റോം: ഇറ്റാലിയന്‍ സീരി എ ലീഗില്‍ രണ്ടാം സ്ഥാനം ബലപ്പെടുത്താനുള്ള പോരില്‍ എ എസ് റോമ ഏകപക്ഷീയമായ ഒരു ഗോളിന് എ സി മിലാനെ വീഴ്ത്തി. അറുപത്തിരണ്ടാം മിനുട്ടില്‍ നെയിന്‍ഗോലാനാണ് സ്‌കോര്‍ ചെയ്തത്.
ലീഗില്‍ പതിനാറ് റൗണ്ട് പൂര്‍ത്തിയാക്കിയ റോമ മുപ്പത്തഞ്ച് പോയിന്റുമായി രണ്ടാം സ്ഥാനത്തും മുപ്പത്തിരണ്ട് പോയിന്റുമായി മിലാന്‍ മൂന്നാം സ്ഥാനത്തും. 39 പോയിന്റുള്ള യുവെന്റസാണ് ഒന്നാം സ്ഥാനത്ത്. ഹോം ഗ്രൗണ്ടില്‍ തുടരെ അഞ്ചാം ജയവുമായാണ് റോമ ലീഗില്‍ രണ്ടാം സ്ഥാനത്ത് കുതിക്കുന്നത്. ഐ എസ് എല്ലില്‍ കേരള ബ്ലാഴേ്‌സ് തുടരെ ആറ് ഹോം ജയങ്ങള്‍ നേടിയതിന് സമാനമായാണ് ഇറ്റലിയില്‍ റോമയുടെ പടയോട്ടം.

റോമ ഗോള്‍ കീപ്പര്‍ വൊസിച് സെസ്‌നിയായിരുന്നു മത്സരത്തിലെ ശ്രദ്ധാകേന്ദ്രം. ആദ്യപ കുതിയില്‍ മിലാന് പെനാല്‍റ്റിയൊരുക്കിയ അബദ്ധം കാണിച്ച സെസ്‌നി ആ സ്‌പോട് കിക്ക് തടുത്തിട്ട് ഹീറോയായി. എംബായെ നിയാംഗായിരുന്നു കിക്കെടുത്തത്. രണ്ടാം പകുതിയില്‍ ഇരുപത് വാര അകലെ നിന്നുള്ള ഷോട്ടില്‍ ബെല്‍ജിയം താരം മിലാന്‍ വല കുലുക്കി.
ലീഗില്‍ റോമക്ക് പിടിമുറുക്കണമെങ്കില്‍ നാല് പോയിന്റ് മുകളില്‍ നില്‍ക്കുന്ന യുവെന്റസ് വീഴണം. ശനിയാഴ്ച യുവെയുടെ തട്ടകത്തിലാണ് റോമക്ക് കളി. അട്ടിമറി ജയം നേടാന്‍ സാധിച്ചാല്‍ റോമക്ക് ഒന്നാം സ്ഥാനത്തേക്കുള്ള ദൂരം കുറയ്ക്കാം.