For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്യാപ്റ്റന്മാരായി കൈയടി നേടി, പക്ഷെ ഇന്ത്യയുടെ നായകനായില്ല! തഴയപ്പെട്ട സൂപ്പര്‍ താരങ്ങളിതാ

ഇന്ത്യന്‍ ക്രിക്കറ്റ് ടീം എക്കാലത്തും മികച്ച താരങ്ങളാല്‍ സമ്പന്നമാണ്. അതുകൊണ്ടുതന്നെ ഒരു സ്ഥാനത്തിനായി നിരവധി പേര്‍ മത്സരരംഗത്തുണ്ടാവും. ഓപ്പണിങ്ങിലായാലും വിക്കറ്റ് കീപ്പര്‍മാരുടെ കാര്യത്തിലായാലും ഇന്ത്യക്കൊപ്പം എന്നും നിരവധി താരങ്ങളുണ്ടാവും. പലപ്പോഴും പ്രതിഭാശാലികളായ താരങ്ങള്‍ക്ക് പോലും വഴിമാറിക്കൊടുക്കേണ്ടി വന്നിട്ടുണ്ട്. ഐപിഎല്ലിന് ശേഷം ഇന്ത്യന്‍ ടീമിലേക്കുള്ള താരങ്ങളുടെ ഒഴുക്ക് കൂടിയിട്ടുണ്ടെന്ന് തന്നെ പറയാം.

ഇന്ത്യന്‍ ടീമിനെ മറ്റ് ടീമുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്ന മറ്റൊരു കാര്യം ഒന്നിലധികം മികച്ച ക്യാപ്റ്റന്മാരുടെ സാന്നിധ്യമാണ്. ഒരേ സമയം മൂന്നോ നാലോ മികച്ച നായകന്മാര്‍ ഇന്ത്യന്‍ ടീമിലുണ്ടാവും. എന്നാല്‍ പലപ്പോഴും ഇവരില്‍ പലര്‍ക്കും നായകസ്ഥാനം ഏറ്റെടുക്കേണ്ട സാഹചര്യം പോലും ഉണ്ടായിട്ടില്ല. സൗരവ് ഗാംഗുലിയും എംഎസ് ധോണിയും പിന്നാലെ വിരാട് കോലിയും രോഹിത് ശര്‍മയുമെല്ലാം മിന്നിക്കുമ്പോള്‍ പലപ്പോഴും നായക മികവുള്ള പലര്‍ക്കും ഒതുങ്ങിപ്പോകേണ്ടി വന്നിട്ടുണ്ട്.

ഇത്തരത്തില്‍ ക്യാപ്റ്റനാവാന്‍ കഴിവുണ്ടായിട്ടും നിര്‍ഭാഗ്യവശാല്‍ തഴയപ്പെടല്‍ നേരിടേണ്ടി വന്ന ഇന്ത്യയുടെ സൂപ്പര്‍ ക്യാപ്റ്റന്മാര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

യുവരാജ് സിങ്

ഇന്ത്യയുടെ നായകസ്ഥാനം വളരെയധികം മോഹിച്ച താരങ്ങളിലൊരാളാണ് യുവരാജ് സിങ്. ഇന്ത്യയുടെ ലോകകപ്പ് ഹീറോയായ യുവരാജ് സിങ് ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെയടക്കം നയിച്ചിട്ടുണ്ട്. രാഹുല്‍ ദ്രാവിഡ് സ്ഥാനമൊഴിഞ്ഞപ്പോള്‍ ഇന്ത്യയുടെ നായകസ്ഥാനം യുവരാജ് നോട്ടമിട്ടിരുന്നു. 2007ലെ ടി20 ലോകകപ്പില്‍ തന്നെ നായകനാക്കുമെന്ന് കരുതിയിരുന്നുവെന്ന് യുവരാജ് തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീം ധോണിയിലാണ് വിശ്വാസം അര്‍പ്പിച്ചത്.

