സിംബാബ് വെയുടെ മുന്‍ നായകനും ക്രിക്കറ്റ് ഇതിഹാസവുമായ ഹീത്ത് സ്ട്രീക്ക് മരിച്ചുവെന്ന വാര്‍ത്ത വ്യാജം. ഇന്ന് രാവിലെയാണ് ഹീത്ത് സ്ട്രീക്ക് മരിച്ചുവെന്ന വാര്‍ച്ച പ്രചരിച്ചത്. എന്നാല്‍ അദ്ദേഹം മരണപ്പെട്ടിട്ടില്ലെന്നും ഇപ്പോഴും ജീവനോടെയുണ്ടെന്നും പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ സിംബാബ്‌വെ പേസറായ ഹെന്റി ഒലോങ്ക. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് സ്ട്രീക്ക് മരണപ്പെട്ടട്ടില്ലെന്ന സ്ഥിരീകരണം അദ്ദേഹം ആരാധകരുമായി പങ്കുവെച്ചത്.
സിംബാബ്വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് കരളിന് അര്‍ബുദം ബാധിച്ച് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. ബൗളിങ് ഓള്‍റൗണ്ടറായ സ്ട്രീക്ക് ഒരു കാലഘട്ടത്തെയാകെ വിസ്മയിപ്പിച്ച സിംബാബ്വെ താരങ്ങളിലൊരാളാണ്. സിംബാബ്വെക്കായി ടെസ്റ്റിലും ഏകദിനത്തിലും മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള കളിക്കാരന്മാരിലൊരാളാണ് സ്ട്രീക്ക്.

അര്‍ബുദത്തിന്റെ ചികിത്സ ദക്ഷിണാഫ്രിക്കയില്‍ നടന്നുവരവെയാണ് അദ്ദേഹം വിടപറഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകളെത്തിയത്. 49കാരനായ സ്ട്രീക്ക് മരണപ്പെട്ടുവെന്ന വാര്‍ത്ത പുറത്തുവന്നതോടെ ക്രിക്കറ്റ് ലോകത്തെ പ്രമുഖരെല്ലാം ഹീത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. നിലവിലെ സിംബാബ്വെ നായകന്‍ സീന്‍ വില്യംസ് തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ ഹീത്തിന് അന്ത്യാഞ്ജലി നേര്‍ന്നിരുന്നു. മുന്‍ സിംബാബ്വെ പേസര്‍ ഹെന്റി ഒലോങ്കയും ഹീത്തിന്റെ വിയോഗത്തിന്റെ ദുഖം പങ്കുവെച്ചു.
വൈകാരികമായി കുറിപ്പിടുകയും ചെയ്ത ശേഷമാണ് വസ്തുത അന്വേഷിക്കുന്നത്. ഇതിന് ശേഷമാണ് ഒലോങ്ക തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്. ഇന്ത്യയുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ആര്‍ അശ്വിനും ഹീത്തിന്റെ വിയോഗത്തില്‍ ആദരാഞ്ജലി നേര്‍ന്നിരുന്നു. ഹീത്ത് സ്ട്രീക്ക് ഇനി ഇല്ല, ദുഖകരം, വളരെ ദുഖകരം' എന്നാണ് അശ്വിന്‍ തന്റെ ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ചത്.
സിംബാബ് വെക്കായി 65 ടെസ്റ്റ് കളിച്ച ഹീത്ത് 1990 റണ്‍സും 216 വിക്കറ്റും വീഴ്ത്തിയപ്പോള്‍ 189 ഏകദിനത്തില്‍ നിന്ന് 2943 റണ്‍സും 239 വിക്കറ്റുമാണ് സ്വന്തമാക്കിയത്. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലും ഗംഭീര റെക്കോഡ് അദ്ദേഹത്തിന് അവകാശപ്പെടാം.
175 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 5684 റണ്‍സും 499 വിക്കറ്റും 309 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 4089 റണ്‍സും 385 വിക്കറ്റും 23 ടി20യില്‍ നിന്ന് 333 റണ്‍സും 24 വിക്കറ്റുമാണ് ഹീത്ത് നേടിയത്. സിംബാബ്വെയ്ക്ക് പകരം മറ്റൊരു ക്രിക്കറ്റ് ടീമിലായിരുന്ന ഹീത്ത് ഉണ്ടായിരുന്നതെങ്കില്‍ വലിയ നേട്ടങ്ങളിലേക്കും ബഹുമതികളിലേക്കുമെത്താന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നു. സിംബാബ് വെക്കായി ടെസ്റ്റിലും ഏകദിനത്തിലും 100 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ആദ്യത്തെ താരമാണ് ഹീത്ത്.
1993ല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കെത്തിയ ഹീത്ത് സ്ട്രീക്ക് ഇതിഹാസ താരങ്ങളോടൊപ്പം മത്സരിച്ചാണ് സൂപ്പര്‍ താരമെന്ന നിലയിലേക്ക് വളര്‍ന്നത്. 2000ല്‍ സിംബാബ്വെയുടെ നായകസ്ഥാനവും അദ്ദേഹത്തിന് ലഭിച്ചു. 2001ല്‍ ന്യൂസീലന്‍ഡിനെ അവരുടെ തട്ടകത്തില്‍ തകര്‍ത്ത് സിംബാബ്വെക്ക് ആദ്യ എവേ ടെസ്റ്റ് പരമ്പര നേടിക്കൊടുത്ത നായകനാണ് ഹീത്ത് സ്ട്രീക്ക്. എന്നാല്‍ ടീമിനുള്ളിലെ പ്രശ്നങ്ങളെത്തുടര്‍ന്ന് നായകനായി അധികനാള്‍ തുടരാന്‍ അദ്ദേഹത്തിനായില്ല.
2002ല്‍ സ്ട്രീക്ക് നായകസ്ഥാനം ഒഴിഞ്ഞു. പിന്നീട് വീണ്ടും നായകസ്ഥാനം ലഭിച്ചെങ്കിലും 2004ല്‍ വീണ്ടും നായകസ്ഥാനത്ത് നിന്ന് മാറി. 2005ല്‍ ഇന്ത്യക്കെതിരേയാണ് അവസാനമായി ടെസ്റ്റ് കളിച്ചത്. വിരമിച്ച ശേഷം പരിശീലക കുപ്പായത്തിലേക്കും അദ്ദേഹമെത്തി. 2009ല്‍ സിംബാബ് വെയുടെ ബൗളിങ് പരിശീലകനായി. 2013ല്‍ ഈ സ്ഥാനം ഒഴിഞ്ഞു. 2018ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബൗളിങ് പരിശീലകനായും പ്രവര്‍ത്തിച്ചു.