കൊല്‍ക്കത്ത: ഈസ്റ്റ്ബംഗാള്‍, മോഹന്‍ബഗാന്‍, അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഈ മൂന്ന് ക്ലബ്ബുകളില്‍ ഏറ്റവുമധികം ആരാധകര്‍ ആര്‍ക്കായിരിക്കും ? ഇന്ത്യന്‍ ഫുട്‌ബോളിന്റെ മെക്കയായ കൊല്‍ക്കത്തയില്‍ അത്‌ലറ്റിക്കോ രംഗപ്രവേശം ചെയ്തിട്ട് മൂന്ന് വര്‍ഷമേ ആകുന്നുള്ളൂ. ഐ എസ് എല്ലിന്റെ പ്രായമാണ് ഈ കൊല്‍ക്കത്തന്‍ ഫ്രാഞ്ചൈസിക്കുള്ളത്. എന്ത് തന്നെയായാലും മോഹന്‍ബഗാനും ഈസ്റ്റ്ബംഗാളും ഇക്കാലമത്രയും കൊല്‍ക്കത്തക്കാര്‍ക്ക് നല്‍കിയ വൈകാരികത അത്ര പെട്ടെന്നൊന്നും അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തക്ക് നല്‍കുവാന്‍ സാധിക്കില്ല.
ഇതൊരു വസ്തുതയാണെന്നിരിക്കെയാണ് ഐ എസ് എല്‍ ചാമ്പ്യന്‍മാരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ സഹ ഉടമ സഞ്ജീവ് ഗോയങ്ക ഒരു വെടി പൊട്ടിച്ചത്. ഇന്നിപ്പോള്‍ അത്‌ലറ്റിക്കോക്ക് ഈസ്റ്റ്ബംഗാളിനും മോഹന്‍ബഗാനുമുള്ളതിനേക്കാള്‍ ഫാന്‍ ബേസുണ്ട് ! - ഇതായിരുന്നു സഞ്ജീവ് കാച്ചിയത്.

രണ്ടാം തവണയും ഐ എസ് എല്‍ നേടിയതിന്റെ ആഘോഷച്ചടങ്ങിനിടെയാണ് ഗോയങ്ക ആവേശം കയറി ഇങ്ങനെ പറഞ്ഞത്. ഇതത്ര സുഖിച്ചിട്ടില്ല മറുഭാഗത്തിന്. മോഹന്‍ബഗാന്‍ കോച്ച് സഞ്‌ജോയ് സെന്‍ നല്ല മറുപടി നല്‍കി. അവര്‍ ആടിന്റെ മൂന്നാം കുഞ്ഞാണ്, വെറുതെ തുള്ളിച്ചാടിക്കളിക്കും. ഇങ്ങനെ പലതും ഇനി കേള്‍ക്കാം, അതൊന്നും മുഖവിലക്കെടുക്കാന്‍ പോകുന്നില്ല- സെന്‍ പറഞ്ഞു.
അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് സുബ്രത ദത്തയും ദേഷ്യം വന്നു. അടിസ്ഥാനപരമായി ഈസ്റ്റ്ബംഗാളിന്റെയും മോഹന്‍ബഗാന്റെയും ആരാധകരാണ് അത്‌ലറ്റിക്കോക്കുള്ളത്. അവര്‍ അവരുടെ ക്ലബ്ബിനെ സ്‌നേഹിക്കുന്നു, അതുപോലെ നഗരത്തിന്റെ ക്ലബ്ബിനെയും (അത്‌ലറ്റിക്കോയെ). അതുകൊണ്ടാണ് ഐ എസ് എല്ലില്‍ അത്‌ലറ്റിക്കോക്ക് വലിയ പിന്തുണ ലഭിക്കുന്നത്. ഐ ലീഗും ഐ എസ് എല്ലും ഒന്നായാല്‍ അത്‌ലറ്റിക്കോക്ക് ഇപ്പോഴുള്ള പിന്തുണയൊന്നും കൊല്‍ക്കത്തയില്‍ നിന്ന് ലഭിക്കുകയില്ല.
ഈസ്റ്റ്ബംഗാളിനും ബഗാനും കളിച്ചിട്ടുള്ള മുന്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ശ്യാം ഥാപ പറയുന്നത് അത്‌ലറ്റിക്കോ ഈസ്റ്റ്ബംഗാളിനും മോഹന്‍ബഗാനുമെതിരായി കളിച്ചാല്‍ വിവരമറിയും എന്നാണ്. എത്രപേര്‍ അവര്‍ക്കൊപ്പമുണ്ടാകും. ഒരു സംശയവും വേണ്ട അമ്പത് പേരില്‍ കൂടുതല്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തക്ക് വേണ്ടി ആര്‍ത്തലയ്ക്കാനുണ്ടാകില്ല !