടുത്തു.

കാസുമിയുടെ പാസില്‍ ഡഫി മുന്നേറി സോണി നോര്‍ദെക്ക് പന്തെത്തിച്ചു. ഫസ്റ്റ് ടൈം ഷോട്ടില്‍ നോര്‍ദെ വല കുലുക്കി. നാല് മിനുട്ടിനുള്ളില്‍ ഡഫിക്ക് ഗോളടിക്കാനുള്ള കാസുമി ഒരുക്കി. പക്ഷേ, സ്‌കോട്ടിഷ് സ്‌ട്രൈക്കറുടെ വോളി പുറത്തേക്ക് പറന്നു. മുപ്പത്തൊമ്പതാം മിനുട്ടിലാണ് കൊളംബോ എഫ് സി ബഗാന്‍വലയിലേക്ക് ആദ്യ ഷോട്ടുതിര്‍ത്തത്. രണ്ടാം പകുതിയില്‍ ലീഡ് പുതുക്കി ബഗാന്‍ മത്സരം വരുതിയിലാക്കുകയും ചെയ്തു.