ബെര്‍മിങ്ഹാം: ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിരമിച്ചു കഴിഞ്ഞെങ്കിലും 42ാം വയസ്സിലും തന്റെ ബാറ്റിങിലെ മൂര്‍ച്ച ഒട്ടും കുറഞ്ഞിട്ടില്ലെന്നു കാണിച്ചു തന്നിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. ഇംഗ്ലണ്ടില്‍ നടക്കുന്ന മുന്‍ ക്രിക്കറ്റര്‍മാരുടെ ലെജന്റ്‌സ് ലോക ചാംപ്യന്‍ഷിപ്പ് ടി20 ടൂര്‍ണമെന്റിലാണ് യുവി ബാറ്റിങില്‍ കസറിയത്. അദ്ദേഹം നയിച്ച ഇന്ത്യ ചാംപ്യന്‍സ് ടീം കളിയില്‍ വിജയം കൊയ്യുകയും ചെയ്തു. മഴ തടസ്സപ്പെടുത്തിയ കളിയില്‍ ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം വെസ്റ്റ് ഇന്‍ഡീസ് ചാംപ്യന്‍സിനെയാണ് 27 റണ്‍സിനു യുവിയുടെ ടീം തകര്‍ത്തത്.
സുരേഷ് റെയ്‌ന, റോബിന്‍ ഉത്തപ്പ, ഇര്‍ഫാന്‍ പഠാന്‍, യൂസുഫ് പഠാന്‍, ഹര്‍ഭജന്‍ സിങ് തുടങ്ങി വലിയ താരനിരയുമായാണ് ഇന്ത്യ ചാംപ്യന്‍സ് കളിച്ചത്. പക്ഷെ ഇവരൊന്നുമല്ല, കളിയില്‍ ഇന്ത്യന്‍ ടീമിന്റെ അപ്രതീക്ഷിത ഹീറോയായി മാറിയത് മധ്യനിര ബാറ്റര്‍ ഗുര്‍കീരത് സിങാണ്. അഞ്ചാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം പുറത്താവാതെ 86 റണ്‍സാണ് അടിച്ചെടുത്തത്. 42 ബോളുകള്‍ നേരിട്ട ഗുര്‍കീരതിന്റെ ഇന്നിങ്‌സില്‍ ഏഴു സിക്‌സറും ആറു ഫോറുമുള്‍പ്പെട്ടിരുന്നു.

Screenshot
നാലാം നമ്പറിലാണ് ക്യാപ്റ്റന്‍ കൂടിയായ യുവി ക്രീസിലെത്തിയത്. ശ്രദ്ധേയമായ ഇന്നിങ്‌സ് കളിച്ച അദ്ദേഹം 38 റണ്‍സെടുത്ത ശേഷം ക്രീസ് വിടുകയും ചെയ്തു. 25 ബോളുകള്‍ നേരിട്ട യുവി 152 സ്‌ട്രൈക്ക് റേറ്റിലാണ് ബാറ്റ് വീശിയത്. മൂന്നു ഫോറും രണ്ടു സിക്‌സറും ഇന്നിങ്‌സിലുണ്ടായിരുന്നു. തന്റെ സുവര്‍ണകാലത്തെ അനുസ്മരിപ്പിക്കുന്ന ചില കണ്ണഞ്ചിപ്പിക്കുന്ന ഷോട്ടുകള്‍ അദ്ദേഹം കളിക്കുകയും ചെയ്തു.
യുവരാജ് സിങിന്റെ സിക്‌സര്‍, വീഡിയോ കാണാം
ലെഗ് സ്പിന്നര്‍ക്കെതിരേ യുവി പറത്തിയ മനോഹരമായ സിക്‌സര്‍ ആരാധകര്‍ക്കു ശരിക്കും നൊസ്റ്റാള്‍ജിയ തന്നെയായിരുന്നു. അത്ര മാത്രം ഗംഭീരമായിരുന്നു ആ ഷോട്ട്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയില്‍ വൈറലാവുകയും ചെയ്തിരിക്കുകയാണ്. സുലെയ്മാന്‍ ബെന്‍ എറിഞ്ഞ 12ാം ഓവറിലാണ് രണ്ടു സിക്‌റുകളും യുവി പറത്തിയത്.
ഗുര്‍കീരത്, യുവരാജ് എന്നിവരെക്കൂടാതെ ഇന്ത്യ ചാംപ്യന്‍സിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍ ഓപ്പണര്‍ ഉത്തപ്പയാണ്. തന്റെ പതിവുശൈലിയില്‍ തകര്‍ത്തടിച്ചാണ് അദ്ദേഹം ക്രീസ് വിട്ടത്. വെറും 18 ബോളില്‍ 43 റണ്‍സാണ് ഉത്തപ്പ വാരിക്കൂട്ടിയത്. അഞ്ചു ഫോറും മൂന്നു സിക്‌സറുമുള്‍പ്പെടെയാണിത്.

റെയ്‌നയ്ക്കു 12 ബോളില്‍ 19 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. ഇര്‍ഫാന്‍ (18), യൂസുഫ് (3) എന്നിവര്‍ക്കും ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കാനായില്ല. ഉത്തപ്പയുടെ ഓപ്പണിങ് പങ്കാളിയായ വിക്കറ്റ് കീപ്പര്‍ നമാന്‍ ഓജ ഡെക്കായി ക്രീസ് വിടുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത യുവിയും സംഘവും 20 ഓവറില്‍ അഞ്ചു വിക്കറ്റിനു 229 റണ്‍സെന്ന കൂറ്റന്‍ ടോട്ടലാണ് പടുത്തുയര്‍ത്തിയത്. മറുപടിയില്‍ മുന്‍ ബാറ്റിങ് ഇതിഹാസം ക്രിസ് ഗെയ്ല്‍ നയിച്ച വിന്‍ഡീസ് ചാംപ്യന്‍സ് 5.3 ഓവറില്‍ ഒരു വിക്കറ്റിനു 31 റണ്‍സെടുത്തു നില്‍ക്കെ മഴയെത്തുകയായിരുന്നു.
ഇതോടെ കളി തടസ്സപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യ ചാംപ്യന്‍സിനെ വിജയികളായി പ്രഖ്യാപിച്ചത്. ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ആദ്യ കളിയില്‍ കെവിന്‍ പീറ്റേഴ്‌സന്റെ ഇംഗ്ലണ്ടിനെ മൂന്നു വിക്കറ്റിനും യുവിയും സംഘവും തുരത്തിയിരുന്നു.