ബെംഗളൂരു: വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍ തന്റെ റെക്കോര്‍ഡ് തകര്‍ക്കാത്തതില്‍ ഇന്ത്യയുടെ യുവരാജ് സിംഗിന് നിരാശ. 12 പന്തുകളില്‍ 50 റണ്‍സടിച്ച് ഗെയ്ല്‍ തിങ്കളാഴ്ച യുവിയുടെ റെക്കോര്‍ഡിനൊപ്പം എത്തിയിരുന്നു. ബിഗ്ബാഷ് ക്രിക്കറ്റ് ലീഗില്‍ മെല്‍ബണ്‍ റെനെഗേഡ്‌സിന് വേണ്ടിയായിരുന്നു വിന്‍ഡീസ് ഇടംകൈയ്യന്‍ ഓപ്പണര്‍ ക്രിസ് ഗെയ്‌ലിന്റെ ലോകറെക്കോര്‍ഡ് പ്രകടനം.
പത്ത് പന്തുകളില്‍ ഗെയ്ല്‍ അര്‍ധസെഞ്ചുറിയിലെത്തണമായിരുന്നു എന്നാണ് യുവരാജ് പറയുന്നത്. ഗെയ്ല്‍ റെക്കോര്‍ഡ് തകര്‍ക്കാത്തതില്‍ നിരാശയുണ്ടെന്നും യുവരാജ് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ കുറിച്ചു. 2007 ട്വന്റി 20 ലോകകപ്പിലാണ് ഇന്ത്യയ്ക്ക് വേണ്ടി യുവരാജ് സിംഗ് 12 പന്തില്‍ 50 കടന്നത്. ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ അന്ന് തുടര്‍ച്ചയായി ആറ് സിക്‌സറുകള്‍ക്കാണ് യുവി ശിക്ഷിച്ചത്.

ബിഗ്ബാഷ് ക്രിക്കറ്റ് ലീഗില്‍ മെല്‍ബണ്‍ റെനെഗേഡ്‌സിന് വേണ്ടി ഇന്നിഗ്‌സ് ഓപ്പണ്‍ ചെയ്ത ഗെയ്‌ലും കളിച്ചത് അതുപോലെ ഒരു ഇന്നിംഗ്‌സാണ്. അഡലെയ്ഡ് സ്‌ട്രൈക്കേഴ്‌സിനെതിരെ 17 പന്തുകള്‍ നേരിട്ട ഗെയ്ല്‍ 57 റണ്‍സടിച്ചാണ് പുറത്തായത്. രണ്ട് ഫോറും 7 സിക്‌സും സഹിതമായിരുന്നു ഗെയ്‌ലിന്റെ ഈ കൊടുങ്കാറ്റ് പോലുള്ള ഇന്നിംഗ്‌സ്. ഗെയ്‌ലിന്റെ റെക്കോര്‍ഡ് പ്രകടനത്തിനും മെല്‍ബണ്‍ റെനെഗേഡ്‌സിനെ വിജയിപ്പിക്കാനായില്ല എന്നതാണ് ഏറെ രസകരം. 171 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന മെല്‍ബണ്‍ റെനെഗേഡ്‌സ് 143 റണ്‍സിനാണ് ഓളൗട്ടായത്.