ഇന്ത്യയെ ടി20 ലോകകപ്പ് ചാമ്പ്യന്മാരാക്കി ധോണി വരവറിയിച്ചതോടെ ഇന്ത്യയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മറ്റൊരു താരത്തേയും പരിഗണിക്കേണ്ടതായി വന്നില്ല. ഇതോടെ യുവരാജ് സിങ് ഒതുക്കപ്പെട്ടു. ഇതിന്റെ നിരാശ യുവിക്കുണ്ടായിരുന്നു. ധോണി അടുത്ത സുഹൃത്തല്ലെന്ന് യുവി തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. യുവരാജിന്റെ പിതാവും ധോണിക്കെതിരേ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയത്. ധോണിക്ക് കീഴില്‍ ഒതുക്കപ്പെട്ട നായക പ്രതിഭയാണ് യുവരാജ്.

r ashwin

ആര്‍ അശ്വിന്‍

ഇന്ത്യയുടെ നായകസ്ഥാനത്തേക്ക് ഒരിക്കലെങ്കിലും വിളി അര്‍ഹിച്ചിരുന്ന താരമാണ് ആര്‍ അശ്വിന്‍. ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടറായ ആര്‍ അശ്വിന്‍ ഗാബ ടെസ്റ്റിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിനും വിരാമമിട്ടിരിക്കുകയാണ്. ഇന്ത്യയുടെ പരിമിത ഓവര്‍ ടീമില്‍ കാര്യമായ സ്ഥാനം അശ്വിന് ലഭിച്ചിരുന്നില്ല. എന്നാല്‍ ടെസ്റ്റില്‍ ഇതിഹാസമെന്ന വിശേഷണം തന്നെ അശ്വിന് നല്‍കാന്‍ സാധിക്കും. ക്രിക്കറ്റിലെ ബുദ്ധിമാന്മാരായ താരങ്ങളിലൊരാളാണ് അശ്വിന്‍.

ഈ ക്രിക്കറ്റ് ബുദ്ധിയെ കരിയറിലുടെനീളം ഉപയോഗപ്പെടുത്താനും അശ്വിന് സാധിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ് നായകനായും അശ്വിന്‍ ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടുണ്ട്. ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്ത് അവസരം അര്‍ഹിച്ചിരുന്നവനാണ് അശ്വിന്‍. എന്നാല്‍ ഒരിക്കല്‍ പോലും ഇത്തരമൊരു അവസരം അശ്വിന് ഇന്ത്യന്‍ ടീമില്‍ നിന്ന് ലഭിച്ചില്ല. അര്‍ഹിച്ച വിരമിക്കല്‍ മത്സരം പോലും അശ്വിന് ലഭിച്ചില്ലെന്നതാണ് വസ്തുത.

സഞ്ജു സാംസണ്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ കേരളത്തിന്റെ അഭിമാന താരമാണ് സഞ്ജു സാംസണ്‍. വിക്കറ്റ് കീപ്പറായും ഓപ്പണറായുമെല്ലാം മിന്നിക്കുന്ന സഞ്ജു ടി20യില്‍ ഓപ്പണറെന്ന നിലയില്‍ സീറ്റുറപ്പിച്ച് കഴിഞ്ഞു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ് സഞ്ജു സാംസണ്‍. ഇന്ത്യന്‍ ടീമിനെ നയിക്കാനുള്ള പ്രതിഭയുള്ളവനാണ് സഞ്ജു. എന്നാല്‍ ഇതുവരെ അത്തരത്തിലൊരു അവസരം സഞ്ജുവിന് ലഭിച്ചിട്ടില്ല. ഇനി അത്തരമൊരു അവസരം ലഭിക്കാനുള്ള സാധ്യത വിരളമാണെന്ന് തന്നെ പറയാം.

വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍ എന്നിവരും ഇന്ത്യയുടെ നായകന്മാരായി വലിയ കരിയര്‍ പ്രതീക്ഷിച്ചവരാണ്. എന്നാല്‍ ഇവര്‍ക്ക് നായകന്മാരായി കുറച്ച് അവസരം ലഭിച്ചെങ്കിലും അര്‍ഹതക്കൊത്ത അവസരം ലഭിച്ചിട്ടില്ല. ഇവരും ധോണിയുടെ മികവിന് മുന്നില്‍ വഴിമാറിക്കൊടുക്കേണ്ടി വന്നവരാണ്.

Story first published: Monday, December 23, 2024, 14:21 [IST]
Other articles published on Dec 23, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+