മുംബൈ: ഗൗതം ഗംഭീര്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനായതിന് പിന്നാലെ ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണി ശക്തമായി നടത്തുകയാണ്. പരിശീലക സംഘത്തിലും ഗംഭീര്‍ അഴിച്ചുപണി കൊണ്ടുവരുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇന്ത്യയുടെ സഹ പരിശീലകനായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സഹ പരിശീലകനും പാതി മലയാളിയുമായ അഭിഷേക് നായര്‍ വരുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഇപ്പോഴിതാ ഇന്ത്യയുടെ ബൗളിങ് പരിശീലകനാവാന്‍ ഗംഭീര്‍ രണ്ട് പേരിലൊരാളെ ആവശ്യപ്പെട്ടുവെന്നാണ് വിവരം.
അത് ഇന്ത്യയുടെ മുന്‍ പേസറും ഇടം കൈയനുമായ സഹീര്‍ ഖാനും വലം കൈയന്‍ പേസറായിരുന്ന ലക്ഷ്മിപതി ബാലാജിയുമാണ്. സഹീര്‍ ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച പേസ് ബൗളര്‍മാരിലൊരാളാണ്. അതുകൊണ്ടുതന്നെ സഹീര്‍ ഇന്ത്യയുടെ ബൗളിങ് പരിശീലകനായി വരണമെന്ന് ആഗ്രഹിക്കുന്നവരാണ് ഏറെയും. സഹീര്‍ ഖാന്റെ മിന്നല്‍ യോര്‍ക്കറുകള്‍ ഒരു കാലഘട്ടത്തില്‍ ഇന്ത്യന്‍ ടീമിന്റെ കുന്തമുനയായിരുന്നു. സഹീറിന് കാലമിത്ര കഴിഞ്ഞിട്ടും ഇപ്പോഴും വലിയ ആരാധക പിന്തുണയുണ്ട്.
അത്രത്തോളം ആരാധക മനസില്‍ ഇടം നേടിയ ബൗളറാണ് സഹീര്‍ ഖാന്‍. നിലവില്‍ മുംബൈ ഇന്ത്യന്‍സിന്റെ പരിശീലക സംഘത്തിന്റെ ഭാഗമാണ് സഹീര്‍ ഖാന്‍. ഏറെ നാളുകളായി മുംബൈ ടീമിനൊപ്പം സഹീറുണ്ട്. അടുത്ത സീസണിന് മുമ്പ് മെഗാ ലേലം നടക്കാനുണ്ട്. അതുകൊണ്ടുതന്നെ ടീം വിടാനുള്ള അവസരം ഇപ്പോള്‍ സഹീറിനുണ്ട്. അദ്ദേഹം വന്നാല്‍ യുവതാരങ്ങള്‍ക്ക് അത് കൂടുതല്‍ ആവേശം നല്‍കും. ജസ്പ്രീത് ബുംറയെപ്പോലെയുള്ള പേസര്‍മാരുടെ മൂര്‍ച്ച ഇനിയും കൂട്ടാന്‍ സഹീര്‍ പരിശീലകനായാല്‍ സാധിക്കും.
