ടോക്കിയോ: ബാഴ്സലോണ സൂപ്പര്‍താരവും സ്പാനിഷ് മിഡ്ഫീല്‍ഡറുമായ ആന്ദ്രെസ് ഇനിയേസ്റ്റ ഇനി ജപ്പാനീസ് ഫുട്ബോള്‍ ക്ലബ്ബിനു വേണ്ടി പന്തുതട്ടും. അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ജപ്പാനീസ് ക്ലബ്ബായ വിസെല്‍ കോബെയ്ക്കൊപ്പമാണ് മുന്‍ ബാഴ്സ ക്യാപ്റ്റന്‍ കൂടിയായ ഇനിയേസ്റ്റ ഇനി പന്ത് തട്ടാനൊരുങ്ങുന്നത്.
പുതിയ തലമുറയിലെ താരങ്ങള്‍ക്ക് ഇനിയേസ്റ്റയുടെ വരവ് കൂടുതല്‍ ആത്മവിശ്വാസം നല്‍കുമെന്ന് കോബെ ഉടമ ഹിരോഷി മികിതാനി പ്രത്യാശ പ്രകടിപ്പിച്ചു. കോബെയിലേക്ക് എട്ടാം നമ്പര്‍ ജഴ്സി നല്‍കിയാണ് ഇനിയേസ്റ്റയെ മികിതാനി വരവേറ്റത്. എന്നാല്‍, 34 കാരനായ താരത്തിന്റെ ക്ലബ്ബുമായുള്ള കരാര്‍ വിവാരങ്ങള്‍ പുറത്തുവന്നിട്ടില്ല.
16 വര്‍ഷത്തെ അവിസ്മരണീയ കരിയറിനൊടുവില്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് സ്പാനിഷ് അതികായന്മാരായ ബാഴ്സലോണ വിടുന്നതായി ഇനിയേസ്റ്റ പ്രഖ്യാപിച്ചത്. ബാഴ്സലോണയ്ക്കൊപ്പം 32 കിരീട നേട്ടങ്ങളില്‍ താരം പങ്കാളിയായിട്ടുണ്ട്. പുതിയ ക്ലബ്ബിനൊപ്പം ചേര്‍ന്ന തങ്ങളുടെ പ്രിയപ്പെട്ട മുന്‍ ക്യാപ്റ്റന്ക്ക് ആശംസയര്‍പ്പിച്ച് ബാഴ്സ ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.