രഞ്ജി ട്രോഫിയുടെ ഇനിയുള്ള മല്‍സരങ്ങളില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ, മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി എന്നിവരുടെ പങ്കാളിത്തം സംബന്ധിച്ച് അനിശ്ചിതത്വം തുടരവെ ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. രോഹിത് മുംബൈയ്ക്കു വേണ്ടിയും കോലി ഡല്‍ഹിക്കു വേണ്ടിയും രഞ്ജിയില്‍ കളിച്ചേക്കുമെന്നു റിപ്പോര്‍ട്ടുകളുണ്ടെങ്കിലും രണ്ടു പേരും ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം നല്‍കിയിട്ടില്ല.
ഡല്‍ഹിയുടെ സാധ്യതാ ടീമില്‍ കോലിയെയും വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെയും ഈയാഴ്ച ഉള്‍പ്പെടുത്തിയിരുന്നു. റിഷഭ് കളിക്കുമെന്നു ഉറപ്പ് നല്‍കിയെങ്കിലും കോലി മൗനം തുടരുകയാണ്.
രോഹിത്താവട്ടെ കഴിഞ്ഞ ദിവസം മുംബൈ ടീമിന്റെ രഞ്ജി ക്യാംപിലെത്തുകയും പരിശീലനം നടത്തുകയും ചെയ്‌തെങ്കിലും കളിക്കുന്നതിനെക്കുറിച്ച് സ്ഥിരീകരണം നല്‍കിയിട്ടില്ല. ഇതിനിടെയാണ് രണ്ടു പേരുടെയും രഞ്ജി പങ്കാളിത്തത്തെക്കുറിച്ച് യുവരാജ് പ്രതികരിച്ചത്.

രഞ്ജി കളിക്കണോ?
രോഹിത് ശര്‍മയും വിരാട് കോലിയും മാത്രമല്ല മുഴുവന്‍ താരങ്ങളും ആഭ്യന്തര ക്രിക്കറ്റില്‍ തീര്‍ച്ചയായും കളിക്കണമെന്ന അഭിപ്രായമാണ് യുവരാജ് സിങിനുള്ളത്. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കേണ്ടത് വളരെ പ്രധാനമാണെന്നാണ് എന്റെ അഭിപ്രായം.
പരിക്കുകളില്ലാതിരിക്കുന്നതിനൊപ്പം സമയവുമുണ്ടെങ്കില്‍ എല്ലാവരും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുക തന്നെ വേണമെന്നു യുവി വ്യക്തമാക്കി. ഒരു ഇവന്റിനിടെ രോഹിത്തും കോലിയും രഞ്ജി കളിക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിനു മറുപടിയായിട്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
രോഹിത്, കോലി, ജസ്പ്രീത് ബുംറ എന്നിവരെ മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യന്‍ ടീമിലെ സജീവ സാന്നിധ്യമായിട്ടുള്ള താരങ്ങളെല്ലാം സമീപകാലത്തു ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചിട്ടുണ്ട്. ഹാര്‍ദിക് പാണ്ഡ്യ, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് എന്നിവരെല്ലാം ഇപ്പോള്‍ നടക്കുന്ന വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ കളിച്ചിരുന്നു. കൂടാതെ അതിനു മുമ്പ് നടന്ന സയ്ദ് മുഷ്താഖ് അലി ടി20 ട്രോഫിയിലും ഇവരുടെ സാന്നിധ്യമുണ്ടായിരുന്നു.
പരിക്കേറ്റ് ഒരു വര്‍ഷത്തിലേറെ വിശ്രമത്തിലായിരുന്ന സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചാണ് മല്‍സരരംഗത്തേക്കു മടങ്ങിയെത്തിയത്. സയ്ദ് മുഷ്താഖ് അലി ട്രോഫി, രഞ്ജി ട്രോഫി എന്നിവയില്‍ ബംഗാളിനായി അദ്ദേഹം കളിക്കാനിറങ്ങിരുന്നു.
ഇപ്പോള്‍ ടീമിന്റെ ഭാഗമല്ലാത്ത ഇഷാന്‍ കിഷന്‍ കഴിഞ്ഞ വര്‍ഷത്തെ ബുച്ചി ബാബു ട്രോഫി മുതല്‍ പിന്നീടുള്ള ആഭ്യന്തര ടൂര്‍ണമെന്റുകളിലെല്ലാം സജീവ സാന്നിധ്യമായിരുന്നു. റിഷഭ് പന്ത്, ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍ തുടങ്ങിയവരെല്ലാം കഴിഞ്ഞ വര്‍ഷത്തെ ദുലീപ് ട്രോഫിയിലും കളിച്ചിരുന്നു.

യുവിയും രഞ്ജി കളിച്ചു
ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായിരുന്ന സമയത്ത് മടങ്ങിവരവിനായി നേരത്തേ യുവരാജ് സിങും രഞ്ജി ട്രോഫിയില്‍ പഞ്ചാബിനായി കളിക്കാനിറങ്ങിയിരുന്നു. 2014-15 സീസണുകളിലായിരുന്നു ഇത്. അന്നു പഞ്ചാബിനായി ഏഴു മല്‍സരങ്ങളില്‍ കളിച്ച അദ്ദേഹം തകര്‍പ്പന്‍ പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. മൂന്നു സെഞ്ച്വറികളടക്കം 671 റണ്‍സാണ് യുവി അടിച്ചെടുത്തത്.
ഇതേ തുടര്‍ന്ന് 2016ല്‍ ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ നടന്ന വൈറ്റ് ബോള്‍ പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിലേക്കു യുവിയെ തിരികെ വിളിക്കുകയും ചെയ്തു. ഇതേ വര്‍ഷത്തെ ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും അദ്ദേഹം ഉള്‍പ്പെട്ടിരുന്നു. അതേസമയം, രോഹിത് ശര്‍മയും വിരാട് കോലിയും ദീര്‍ഘകാലമായി രഞ്ജിയില്‍ കളിച്ചിട്ടില്ല. 2015ലാണ് രോഹിത്തിനെ അവസാനമായി രഞ്ജിയില്‍ കണ്ടതെങ്കില്‍ കോലി കളിച്ചത് 2012ലുമായിരുന്നു.