ലോകകപ്പിലെ പുറത്താവല്‍- അന്നു ഞങ്ങള്‍ ഇംഗ്ലണ്ടില്‍ ഒളിച്ചിരുന്നു! ഭാജി കളിയാക്കിയെന്നു യുവി
2007ലെ ഐസിസിയുടെ ഏകദിന ലോകകപ്പിനിടെയുള്ള രസകരമായ സംഭവങ്ങള്‍ വെളിപ്പെടുത്തിയിരിക്കുയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും വലിയ തിരിച്ചടി നേരിട്ട ലോകകപ്പ് കൂടിയായിരുന്നു ഇത്. കിരീട ഫേവറിറ്റുകളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്ന ഇന്ത്യ ഗ്രൂപ്പുഘട്ടത്തില്‍ തന്നെ നാണംകെട്ട് നാട്ടിലേക്കു മടങ്ങുകയായിരുന്നു. രാഹുല്‍ ദ്രാവിഡായിരുന്നു അന്നു ഇന്ത്യയെ നയിച്ചത്.
വമ്പന്‍ താരങ്ങളുമായെത്തിയ ഇന്ത്യ ബംഗ്ലാദേശിനോടു ഗ്രൂപ്പുഘട്ടത്തില്‍ അട്ടിമറിത്തോല്‍വിയും ഏറ്റുവാങ്ങിയിരുന്നു. ലോകകപ്പിനു ശേഷം നാട്ടില്‍ തിരിച്ചെത്തിയ ഇന്ത്യന്‍ താരങ്ങള്‍ക്കു നേരെ ആരാധകരോഷമുണ്ടാവുകയും ചെയ്തിരുന്നു. ഈ ടീമില്‍ അംഗമായിരുന്ന യുവി അന്നത്തെ ചില സംഭവങ്ങള്‍ തുറന്നു പറഞ്ഞിരിക്കുകയാണ്.

ഒളിച്ചുകഴിഞ്ഞു
ലോകകപ്പിനു ശേഷം ഭയവും നാണക്കേടും കാരണം ഞാനും ഭാജിയും (ഹര്‍ഭജന്‍ സിങും) ഇംഗ്ലണ്ടില്‍ കുറച്ചു നാള്‍ ഒളിച്ചുകഴിഞ്ഞത് ഞാനോര്‍മിക്കുന്നു. പഞ്ചാബിലേക്കു പോയാല്‍ തല്ലുകിട്ടുമെന്നായിരുന്നു അന്നു ഞങ്ങളുടെ മനസ്സിലുണ്ടായിരുന്നത്. ഇംഗ്ലണ്ടില്‍ കുറച്ചു നാള്‍ ഒളിച്ചു താമസിച്ച ശേഷമായിരുന്നു ഞങ്ങള്‍ നാട്ടിലേക്കു മടങ്ങിയതെന്നും യുവി വെൡപ്പെടുത്തി.

ഭാജിയുടെ പരിഹാസം
പ്ലേ ഹാര്‍ഡ് ഓര്‍ ഗോ ഹോം (കഠിനമായി കളിക്കൂ അല്ലെങ്കില്‍ വീട്ടില്‍ പോവൂ) എന്ന എഴുത്തോടു കൂടിയ ടീ ഷര്‍ട്ടായിരുന്നു ഇന്ത്യയിലേക്കു മടങ്ങവെ ഞാന്‍ വിമാനത്തില്‍ വച്ചു ധരിച്ചത്. ഇതു കണ്ട് ഭാജി എന്നെ കളിയാക്കുകയും മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഈ ടീ ഷര്‍ട്ട് നീ മാറ്റണം, കാരണം നമ്മള്‍ വീട്ടിലേക്കു പോവുകയാണ്. ഈ ടീ ഷര്‍ട്ടില്‍ നിന്നെ കണ്ടാല്‍ ആളുകള്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും ഭാജി പറഞ്ഞിരുന്നതായി യുവി വിശദമാക്കി.

ഭാജിയുടെ വാക്കുകള്‍
കഠിനമായി എന്തു കളിച്ചെന്നാണ് പറയുന്നത്, നീ അതു ചെയ്തിട്ടില്ല, നീ വീട്ടിലേക്കു മടങ്ങിപ്പോവുകയാണെന്നായിരുന്നു ടീ ഷര്‍ട്ടിലെ വാക്കുകളെക്കുറിച്ച് ഭാജി എന്നോടു പറഞ്ഞത്. അവന്‍ പറഞ്ഞതിനോടു ഞാന്‍ യോജിക്കുകയും ടീ ഷര്‍ട്ട് മാറ്റുകയും ചെയ്യുകയായിരുന്നു. രഹസ്യമായി അന്നു ഞങ്ങള്‍ ഇന്ത്യയില്‍ മടങ്ങിയെത്തി. വളരെ കടുപ്പമേറിയ സമയമായിരുന്നു അത്. രൂക്ഷവിമര്‍ശനങ്ങള്‍ ഞങ്ങള്‍ക്കു നേരിടേണ്ടിവന്നു, പക്ഷെ ഒന്നും ചെയ്യാനായില്ലെന്നും യുവി കൂട്ടിച്ചേര്‍ത്തു.

തമാശക്കാരനായ താരം
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അന്നത്തെ തമാശക്കാരായ താരങ്ങള്‍ രണ്ടു പേരായിരുന്നുവെന്നു യുവി വെളിപ്പെടുത്തി. ഒന്നു ഹര്‍ഭജന്‍ സിങായിരുന്നെങ്കില്‍ മറ്റൊരാള്‍ പേസര്‍ ആശിഷ് നെഹ്‌റയാണ്. വളരെ രസികനായിരുന്നു നെഹ്‌റ. പക്ഷെ ക്യാമറയ്ക്കു മുന്നില്‍ വരാന്‍ നാണമായിരുന്നു. ഇത് ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷെ ജിം കാരിക്കു ശേഷം ഏറ്റവുമധികം പ്രതിഫലം പറ്റുന്ന കൊമേഡിയനായി നെഹ്‌റ മാറുമായിരുന്നുവെന്നും യുവി അഭിപ്രായപ്പെട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications