''ക്രിസ്റ്റിയെ തോല്‍പ്പിക്കാനാവില്ല മെസ്സീ''... തോന്നുന്നെങ്കില്‍ അതിമോഹം? ഈ റെക്കോര്‍ഡുകള്‍ നോക്കൂ
മാഡ്രിഡ്: നിലവില്‍ ലോക ഫുട്‌ബോളിലെ ഏറ്റവും കേമനാര്? കൃത്യമായ ഉത്തരം പറയാനാവാത്ത ചോദ്യമാണിത്. കാരണം തങ്ങളുടെ പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ കൊണ്ട് രണ്ടു താരങ്ങള്‍ ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അര്‍ജന്റീനയുടെ ബാഴ്‌സലോണ ഇതിഹാസം ലയണല്‍ മെസ്സിയും പോര്‍ച്ചുഗലിന്റെ റയല്‍ മാഡ്രിഡ് സ്റ്റാര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമാണ് ഇവര്‍.
കേമന്‍ ആരെന്ന കാര്യത്തില്‍ ഇപ്പോഴും തര്‍ക്കം തുടരുകയാണെങ്കിലും ക്രിസ്റ്റിയാനോയ്ക്കു മാത്രം അവകാശപ്പെട്ട ചില റെക്കോര്‍ഡുകളുണ്ട്. ഒരുപക്ഷെ മെസ്സിക്ക് ഒരിക്കലും തകര്‍ക്കാന്‍ സാധിക്കാത്ത അഞ്ചു റെക്കോര്‍ഡുകള്‍ ഇവയാണ്.

തുടര്‍ച്ചയായി 5 സീസണ്‍, 50ലേറെ ഗോളുകള്‍
റയലിനു വേണ്ടി തുടര്‍ച്ചയായി അഞ്ചു സീസണുകളില്‍ 50ലേറെ ഗോളുകള്‍ നേടി റൊണാള്‍ഡോ റെക്കോര്‍ഡിട്ടിട്ടുണ്ട്. 2010-11 സീസണിലാണ് താരം ഈ കുതിപ്പ് തുടങ്ങിയത്.
2011-12 സീസണില്‍ 60ഉം 2012-13 സീസണില്‍ 60ഉം 2012-13 സീസണില്‍ 55ഉം 2013-14 സീസണില്‍ 51ഉം 2014-15 സീസണില്‍ 61ഉം 2015-6 സീസണില്‍ 51ഉം ഗോളുകളാണ് റൊണാള്‍ഡോ വാരിക്കൂട്ടിയത്.
മെസ്സി ഇതുവരെ അഞ്ചു സീസണുകളില്‍ 50ലേറെ ഗോളുകള്‍ നേടിയിട്ടണ്ടെങ്കിലും തുടര്‍ച്ചയായി നേടാനായത് മൂന്നു തവണ മാത്രമാണ്.

ചാംപ്യന്‍സ് ലീഗ് ഗോള്‍വേട്ടക്കാരന്‍
യൂറോപ്പിലെ എലൈറ്റ് ക്ലബ്ബുകള്‍ അണിനിരക്കുന്ന ചാംപ്യന്‍സ് ലീഗിലും മെസ്സിക്ക് ഒരുപക്ഷെ എത്തിപ്പിടിക്കാനാവാത്ത റെക്കോര്‍ഡ് റൊണാള്‍ഡോയുടെ പേരിലുണ്ട്. ടൂര്‍ണമെന്റിന്റെ ഗ്രൂപ്പുഘട്ടത്തിലെ മുഴുവന്‍ മല്‍സരങ്ങളിലും ഗോള്‍ നേടിയ താരമണ് റൊണാള്‍ഡോ. കൂടാതെ ചാംപ്യന്‍സ് ലീഗില്‍ ഒരു കലണ്ടര്‍ വര്‍ഷം 15ല്‍ കൂടുതല്‍ ഗോളുകള്‍ മൂന്നു തവണയും അദ്ദേഹം നേടിയിട്ടുണ്ട്. കൂടാതെ ചാംപ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായി എട്ടു മല്‍സരങ്ങളില്‍ ഗോള്‍ നേടിയ താരം ്കൂടിയാണ് അദ്ദേഹം.
തീരുന്നില്ല, ചാംപ്യന്‍സ് ലീഗില്‍ ഗോളുകള്‍ സെഞ്ച്വറി തികച്ച ഏക കളിക്കാരനും റൊണാള്‍ഡോയാണ്. ഈ കണക്കുകള്‍ വച്ചു നോക്കുമ്പോള്‍ റൊണാള്‍ഡോയേക്കാള്‍ ഏറെ പിറകിലാണ് മെസ്സി.