ഇന്ത്യന്‍ ടീമില്‍ നിലവില്‍ നന്നായി യോര്‍ക്കറുകള്‍ എറിയുന്ന താരം ബുംറ മാത്രമാണ്. സഹീര്‍ വന്നാല്‍ യോര്‍ക്കര്‍ എറിയാന്‍ കഴിവുള്ള കൂടുതല്‍ മികച്ച ബൗളര്‍മാരെ വളര്‍ത്താന്‍ സാധിക്കും. ഇന്ത്യക്ക് പ്രതീക്ഷ നല്‍കി നിരവധി യുവതാരങ്ങള്‍ വളര്‍ന്നുവരുന്നുണ്ട്. ഹര്‍ഷിത് റാണ, മായങ്ക് യാദവ്, തുഷാര്‍ ദെശപാണ്ഡെ എന്നിവരെല്ലാം മികച്ച പ്രകടനം നടത്തുന്ന യുവ പ്രതിഭകളാണ്. ഇവരെയെല്ലാം വളര്‍ത്താന്‍ സഹീറിനെപ്പോലൊരു പരിശീലകന്‍ ഇന്ത്യക്കൊപ്പം വരേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

മറ്റൊരാള്‍ തമിഴ്‌നാടുകാരനായ എല്‍ ബാലാജിയാണ്. നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായി ഗംഭീറിനൊപ്പം കളിച്ചിട്ടുള്ള താരമാണ് ബാലാജി. ഇന്ത്യന്‍ ടീമിലും ഗംഭീറിനൊപ്പം ബാലാജി കളിച്ചിട്ടുണ്ട്. കൂടാതെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബൗളിങ് പരിശീലകന്റെ റോളിലും ബാലാജി തിളങ്ങിയിട്ടുണ്ട്. യുവതാരങ്ങളെ വളര്‍ത്തുന്നതില്‍ ബാലാജിയും മികവ് കാട്ടുന്ന പരിശീലകനാണ്. അതുകൊണ്ടുതന്നെ ബാലാജി വരുന്നതിനോടും ഗംഭീറിന് താല്‍പര്യമാണ്.
എന്നാല്‍ വിനയ് കുമാര്‍ ഇന്ത്യയുടെ ബൗളിങ് പരിശീലകനാവുമെന്ന റിപ്പോര്‍ട്ടുകളെ ബിസിസി ഐ വൃത്തങ്ങള്‍ തള്ളിയിട്ടുണ്ട്. ഇത്തരമൊരു ചര്‍ച്ച നടന്നിട്ടില്ലെന്നാണ് ബിസിസി ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തത്. വിനയ് കുമാര്‍ മികച്ച റെക്കോഡുള്ള ബൗളറല്ല. ഇന്ത്യന്‍ ടീമിനൊപ്പവും വലിയ കരിയര്‍ അദ്ദേഹത്തിന് അവകാശപ്പെടാനാവില്ല. അതുകൊണ്ടുതന്നെ വിനയ് കുമാറിനെ ഇന്ത്യ പരിഗണിക്കാന്‍ യാതൊരു സാധ്യതയുമില്ല.
സഹീര്‍ ഖാന്‍, ബാലാജി എന്നിവര്‍ ഇന്ത്യന്‍ ആരാധക ഹൃദയങ്ങളില്‍ ഇടം പിടിച്ചവരും പരിശീലക റോളില്‍ ഐപിഎല്ലില്‍ അനുഭവസമ്പത്തുള്ളവരുമാണ്. അതുകൊണ്ടുതന്നെ ഇവര്‍ക്ക് മുഖ്യ പരിഗണന ലഭിക്കാനാണ് സാധ്യത കൂടുതല്‍. ഇവരില്‍ ആര് വരുമെന്നതാണ് കണ്ടറിയേണ്ടത്. ഇന്ത്യയുടെ ഫീല്‍ഡിങ് പരിശീലകനായി ടി ദിലീപ് തുടര്‍ന്നേക്കുമെന്നാണ് വിവരം. മുഹമ്മദ് കൈഫ്, സുരേഷ് റെയ്‌ന എന്നിവരിലൊരാള്‍ ഫീല്‍ഡിങ് പരിശീലകനായി എത്തുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു.
എന്നാല്‍ ഇതിന് സാധ്യതയില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഇന്ത്യയുടെ പുതിയ പരിശീലക സംഘത്തെ തീരുമാനിക്കുന്നത് മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ നിര്‍ദേശ പ്രകാരമാണ്. സഹ പരിശീലകനായി സെവാഗ്, യുവരാജ് സിങ് എന്നിവരിലൊരാള്‍ എത്തുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇതിന് സാധ്യത കുറവാണ്.