സാവോപോളോ: മുന്‍ ചാംപ്യന്‍മാരായ അര്‍ജന്റീന കോപ്പ അമേരിക്കയില്‍ ആദ്യ റൗണ്ടില്‍ പുറത്താവുകയെന്ന നാണക്കേടില്‍ നിന്നും രക്ഷപ്പെട്ടു. തോറ്റാല്‍ പുറത്താവുമെന്ന വെല്ലുവിളിയുമായി ഗ്രൂപ്പ് ബിയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തിനിറങ്ങിയ അര്‍ജന്റീന എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു ഖത്തറിനെ തോല്‍പ്പിക്കുകയായിരുന്നു. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ പരാഗ്വേയ്‌ക്കേറ്റ പരാജയവും അര്‍ജന്റീനയ്ക്കു തുണയായി. കൊളംബിയയാണ് 1-0ന് പരാഗ്വേയെ വീഴ്ത്തിയത്. ഹാട്രിക് ജയത്തോടെ കൊളംബിയ ഗ്രൂപ്പ് ചാംപ്യന്‍മാരായി ക്വാര്‍ട്ടറിലെത്തിയപ്പോള്‍ രണ്ടാംസ്ഥാനത്ത് ഫിനിഷ് ചെയ്ത് അര്‍ജന്റീനയും അവസാന എട്ടിലേക്കു മുന്നേറി.

ഇരുപകുതികളിലുമായി ലൊറ്റാറോ മാര്‍ട്ടിനസ്, സെര്‍ജിയോ അഗ്വേറോ എന്നിവരുടെ ഗോളുകളാണ് ഖത്തറിനെതിരേ അര്‍ജന്റീനയ്ക്കു നിര്‍ണായക ജയം സമ്മാനിച്ചത്. നാലാം മിനിറ്റില്‍ തന്നെ ലൊറ്റാറോയുടെ ഹഗോളില്‍ അര്‍ജന്റീന അക്കൗണ്ട് തുറന്നിരുന്നു. ആദ്യപകുതിയില്‍ ഒരു ഗോളിന്റെ ലീഡുമായി കളംവിട്ട അര്‍ജന്റീന നിശ്ചിത സമയം തീരാന്‍ എട്ടു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ വിജയമുറപ്പാക്കിക്കൊണ്ട് അഗ്വേറോയിലൂടെ ഗോള്‍പട്ടിക തികയ്ക്കുകയായിരുന്നു. ജയിക്കാനായെങ്കിലും അര്‍ജന്റീനയുടെ പ്രകടനം ആരാധകര്‍ക്കു സംതൃപ്തി നല്‍കുന്നതായിരുന്നില്ല. തങ്ങളുടെ സ്വതസിദ്ധമായ ശൈലിയില്‍ ഒഴുക്കോടെയുള്ള പ്രകടനം കാഴ്ചവയ്ക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. സൂപ്പര്‍ താരം ലയണല്‍ മെസ്സിയും മല്‍സരത്തില്‍ നിരാശപ്പെടുത്തി. 81ാം മിനിറ്റിലാണ് അദ്ദേഹം ഗോളിലേക്ക് ആദ്യത്തെ ഷോട്ട് പരീക്ഷിച്ചത്.
അതേസമയം, ഗ്രൂപ്പിലെ ആദ്യ രണ്ടു മല്‍സരങ്ങളും ജയിച്ച് നേരത്തേ ക്വാര്‍ട്ടറില്‍ ഇടം നേടിയ കൊളംബിയ പരാഗ്വേയ്‌ക്കെതിരേയും വിജയമാവര്‍ത്തിക്കുകയായിരുന്നു. 31ാം മിനിറ്റില്‍ ഗുസ്താവോ ക്യുല്ലെറുടെ ഗോളാണ് കൊളംബിയക്ക് തുടര്‍ച്ചയായ മൂന്നാം വിജയം സമ്മാനിച്ചത്.