ദില്ലി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ രംഗത്തെ ശത്രുത കായിക രംഗത്തും പ്രകടമാണ്. ക്രിക്കറ്റില്‍ ഇത് കൂടുതല്‍ വൈകാരികമാകുമ്പോള്‍ മറ്റു കായിക രംഗത്തും ഇരു രാജ്യങ്ങളും ഏറ്റുമുട്ടുമ്പോള്‍ വീറും വാശിയും ഏറും. അതുകൊണ്ടുതന്നെ കൂറ്റന്‍ തോല്‍വികള്‍ വലിയ നാണക്കേടായാണ് ഇരുകൂട്ടരും കരുതുന്നത്. കഴിഞ്ഞദിവസം നടന്ന ഒരു ഫുട്ബോള്‍ മത്സരത്തില്‍ ഇന്ത്യയോട് 18 ഗോളുകള്‍ക്ക് തോറ്റ പാക്കിസ്ഥാന്റെ അവസ്ഥയും മറ്റൊന്നല്ല.
എഎഫ്സി അണ്ടര്‍ 19 വനിതാ യോഗ്യതാ മത്സരത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ തകര്‍ത്തത് 18 ഗോളുകള്‍ക്കാണ്. ഇരു ടീമുകളും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ഒരു സ്കൂള്‍ ടീമിന്റെ നിലവാരം പോലും പുറത്തെടുക്കാന്‍ പാക്കിസ്ഥാന് ദേശീയ ടീമിന് കഴിഞ്ഞില്ലെന്നതാണ് സത്യം. കളി തുടങ്ങി രണ്ടു മിനിറ്റില്‍ തുടങ്ങിയ ഗോള്‍വര്‍ഷം അവസാന മിനിറ്റിലും ഇന്ത്യ തുടര്‍ന്നു.
കളിയുടെ രണ്ടാം മിനിറ്റില്‍ മനീഷയാണ് ഇന്ത്യയുടെ അക്കൗണ്ട് തുറന്നത്. ഏഴാം മിനിറ്റില്‍ സ്കോര്‍ രണ്ടായി ഉയര്‍ത്തി. തുടരെ ഗോള്‍ നേടിയ ഇന്ത്യ പകുതിസമയം ആകുമ്പോള്‍ 9-0ത്തിന് മുന്നിട്ടുനില്‍ക്കുകയായിരുന്നു. ആദ്യ ഗോള്‍ നേടിയ മനീഷ ഇന്ത്യയ്ക്കുവേണ്ടി ഹാട്രിക് നേടി. രണ്ടാപകുതിയില്‍ ഉശിരന്‍ പ്രകടനം നടത്തിയ രേണു അഞ്ചു ഗോളുകളാണ് നേടിയത്. പാക്കിസ്ഥാന്താരം ഇമാന് ഫയാസ് സെല്‍ഫ് ഗോളും നേടി.
കോലി എക്കാലത്തെയും മികച്ച ഏകദിന താരം; വാനോളം പുകഴ്ത്തി പാക്കിസ്ഥാന്