കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആറാം സീസണ്‍ ക്രിസ്മസ് ദിനത്തില്‍ ബെംഗളുരു എഫ്‌സിയും എടികെയും ഏറ്റുമുട്ടാനൊരുങ്ങുന്നു. എടികെയുടെ തട്ടകമായ കൊല്‍ക്കത്തയിലാണ് മത്സരം. അവസാന കളിയില്‍ സമനിലയുമായി എടികെയും ജയവുമായി ബെംഗളുരുവും കളത്തിലിറങ്ങുന്നു. 9 കളികളില്‍ നിന്നും 16 പോയന്റുമായി ബെംഗളുരു രണ്ടാം സ്ഥാനത്തും 15 പോയന്റുമായി എടികെ മൂന്നാം സ്ഥാനത്തുമാണ്.
റോയ് കൃഷ്ണ, ഡേവിഡ് വില്യംസ്, മൈക്കില്‍ സൂസൈരാജ് എന്നിവരുടെ മുന്നേറ്റനിരയിലാണ് കൊല്‍ക്കത്തയുടെ ഗോള്‍ പ്രതീക്ഷ. അന്റോണിയോ ഹബാസ് പരിശീലകനായി തിരിച്ചെത്തിയശേഷം ടീം ഉണര്‍ന്നുകഴിഞ്ഞു. വളരെ പ്രധാനപ്പെട്ട ഒരു മത്സരമാണിതെന്നാണ് ഹബാസിന്റെ പ്രതികരണം. ബെംഗളുരുവിനെ ജയം മാത്രം ലക്ഷ്യമാക്കിയാണിറങ്ങുകയെന്നും അദ്ദേഹം വ്യക്തമാക്കി. പ്രിതം കോട്ടാല്‍ സലാം രഞ്ജന്‍ സിങ് എന്നിവര്‍ അണിനിരക്കുന്ന പ്രതിരോധത്തിന് ബെംഗളുരുവിനെതിരെ പിടിപ്പത് പണിയുണ്ടാകുമെന്നുറപ്പാണ്.

സുനില്‍ ഛേത്രി, ആഷിഖ് കരുണിയന്‍, ഉദാന്ത സിങ് എന്നിവര്‍ തന്നെയാകും ബെംഗളുരുവിന്റെ കുന്തമുന. സീസണില്‍ ഒരു എവേ മത്സരംപോലും തോറ്റിട്ടില്ലെന്നും ബെംഗളുവിന് ആത്മവിശ്വാസമേകും. എടികെയ്‌ക്കെതിരെ കളിച്ച എല്ലാ മത്സരവും ജയിച്ച റെക്കോര്‍ഡും ബെംഗളുരുവിനുണ്ട്. ആകെ നാലു മത്സരങ്ങളില്‍നിന്നും ഒരു ഗോള്‍ മാത്രമാണ് എടികെ ബെംഗളുരുവിനെതിരെ സ്‌കോര്‍ ചെയ്തത്. ബെംഗളുരു രണ്ട് ഗോള്‍ മാര്‍ജിനിലെങ്കിലും ജയിക്കുമെന്നാണ് പ്രവചനം