കൊല്‍ക്കത്ത: ഐ എസ് എല്‍ ക്ലബ്ബ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ പുതിയ പരിശീലകനായി മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ സ്‌ട്രൈക്കര്‍ ടെഡി ഷെറിംഗ്ഹാം വരുന്നു. ജോസ് മൊളീനയെ ഒഴിവാക്കിയ അത്‌ലറ്റിക്കോ കൊല്‍ക്കത്ത യൂറോപ്യന്‍ ഫുട്‌ബോളില്‍ തിളങ്ങിയ ഷെറിംഗ്ഹാമിനെയാണ് തത് സ്ഥാനത്തേക്ക് കണ്ടെത്തിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഗോളടിച്ച് കൂട്ടിയ ഷെറിംഗ്ഹാം അറ്റാക്കിംഗ് ഫുട്‌ബോളറാണ്.
1999 ല്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ പ്രശസ്തമായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ടീമംഗമാണ് ഷെറിംഗ്ഹാം. ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ അവസാന മിനുട്ടുകളില്‍ മാഞ്ചസ്റ്റര്‍ അത്ഭുതകരമായി തിരിച്ചുവരവ് നടത്തിയത് ഷെറിംഗ്ഹാമിന്റെ ഗോളിലായിരുന്നു. പ്രീമിയര്‍ ലീഗ് ക്ലബ്ബുകളായ ടോട്ടനം ഹോസ്പര്‍, വെസ്റ്റ്ഹാം യുനൈറ്റഡ് എന്നിവയിലും ഷെറിംഗ്ഹാം കളിച്ചു.

2014-15 സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് വെസ്റ്റ്ഹാമിന്റെ കോച്ചായി ജോലി ചെയ്ത ഷെറിംഗ്ഹാം പിന്നീട് രണ്ടാം ഡിവിഷന്‍ ക്ലബ്ബ് സ്റ്റിവെനേജിലേക്ക് ചുവട് മാറ്റി. 2016ല്‍ സ്റ്റിവെനേജില്‍ നിന്ന് പുറത്താക്കപ്പെട്ടു.
വെസ്റ്റ്ഹാമിനെ മികച്ച അറ്റാക്കിംഗ് നിരയാക്കി മാറ്റുവാന്‍ തുടക്കകാലത്ത് ഷെറിംഗ്ഹാമിന് സാധിച്ചിരുന്നു. പിന്നീടാണ് ടീം പിന്നാക്കം പോയത്. ഐ എസ് എല്ലില്‍ അറ്റാക്കിംഗ് ഗെയിം ലക്ഷ്യമിടുന്ന അത്‌ലറ്റിക്കോ ഏറ്റവും അനുയോജ്യനായ പരിശീലകനെയാണ് കൊണ്ടുവരുന്നത്. ഇതിന് പുറമെ ബെംഗളുരു എഫ് സി പരിശീലകന്‍ ആഷ്‌ലി വെസ്റ്റ് വുഡിനെ ടെക്‌നിക്കല്‍ ഡയറക്ടര്‍ സ്ഥാനത്തേക്ക് നിയമിച്ചിട്ടുണ്ട് കൊല്‍ക്കത്തന്‍ ക്ലബ്ബ്.