കല്ലാന്‍ഗ് (സിംഗപ്പൂര്‍): ഇന്റര്‍നാഷണല്‍ ചാംപ്യന്‍സ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സ്പാനിഷ് ഗ്ലാമര്‍ ക്ലബ്ബായ അത്‌ലറ്റികോ മാഡ്രിഡിന് വിജയത്തുടക്കം. ഗ്ലാമര്‍ പോരാട്ടത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ ആഴ്‌സനലിനെയാണ് അത്‌ലറ്റികോ പരാജയപ്പെടുത്തിയത്.
നിശ്ചിത സമയത്ത് ഇരു ടീമും 1-1ന് പിരിഞ്ഞതിനെ തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് വിജയിയെ കണ്ടെത്തിയത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഗണ്ണേഴ്‌സ് താരങ്ങള്‍ക്ക് പിഴചപ്പോള്‍ അത്‌ലറ്റികോ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് വിജയം ആഘോഷിക്കുകയായിരുന്നു.
വിയെറ്റോയിലൂടെ അത്‌ലറ്റികോ... സ്മിത്തിലൂടെ തിരിച്ചടിച്ച് ഗണ്ണേഴ്‌സ്

കളിയുടെ ഒന്നാംപകുതിയിലെ 41ാം മിനിറ്റില്‍ ലുസിയാനോ ഡാരിയോ വിയയെറ്റോയിലൂടെ അത്‌ലറ്റികോയാണ് ആദ്യം മൂന്നിലെത്തിയത്. എന്നാല്‍, രണ്ടാംപകുതിയിലെ 47ാം മിനിറ്റില്‍ എമിലെ സ്മിത്ത് റോവിയുടെ സൂപ്പര്‍ സോളോ ഗോളിലൂടെ ആഴ്‌സനല്‍ തിരിച്ചടിക്കുകയായിരുന്നു.
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ലക്ഷ്യംതെറ്റി ആഴ്‌സനല്‍...
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ആഴ്‌സനലിനു വേണ്ടി കിക്കെടുത്ത നാല് താരങ്ങളില്‍ മൂന്ന് പേര്‍ക്കും ലക്ഷ്യം പിഴക്കുകയായിരുന്നു. ഹെന്റിക് എംകിത്രയന്‍, ജോര്‍ജ് വില്ലോക്ക്, എഡ്‌വാര്‍ഡ് എന്‍കെട്ടിഹ് എന്നിവരാണ് പെനാല്‍റ്റി കിക്ക് പാഴാക്കിയ ഗണ്ണേഴ്‌സ് താരങ്ങള്‍. മൂന്നാം കിക്കെടുത്ത കോറി മായിറ്റ്‌ലാന്‍ഡ് നിലെസിന് മാത്രമാണ് ആഴ്‌സനല്‍ നിലയില്‍ പെനാല്‍റ്റിയില്‍ ലക്ഷ്യം കാണാനായത്.
അത്‌ലറ്റികോയ്ക്കു വേണ്ടി റോഡ്രിഗോ ഹെര്‍ണാണ്ടസ്, വിക്ടര്‍ മൊലെജോ, ആന്റോണിയോ അഡാന്‍ എന്നിവര്‍ ഷൂട്ടൗട്ടില്‍ ലക്ഷ്യംകണ്ടപ്പോള്‍ കോറി മാര്‍ട്ടിനെസ്, ബോര്‍ജ ഗാര്‍സസ് എന്നിവര്‍ കിക്ക് പാഴാക്കി.