ഐസ്വാള്‍: ഐ ലീഗ് ചാമ്പ്യന്മാരായെ ചെന്നൈ സിറ്റിയെ സമനിലയില്‍ തളച്ച് ഐസ്വാള്‍ എഫ്‌സി വിലപ്പെട്ട പോയന്റ് സ്വന്തമാക്കി. ഐസ്വാളില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍വീതം നേടിയാണ് മത്സരം അവസാനിപ്പിച്ചത്. നാലു കളികളില്‍ നിന്നും 5 പോയന്റുമായി ഐസ്വാള്‍ ആറാം സ്ഥാനത്തും മൂന്നു കളികളില്‍നിന്നും 4 പോയന്റുമായി ചെന്നൈ സിറ്റി ഏഴാം സ്ഥാനത്തുമാണ്.
പന്ത് കൂടുതല്‍ സമയം കൈവശംവെച്ചത് ചെന്നൈ ആണെങ്കിലും ഐസ്വാളിനെതിരെ ജയം നേടാനായില്ല. വില്യം ലാല്‍നന്‍ഫേല(9)യിലൂടെ ഐസ്വാള്‍ ആണ് ആദ്യം ചെന്നൈ സിറ്റിയെ ഞെട്ടിച്ചത്. എന്നാല്‍ ആദ്യപകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെ റോബെര്‍ട്ടോ എസെല്‍വ(41) പെനാല്‍റ്റിയിലൂടെ ചെന്നൈ സിറ്റിക്ക് സമനിലനേടിക്കൊടുത്തു. രണ്ടാം പകുതിയില്‍ ഇരു ടീമുകളും ഗോളവസരം പാഴാക്കി.

രണ്ട് ടീമുകളും ചില മികച്ച അവസരങ്ങള്‍ പാഴാക്കിയതും തിരിച്ചടിയായി. ഐസ്വാള്‍ രണ്ടാം പകുതിയില്‍ പ്രതിരോധത്തില്‍ കൂടുതല്‍ മികവുകാട്ടിയതോടെ ചെന്നൈ സിറ്റിയുടെ ആക്രമണങ്ങളുടെ മുനയൊടിഞ്ഞു. സീസണില്‍ മോശം തുടക്കം ലഭിച്ച ചെന്നൈ ഡിസംബര്‍ 21ന് നെറോക്കയുമായി ഏറ്റുമുട്ടും. ഡിസംബര്‍ 20ന് പഞ്ചാബ് ആണ് ഐസ്വാളിന്റെ അടുത്ത എതിരാളികള്‍.