ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ സംബന്ധിച്ച് ഇപ്പോള്‍ ഫോം പോലെ തന്നെ പ്രധാനപ്പെട്ട കാര്യമാണ് ഫിറ്റ്‌നസ്. ക്രിക്കറ്റെന്ന ഗെയിമില്‍ ആദ്യ കാലങ്ങളില്‍ ഫിറ്റ്‌നസിനു അത്ര വലിയ പ്രാധാന്യമില്ലായിരുന്നു. അന്നു ബാറ്റിങ്, ബൗളിങ് എന്നിവയിലെ മിടുക്ക് മാത്രമാണ് ഗൗരവത്തോടെ എടുത്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ എല്ലാം അടിമുടി മാറി. ഇപ്പോള്‍ ഒരു താരം എത്ര തന്നെ മികച്ച ഫോമിലാണെങ്കിലും നിര്‍ദിഷ്ട ഫിറ്റ്‌നസില്ലെങ്കില്‍ ടീമില്‍ വേണ്ടെന്ന നിലപാടിലാണ് ക്രിക്കറ്റ് ബോര്‍ഡുകള്‍.
കളിക്കാരുടെ ഫിറ്റ്‌നസ് നിലവാരം അളക്കുന്നതിനായി വ്യത്യസ്ത ടെസ്റ്റുകളും ഇപ്പോള്‍ സംഘടിപ്പിക്കാറുണ്ട്. ഈ ടെസ്റ്റില്‍ ഒരു നിശ്ചിത സ്‌കോര്‍ ലഭിച്ചെങ്കില്‍ മാത്രമേ ആ താരം ഫിറ്റ്‌നസ് പരിശോധനയില്‍ വിജയിക്കുകുയുള്ളൂ. മറിച്ചാണെങ്കില്‍ ടെസ്റ്റില്‍ തോല്‍ക്കുകയും ടീമില്‍ സ്ഥാനം നഷ്ടമാവുകയും ചെയ്യും.

ഇന്ത്യന്‍ താരങ്ങളുടെ ഫിറ്റ്‌നസ് നിലവാരം അളക്കുന്നതിനായി യോ- യോ ടെസ്റ്റാണ് ബിസിസിഐ നടത്തി വരാറുള്ളത്. ഇതില്‍ വിജയിക്കുന്നവരെ മാത്രമേ ടീമിലേക്കു പരിഗണിക്കുകയും ചെയ്യാറുള്ളൂ.യോ- യോ ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നു ഇന്ത്യന്‍ ടീമില്‍ സ്ഥാനം നഷ്ടമായിട്ടുള്ള ചില വമ്പന്‍ താരങ്ങളുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.
നിലവില്‍ ടീമിലുള്ള ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറാണ് യോ-യോ ടെസ്റ്റില്‍ ഒരിക്കല്‍ പരാജയപ്പെട്ടിട്ടുള്ള ഒരാള്‍. 2017ല്‍ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്കുള്ള ടീമിനെ തിരഞ്ഞെടുക്കുന്നതിനു മുമ്പായിരുന്നു താരങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റ്. ഇതില്‍ തോറ്റതു കാരണം പരമ്പരയില്‍ വാഷിങ്ടണിനു ദേശീയ ടീമില്‍ സ്ഥാനവും ലഭിച്ചില്ല. എങ്കിലും ഫിറ്റ്‌നസ് മെച്ചപ്പെടുത്തി പിന്നീട് യോ- യോ ടെസ്റ്റില്‍ ജയിച്ച താരം ശ്രീലങ്കയുമായുള്ള പരമ്പരയില്‍ തിരിച്ചുവിളിക്കപ്പെടുകയും ചെയ്തു.
പരിചയ സമ്പന്നനായ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയാണ് ഈ ലിസ്റ്റിലെ രണ്ടാമന്‍. ഇംഗ്ലണ്ടുമായുള്ള പരമ്പരയ്ക്കു തൊട്ടുമുമ്പായി നടത്തിയ യോ-യോ ടെസ്റ്റിലാണ് അദ്ദേഹം പരാജയപ്പെട്ടത്. ഇതേ തുടര്‍ന്നു അന്നത്തെ സെലക്ഷന്‍ കമ്മിറ്റി ഷമിയെ ടീമില്‍ നിന്നൊഴിവാക്കുകയും പകരം അവസാന നിമിഷം നവദീപ് സെയ്‌നിയെ ഉള്‍പ്പെടുത്തുകയുമായിരുന്നു. എന്നാല്‍ ഒരു മാസത്തിനു ശേഷം വീണ്ടും യോ-യോ ടെസ്റ്റിനു വിധേയനായപ്പോള്‍ ഷമി അതില്‍ വിജയിക്കുകയും ദേശീയ ടീമിലേക്കു മടങ്ങിയെത്തുകയുമായിരുന്നു.
ലോക ക്രിക്കറ്റില്‍ ഒരു സമയത്തു ഏറ്റവും ഫിറ്റായ താരങ്ങളിലൊരാളെന്നു വിശേഷിപ്പിക്കപ്പെട്ട മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങും ഒരിക്കല്‍ യോ-യോ ടെസ്റ്റില്‍ തോറ്റിട്ടുണ്ടെന്നു അറിഞ്ഞാല്‍ ആരുമൊന്നു ഞെട്ടും. കാരണം കിടു ഫീല്‍ഡറും കൂടായിയിരുന്ന യുവി ഫിറ്റ്‌നസിന്റെ കാര്യത്തിലും വേറെ ലെവലായിരുന്നു. പക്ഷെ കരിയറില്‍ മോശം സമയം അദ്ദേഹത്തിനുമുണ്ടായിട്ടുണ്ട്.
2017ലെ ശ്രീലങ്കന്‍ പര്യടനത്തിലാണ് ഫിറ്റല്ലാത്തത് കാരണം യുവിക്കു സ്ഥാനം ലഭിക്കാതെ പോയത്. അന്നു അദ്ദേഹം ടീമില്‍ നിന്നും തഴയപ്പെട്ടപ്പോള്‍ ഇതിന്റെ കാരണം തുടക്കത്തില്‍ ആര്‍ക്കും അറിയില്ലായിരുന്നു. പിന്നീടാണ് യുവി ഫിറ്റ്‌നസ് ടെസ്റ്റില്‍ തോറ്റതാണ് ഇതിനു പിന്നിലെന്നു വ്യക്തമായത്. എന്നാല്‍ വൈകാതെ തന്നെ ഫിറ്റ്‌നസ് മെച്ചപ്പെടുത്തിയ അദ്ദേഹം യോ- യോ ടെസ്റ്റില്‍ ജയിച്ച് ഫിറ്റ്‌നസ് തെളിയിച്ച് ടീമിലേക്കും മടങ്ങിയെത്തി.

മലയാളി താരം സഞ്ജു സാംസണും ഒരിക്കല്‍ യോ- യോ ടെസ്റ്റ് കടമ്പയില്‍ തട്ടി വീണിട്ടുണ്ട്. 2018ല്‍ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ എ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സഞ്ജുവും സംഘത്തിലുള്‍പ്പെട്ടിരുന്നു. എന്നാല്‍ യോ- യോ ടെസ്റ്റില്‍ അദ്ദേഹം പരാജയപ്പെടുകയും ടീമില്‍ നിന്നും ഒഴിവാക്കപ്പെടുകയുമായിരുന്നു. അന്നു സഞ്ജുവിനു പകരം ഇഷാന്‍ കിഷനാണ് ഇന്ത്യന്‍ എ ടീമിലേക്കു വന്നത്. ഒരു മാസത്തിനു ശേഷം അടുത്ത യോ-യോ ടെസ്റ്റില്‍ സഞ്ജു വിജയിക്കുകയും പിന്നാലെ ടീമിലേക്കു തിരിച്ചു വിളിക്കപ്പെടുകയുമായിരുന്നു.
മുന്‍ മധ്യനിര ബാറ്റര്‍ അമ്പാട്ടി റായുഡുവും യോ- യോ ടെസ്റ്റില്‍ ഒരു തവണ തോറ്റിട്ടുണ്ട്. 2018ലെ ഐപിഎല്ലില്‍ മിന്നിച്ച അദ്ദേഹം ഇന്ത്യന്‍ ടീമിലേക്കു വിളിക്കപ്പെട്ടെങ്കിലും യോ- യോ ടെസ്റ്റില്‍ തോറ്റതോടെ സ്ഥാനം തെറിക്കുകയായിരുന്നു. തുടര്‍ന്നു സുരേഷ് റെയ്‌നയാണ് പകരക്കാരനായി ഇന്ത്യന്‍ ടീമിലേക്കു വന്നത്. പിന്നീട് യോ- യോ ടെസ്റ്റില്‍ ജയിച്ച റായുഡു 2018ലെ ഏഷ്യാ കപ്പില്‍ ടീമിന്റെ ഭാഗമായിരുന്നു.