ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലെ ഇന്ത്യന്‍ ആധിപത്യം അവസാനിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ട് തവണയും ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയിരുന്നു. എന്നാല്‍ ഇത്തവണ ഇന്ത്യയുടെ ആധിപത്യം അവസാനിപ്പിച്ച് ഓസ്‌ട്രേലിയ പരമ്പര തിരിച്ചുപിടിച്ചിരിക്കുകയാണ്. 3-1നാണ് ഇന്ത്യയെ ഓസീസ് തകര്‍ത്തത്. ഇന്ത്യയുടെ സീനിയര്‍ താരങ്ങളുടെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് പരമ്പരയില്‍ ഇന്ത്യയുടെ തോല്‍വിക്ക് കാരണമായത്.
ഇതില്‍ എടുത്തു പറയേണ്ടത് വിരാട് കോലിയുടെ മോശം ഫോമായിരുന്നു. സീനിയര്‍ താരമായ കോലിക്ക് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായത് ഓഫ്‌സൈഡ് കെണിയിലാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കോലിയുടെ പ്രകടനം നോക്കുമ്പോള്‍ കൂടുതല്‍ തവണയും വിക്കറ്റ് നഷ്ടമായത് ഓഫ്‌സൈഡിലാണെന്ന് കാണാനാവും. ഇത്തവണയും ഇതേ ദൗര്‍ബല്യം കോലിയെ വേട്ടയാടി. എന്നാല്‍ വിരമിക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും ഇനിയും കോലി തുടരുമെന്നുമാണ് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
ഇപ്പോഴിതാ കോലിയെക്കാള്‍ വലുത് ക്രിക്കറ്റാണെന്നും ഒരേ തെറ്റ് ആവര്‍ത്തിക്കുന്ന കോലിയെ എന്ത് പറഞ്ഞാണ് ന്യായീകരിക്കേണ്ടതെന്നുമാണ് യോഗ്‌രാജ് സിങ് ചോദിക്കുന്നത്.
ക്രിക്കറ്റിനെക്കാള്‍ വലുതായി ആരുമില്ല
ഇന്ത്യക്കായി കളിക്കുന്ന സൂപ്പര്‍ താരങ്ങള്‍ക്ക് മികച്ച പരിശീലകന്റെ ആവശ്യമില്ല. അവരെ കളി പഠിപ്പിക്കേണ്ടതായില്ല. പരമ്പരാഗത രീതിയിലുള്ള യാതൊരു പരിശീലനവും ഇവര്‍ക്ക് ആവശ്യമില്ല. എന്നാല്‍ ചില സമയത്ത് താരങ്ങള്‍ക്ക് മാനസികമായി സമ്മര്‍ദ്ദം നേരിടും. അവര്‍ക്ക് വലിയ സ്‌കോര്‍ നേടാനാവില്ല. തുടര്‍ച്ചയായി ഒരേ രീതിയില്‍ പുറത്താവും. ഏത് താരമായാലും ക്രിക്കറ്റിനെക്കാള്‍ വലുതല്ല. ഫോം മോശമാവുമ്പോള്‍ തെറ്റുകള്‍ എവിടെയാണെന്ന് കണ്ടെത്തി തിരുത്താന്‍ ശ്രമിക്കണം' യോഗ്‌രാജ് സിങ് പറഞ്ഞു.
വിരാട് കോലി നേരത്തെ ഓഫ് സൈഡില്‍ മികച്ച റെക്കോഡുള്ള താരമായിരുന്നു. ഓഫ് സൈഡില്‍ മികച്ച കവര്‍ ഡ്രൈവുകളടക്കം നടത്താന്‍ കോലിക്ക് ഒരു കാലത്ത് സാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഓഫ് സൈഡില്‍ തുടര്‍ച്ചയായി വിക്കറ്റ് നഷ്ടമാകുന്ന അവസ്ഥയിലേക്ക് കോലി പോയിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായുള്ള കോലിയുടെ പ്രകടനം മോശമാണെന്നിരിക്കെ ഇനിയും കോലി ഇന്ത്യന്‍ ടീമില്‍ തുടരണമോയെന്നതാണ് പ്രധാന ചോദ്യം.

കോലി ഉടന്‍ വിരമിക്കില്ല
ഇന്ത്യന്‍ ടീമില്‍ നിന്ന് വിരാട് കോലി ഉടന്‍ വിരമിക്കില്ലെന്നുറപ്പാണ്. ഇപ്പോഴും മികച്ച ഫിറ്റ്‌നസുള്ള താരമാണ് കോലി. ഫോം പ്രശ്‌നമാണെങ്കിലും ഇനിയും അവസരങ്ങള്‍ കോലിക്ക് ലഭിച്ചേക്കും. മോശം ഫോമിലുള്ള രോഹിത് ശര്‍മക്ക് ഇനി ടെസ്റ്റ് ടീമിലേക്കെത്താന്‍ സാധിച്ചേക്കില്ല. എന്നാല്‍ ഏകദിനത്തില്‍ ഇനിയും അദ്ദേഹം തുടര്‍ന്നേക്കും. വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ രോഹിത് ശര്‍മക്ക് കീഴില്‍ തന്നെയാവും കളിക്കുകയെന്നാണ് വിവരം.
വിരാട് കോലിയും ഇന്ത്യന്‍ ടീമിലുണ്ടാവുമെന്ന കാര്യം ഉറപ്പാണ്. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫി ഇരുവര്‍ക്കും വളരെ നിര്‍ണ്ണായകമാണ്. ദുബായിലാണ് ഇന്ത്യയുടെ മത്സരങ്ങള്‍ നടക്കുന്നത്. അതുകൊണ്ടുതന്നെ സീനിയര്‍ താരങ്ങള്‍ക്ക് ടീം മാനേജ്‌മെന്റ് പ്രാധാന്യം നല്‍കിയേക്കും. കോലിയും രോഹിത്തും വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിച്ച് മികവ് കാട്ടാത്ത പക്ഷം ഇരുവരും വിരമിക്കല്‍ പ്രഖ്യാപിക്കാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല.
കോലിയുടെ പ്രശ്‌നമെന്ത്?
വിരാട് കോലിയുടെ പ്രധാന പ്രശ്‌നമായി പ്രമുഖര്‍ ചൂണ്ടിക്കാട്ടുന്നത് ഫുട് വര്‍ക്കാണ്. കാലുകളുടെ ചലനത്തിലെ പാളിച്ചയാണ് കോലി എഡ്ജായി പുറത്താവാന്‍ കാരണമാവുന്നത്. സുനില്‍ ഗവാസ്‌ക്കര്‍ പറയുന്നത് കോലി ബാക്ക് ഫൂട്ട് ഷോട്ടുകള്‍ കളിക്കാത്തതാണ് പ്രശ്‌നമാണ്. ഫ്രണ്ട് ഫൂട്ടില്‍ ഓഫ് സൈഡ് പന്തുകള്‍ കളിക്കുമ്പോള്‍ എഡ്ജാവുന്നതാണ് കോലിക്ക് പറ്റുന്ന പാളിച്ച. സച്ചിന്‍ സിഡ്‌നിയില്‍ ചെയ്തതുപോലെ ഓഫ് സൈഡ് ഷോട്ടുകളെ പൂര്‍ണ്ണമായും ഒഴിവാക്കി കളിക്കാന്‍ കോലിക്ക് സാധിക്കുന്നില്ല.
ഇത്തവണ പലവട്ടം കോലി ഓഫ് സൈഡ് ഷോട്ടുകള്‍ കളിക്കാതെ വിട്ടു. എന്നാല്‍ പല തവണ ഓഫ്‌സൈഡ് പന്തുകള്‍ എത്തുമ്പോള്‍ കോലി പ്രലോഭനത്തില്‍ വീഴുകയായിരുന്നു. ഇതേ പിഴവുവെച്ച് കോലിക്ക് ഇനിയും അധികനാള്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് തന്നെ പറയാം.