സച്ചിന്‍ x ജയസൂര്യ, സെവാഗ് x ദില്‍ഷന്‍! - ഇന്ത്യ- ലങ്ക ഫൈനലിലെ ഗ്ലാമര്‍ ഏറ്റുമുട്ടലുകള്‍ അറിയാം
ലോക ക്രിക്കറ്റില്‍ വീണ്ടുമൊരു ഇന്ത്യ- ശ്രീലങ്ക കലാശപ്പോരിനു അരങ്ങൊരുങ്ങിയിരിക്കുകയാണ്. വെറ്ററന്‍ താരങ്ങള്‍ അണിനിരക്കുന്ന റോഡ് സേഫ്റ്റി ലോക സീരീസ് ടി20 ടൂര്‍ണമെന്റിന്റെ ഫൈനലിലാണ് ഇന്ത്യ ലെജന്റ്‌സും ശ്രീലങ്ക ലെജന്റ്‌സും കൊമ്പുകോര്‍ക്കുന്നത്. ഞായറാഴ്ച രാത്രി ഏഴു മണിക്കാണ് മല്‍സരം.
മുന്‍ ഇതിഹാസ താരങ്ങളുടെ ഏറ്റുമുട്ടലെന്ന നിലയില്‍ ഇതിനകം ഫൈനല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഇന്ത്യയെ നയിക്കുന്നതെങ്കില്‍ ലങ്കന്‍ നായകന്‍ തിലകരത്‌നെ ദില്‍ഷനാണ്. ചില സ്വപ്‌നതുല്യമായ പോരാട്ടങ്ങള്‍ക്കുള്ള വേദിയായി ഫൈനല്‍ മാറിക്കഴിഞ്ഞു. ഇവ ഏതൊക്കെയാണെന്നു നമുക്കു നോക്കാം.

സച്ചിന്‍ vs ജയസൂര്യ
ഇന്ത്യന്‍ നായകന്‍ സച്ചിനും ലങ്കന്‍ ഓപ്പണറായ സനത് ജയസൂര്യക്കും ഫൈനലില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്. സച്ചിന്‍ ഇതിനകം ടൂര്‍ണമെന്റില്‍ മികച്ച ചില ഇന്നിങ്‌സുകള്‍ കളിച്ചുകഴിഞ്ഞു. എന്നാല്‍ ജയസൂര്യക്കു പഴയ ജയസൂര്യയാവാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ആറു ഇന്നിങ്‌സുകളില്‍ നിന്നും 203 റണ്‍സ് സച്ചിന്‍ നേടിയിട്ടുണ്ട്. ഫൈനലിലും അദ്ദേഹം ഫോം തുടരുകയാണെങ്കില്‍ ഇന്ത്യക്കു കാര്യങ്ങള്‍ എളുപ്പമാവും.

സെവാഗ് vs ദില്‍ഷന്‍
സമാനമായ ശൈലിയില്‍ ബാറ്റ് ചെയ്യുന്ന രണ്ടു ഓപ്പണര്‍മാരാണ് ഇന്ത്യയുടെ വീരേന്ദര്‍ സെവാഗും ലങ്കയുടെ തിലകരത്‌നെ ദില്‍ഷനും. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനമാണ് ഇരുവരും നടത്തിക്കൊണ്ടിരിക്കുന്നത്. വീരുവിനേക്കാള്‍ ഒരുപടി മുകളിലാണ് ദില്‍ഷനെന്നു കാണാം. ഏഴു മല്‍സരങ്ങളില്‍ നിന്നും 250 റണ്‍സാണ് ദില്‍ഷന്റെ സമ്പാദ്യം. സെവാഗാവട്ടെ ഇത്രയും കളികളില്‍ നിന്നും 204 റണ്‍സ് നേടി. സ്വന്തം ടീമിനു സ്‌ഫോടനാത്മക തുടക്കം നല്‍കാനുള്ള ശേഷി രണ്ടു പേരെയും അപകടകാരികളാക്കുന്നു.

യുവരാജ് vs വാസ്
ഇന്ത്യക്കു വേണ്ടി ചില മാച്ച് വിന്നിങ് ഇന്നിങ്‌സുകളാണ് യുവരാജ് സിങ് ടൂര്‍ണമെന്റില്‍ കളിച്ചിട്ടുള്ളത്. ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച പേസര്‍മാരുടെ നിരയിലുള്ള ചാമിന്ദ വാസിനെതിരേ യുവി തിളങ്ങേണ്ടത് ഇന്ത്യയെ സംബന്ധിച്ചു പ്രധാനമാണ്. നേരത്തേ ലീഗ് ഘട്ടത്തില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ യുവിയെ വാസ് തുടക്കത്തില്‍ തന്നെ പുറത്താക്കിയിരുന്നു. ഫൈനലില്‍ യുവി ഇതിന്റെ കണക്കുതീര്‍ക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

തരംഗ vs കൈഫ്
ശ്രീലങ്കന്‍ ഓപ്പണറും വിക്കറ്റ് കീപ്പറുമായ ഉപുല്‍ തരംഗ മികച്ച പ്രകടനമാണ് ടൂര്‍ണമെന്റില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. രണ്ടു ഫിഫ്റ്റികളടക്കം അഞ്ചു മല്‍സരങ്ങളില്‍ നിന്നും 224 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. തരംഗ നേടിയ 99 റണ്‍സ് ടൂര്‍ണമെന്റില്‍ ഒരു താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ കൂടിയാണ്. മറുഭാഗത്ത് ഫീല്‍ഡിങിലെ മിന്നും താരമായ മുഹമ്മദ് കൈഫ് ഇന്ത്യന്‍ കുതിപ്പില്‍ മോശമല്ലാത്ത സംഭാവനകള്‍ നടത്തിയിട്ടുള്ള താരമാണ്.

ഇര്‍ഫാന്‍ vs കുലശേഖര
ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാനും ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ നുവാന്‍ കുലശേഖരയും ഫൈനലില്‍ തങ്ങളുടെ ടീമുകള്‍ക്കു വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇര്‍ഫാന്‍ ടൂര്‍ണമെന്റില്‍ ഇന്ത്യക്കു വേണ്ടി 118 റണ്‍സും അഞ്ചു വിക്കറ്റുകളും നേടിയിരുന്നു. കുലശേഖരയാവട്ടെ ബാറ്റിങില്‍ കാര്യമായി സംഭാവന ചെയ്തില്ലെങ്കിലും ഏഴു വിക്കറ്റോടെ ബൗളിങില്‍ തിളങ്ങിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications