ദോഹ: ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് എ സി മിലാന്. സീരി എ ലീഗ് ചാമ്പ്യന്‍മാരായ യുവെന്റസിനെ ഷൂട്ടൗട്ടില്‍ 4-3ന് കീഴടക്കിയാണ് മിലാന്‍ കപ്പുയര്‍ത്തിയത്. നിശ്ചിത സമയത്തും അധിക സമയത്തും സ്‌കോര്‍ 1-1 ആയിരുന്നു. പുതിയ കോച്ച് വിസെന്‍സോ മോന്റെലക്ക് കീഴില്‍ മിലാന്റെ ആദ്യ കിരീടജയമാണിത്.

ഷൂട്ടൗട്ടില്‍ ജിയാന്‍ലൂജി ഡൊന്നാരുമ ഹീറോ..
മിലാന്‍ ഗോള്‍ കീപ്പര്‍ ജിയാന്‍ലൂജി ഡൊന്നാരുമ യുവെന്റസ് താരം പോളോ ഡിബാലയുടെ കിക്ക് തടുത്തിട്ടതോടെയാണ് മത്സരഫലം നിര്‍ണയിക്കപ്പെട്ടത്. യുവെയുടെ മരിയോ മാന്‍ഡുകിചും കിക്ക് പാഴാക്കിയിരുന്നു. മിലാന്‍ താരങ്ങളില്‍ ജിയാന്‍ലുക ലാപഡുലയാണ് കിക്ക് പാഴാക്കിയത്. നിശ്ചിയ സമയത്ത് സമിഖെദീറയുടെയും ഹിഗ്വെയിന്റെയും ബുള്ളറ്റ് ഷോട്ടുകള്‍ തടഞ്ഞും ഡൊന്നാരുമ കൈയ്യടി നേടി.
ആദ്യ പകുതിയില്‍ ഗോളുകള്‍..
യുവെന്റസ് നായകന്‍ ജോര്‍ജിയോ ചെല്ലെനി പതിനെട്ടാം മിനുട്ടില്‍ ആദ്യ ഗോളടിച്ചു. ആദ്യപകുതിക്ക് പിരിയും മുമ്പെ മിലാന് വേണ്ടി ജിയോകോമോ ബൊനവെന്റുറ സമനില ഗോളടിച്ചു.
യുവെ ആഞ്ഞടിച്ചു, മിലാന്‍ പിടിച്ചു നിന്നു..
യുവെന്റസ് തകര്‍ത്തു കളിച്ച രണ്ടാം പകുതിയിലും അധിക സമയത്തെ മുപ്പത് മിനുട്ടിലും മിലാന്‍ പ്രതിരോധം ശക്തമാക്കി പിടിച്ചു നിന്നു. ഇതിനിടെ മിലാന്‍ കൗണ്ടര്‍ അറ്റാക്കിംഗ് നടത്തി. അലെസിയോ റൊമാഗ്നോലിയുടെ ഹെഡര്‍ ക്രോസ് ബാറില്‍ തട്ടിത്തെറിച്ചില്ലായിരുന്നെങ്കില്‍ ഷൂട്ടൗട്ടില്‍ പോകാതെ മിലാന് കപ്പുയര്‍ത്താമായിരുന്നു.
യുവെന്റസിനൊപ്പം മിലാനും ഏഴാം കിരീടം
ഇറ്റാലിയന്‍ സൂപ്പര്‍കോപ കിരീടം ഏഴ് തവണ നേടിയ യുവെന്റസിന്റെ റെക്കോര്‍ഡിനൊപ്പമെത്തി എ സി മിലാനും.
ഖത്തര്‍ യുവെന്റസിനെ തുണയ്ക്കില്ല..
തുടരെ അഞ്ചാം വര്‍ഷവും യുവെന്റസ് ഇറ്റാലിയ സുപ്പര്‍കോപ കലാശപ്പോരിനെത്തി. ഇതില്‍ മൂന്ന് തവണയും യുവെന്റസ് ചാമ്പ്യന്‍മാരായി. ഇത്തവണത്തേത് ഉള്‍പ്പടെ രണ്ട് തോല്‍വിയും യുവെന്റസ് നേരിട്ടത് ഖത്തര്‍ വേദിയായപ്പോഴാണ്.
ബുഫണിന്റെ 600ാം മത്്‌സരം
യുവെന്റസില്‍ ഗോള്‍ കീപ്പര്‍ ജിയാന്‍ ലൂജി ബുഫണിന്റെ അറുനൂറാം മത്സരമായിരുന്നു ഇത്. മത്സരം തോറ്റതോടെ അറുനൂറിന്റെ ആഘോഷം വെള്ളത്തിലായെന്ന് മാത്രം.