60 ഗോളുകള്‍, തുടര്‍ച്ചയായി 4 തവണ
തുടര്‍ച്ചയായി നാലു കലണ്ടര്‍ വര്‍ഷം 60 ഗോളുകള്‍ നേടിയ ഏക താരവും റൊണാള്‍ഡോയാണ്. കരിയറില്‍ രണ്ടു തവണ മാത്രമാണ് മെസ്സിക്ക് ഈ നേട്ടം കൈവരിക്കാനായിട്ടുള്ളത്. 2012ല്‍ 91 ഗോളുകള്‍ അദ്ദേഹം അടിച്ചുകൂട്ടിയിരുന്നു.
ഒരു കലണ്ടര്‍ വര്‍ഷം തുടര്‍ച്ചയായി ഏഴു തവണ ഗോളുകളില്‍ അര്‍ധസെഞ്ച്വറി തികച്ച ഏകതാരമെന്ന റെക്കോര്‍ഡും റൊണാള്‍ഡോയുടെ പേരിലാണ്. മെസ്സിക്ക് തുടര്‍ച്ചയായി നാലു തവണയാണ് ഈ നേട്ടം കൈവരിക്കാനായത്.

ദേശീയ ടീം ഗോളുകളും നേട്ടവും
തന്റെ ക്ലബ്ബായ റയലിനു വേണ്ടി മാത്രമല്ല ദേശീയ ടീം പോര്‍ച്ചുഗലിനു വേണ്ടിയും റൊണാള്‍ഡോ കസറിയിട്ടുണ്ട്. 2016ല്‍ ടീമിനൊപ്പം യൂറോ കപ്പ് കിരീടവിജയത്തില്‍ റൊണാള്‍ഡോ പങ്കാളിയായിരുന്നു. ഇതുകൂടാതെ 2017ലെ ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ പോര്‍ച്ചുഗലിനെ മൂന്നാംസ്ഥാനത്തെത്തിക്കാനും അദ്ദേഹത്തിനു സാധിച്ചു.
അതേസമയം, 2014ലെ ലോകകപ്പില്‍ അര്‍ജന്റീനയെ റണ്ണറപ്പാക്കിയതു മാത്രമാണ് മെസ്സിക്ക് അവകാശപ്പെടാനുള്ളത്.
ദേശീയ ടീമിനായുള്ള ഗോളുകളുടെ എണ്ണത്തിലും റൊണാള്‍ഡോയ്ക്ക് താഴെയാണ് മെസ്സി. 79 ഗോളുകളാണ് റൊണാള്‍ഡോയുടെ സമ്പാദ്യമെങ്കില്‍ മെസ്സിക്കു നേടാനായത് 61 ഗോളുകളാണ്.

ഗോള്‍ശരാശരിയിലും റൊണാള്‍ഡോ തന്നെ
സ്പാനിഷ് ലീഗിലെ ഗോള്‍ശരാശരിയിലും മെസ്സിക്കു മുകളിലാണ് റൊണാള്‍ഡോ. ഇതുവരെ റയലിനു വേണ്ടി 279 ലീഗ് മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള പോര്‍ച്ചുഗീസ് സൂപ്പര്‍ താരം 289 ഗോളുകളാണ് വാരിക്കൂട്ടിയത്.
മെസ്സി 401 ലീഗ് മല്‍സരങ്ങള്‍ കളിച്ചെങ്കിലും 366 ഗോളുകളേ നേടിയിട്ടുള്ളൂ. മെസ്സിയുടെ ഗോള്‍ പെര്‍ ഗെയിം ശരാശരി .91 ആണെങ്കില്‍ റൊണാള്‍ഡോയുടേത് 1.04 ആണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications