
മുംബൈ: ആഷസ് ടെസ്റ്റിനിടെ സ്വന്തം ബൗളിങില്‍ പരിക്കേറ്റു വീണ ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെതിരായ പെരുമാറ്റത്തിന്‍റെ
പേരില്‍ ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറിനെ പാകിസ്താന്‍ മുന്‍ പേസ് ഇതിഹാസം ഷുഐബ് അക്തര്‍ വിമര്‍ശിച്ചിരുന്നു. ട്വിറ്ററിലൂടെയായിരുന്നു അക്തറിന്റെ വിമര്‍ശനം. ഇപ്പോഴിതാ ആര്‍ച്ചറിനെ വിമര്‍ശിച്ച അക്തറിനെ കളിയാക്കിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. അക്തറിന്റെ ട്വീറ്റിനു താഴെയാണ് യുവി പ്രതികരിച്ചിരിക്കുന്നത്.
അക്തറിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു- ബൗണ്‍സറുടെ കളിയുടെ ഭാഗമാണ്. പന്ത് തട്ടി ബാറ്റ്‌സ്മാന് പരിക്കേല്‍ക്കുകയോ നിലത്തു വീഴുകയോ ചെയ്താല്‍ ബൗളര്‍ അയാളുടെ അടുത്തെത്തി വിവരം തിരക്കണം. സ്മിത്ത് പരിക്കേറ്റ് വേദന കൊണ്ടു ഗ്രൗണ്ടില്‍ കിടക്കുമ്പോള്‍ ആര്‍ച്ചര്‍ തിരിച്ചുനടന്നത് ശരിയായില്ല. ആര്‍ച്ചറുടെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ ആദ്യം ബാറ്റ്‌സ്മാന്‍ അടുത്ത് ഓടിയെത്തുമായിരുന്നു.
അക്തറിന്റെ ഈ ട്വീറ്റിനാണ് യുവി രസകരമായ മറുപടി നല്‍കിയത്. അതെ നിങ്ങള്‍ തീര്‍ച്ചയായും ചെയ്യും. എന്നാല്‍ നിങ്ങള്‍ ബാറ്റ്‌സ്മാനോട് പറയുക കുഴപ്പമൊന്നും ഇല്ലല്ലോ, കാരണം ഇനിയും ഇതുപോലെയുള്ളവ വരാനുണ്ടെന്നായിരിക്കും എന്നാണ് യുവി ട്വീറ്റ് ചെയ്തത്.