ഇന്ത്യന്‍ ക്രിക്കറ്റിലെ സിക്‌സര്‍ വീരനെന്നു വിശേഷിപ്പിക്കപ്പെടുന്നയാളാണ് മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഒരോവറില്‍ തുടര്‍ച്ചയായി ആറു സിക്‌സറുകള്‍ പറത്തി ലോക റെക്കോര്‍ഡിട്ട താരം കൂടിയാണ് അദ്ദേഹം. ഒരോവറില്‍ ആറു സിക്‌സറുകളടിച്ച യുവി കളിക്കളത്തിനു പുറത്ത് ആറു സുന്ദരിമാരെയും വീഴ്ത്തിയിരുന്നുവെന്നതാണ് രസകരം. ഒരു സമയത്തു ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും പെര്‍ഫെക്ടായ ബാച്ചിലേഴ്‌സില്‍ ഒരാളായിരുന്നു അദ്ദേഹം.
കളിക്കളത്തിലെ മിന്നുന്ന പ്രകടനവും സ്റ്റൈലിഷ് ലുക്കും കൊണ്ട് യുവരാജ് യുവതലമുറയുടെ ഹരമായിരുന്നു. അതുകൊണ്ടു തന്നെ യുവിയുമായി ബന്ധപ്പെട്ട് പല സെലിബ്രിറ്റികളുടെയും പേരുകള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്തു. പ്രശസ്ത ബോളിവുഡ് നടികളും മോഡലുകളുമായിരുന്നു ഇക്കൂട്ടത്തിലുണ്ടായിരുന്നത്. പക്ഷെ ഇവരുമായുള്ള യുവിയുടെ ബന്ധത്തിനൊന്നും വലിയ ആയുസ്സുണ്ടായില്ല. ആരൊക്കെയാണ് യുവിയുടെ കാമുകിമാരായി ഗോസിപ്പുകളില്‍ നിറഞ്ഞ ആറു പേരെന്നു നമുക്കു പരിശോധിക്കാം.

ബോളിവുഡില്‍ ഇപ്പോൾ നിറഞ്ഞു നില്‍ക്കുന്ന നടി ദീപിക പദുകോണാണ് ഈ ലിസ്റ്റിലെ ഒരാള്‍. ഒരു സമയത്തു യുവിയും ദീപികയും തമ്മിലുള്ള അടുപ്പവും പ്രണയവുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. ബോളിവുഡില്‍ ദീപിക സൂപ്പര്‍ നടിയെന്ന പദവിയിലേക്കു ഉയരുന്നതിനു മുമ്പായിരുന്നു ഇത്.
2007ലെ ടി20 ലോകകകപ്പില്‍ ഇന്ത്യയുടെ കിരീട വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച ശേഷമാണ് യുവിയും ദീപികയും പരിചയപ്പെടുന്നത്. ഇന്ത്യന്‍ ടീമിന്റെ മല്‍സരങ്ങളില്‍ പലപ്പോഴും യുവിക്കു പിന്തുണയുമായി ദീപിക ഗാലറിയിലുണ്ടാവാറുണ്ട്. മാത്രമല്ല യുവിയുടെ പിറന്നാള്‍ ആഘോഷത്തിലേക്കും ഒരിക്കല്‍ ദീപികയ്ക്കു ക്ഷണമുണ്ടായിരുന്നു.
ബോളിവുഡ് നടി മിനിഷ ലാംബയാണ് യുവരാജിന്റെ കാമുകിമാരുടെ ലിസ്റ്റില്‍പ്പെട്ട രണ്ടാമത്തെയാള്‍. മിനിഷയെ യുവി ചുംബിക്കുന്ന ഒരു ഫോട്ടോ പുറത്തുവന്നതോടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നു ഗോസിപ്പുകള്‍ പരന്നത്. പക്ഷെ പിന്നീട് മിനിഷ തന്നെ വിശദീകരണവുമായി രംഗത്തു വന്നു. ഫോട്ടോയിലുള്ളത് താനല്ലെന്നും രൂപസാദൃശ്യമുള്ള മറ്റൊരു യുവതിയാണെന്നുമായിരുന്നു അവര്‍ അന്നു പറഞ്ഞത്.
പ്രശസ്ത മോഡലും നടിയുമായ റിയാ സെന്നുമായി ചേര്‍ത്തും യുവരാജ് സിങിനെക്കുറിച്ച് ഗോസിപ്പുകളുണ്ടായിരുന്നു. ഒരു പിറന്നാള്‍ ആഘോഷച്ചടങ്ങിനിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. ഈ കൂടിക്കാഴ്ചയില്‍ തന്നെ യുവിയും റിയയും പ്രണയത്തിലാവുകയായിരുന്നുവെന്നുമാണ് പാപ്പരാസികള്‍ പറയുന്നത്. പിന്നീട് പല പൊതു വേദികളിലും യുവിയുടെ കൈ പിടിച്ച് റിയ വരികയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ പ്രണയവും അധികം നീണ്ടില്ല.
ബോളിവുഡിലെ തന്നെ മറ്റൊരു നടിയും മോഡലുമായ നേഹ ദൂപിയയാണ് യുവരാജിന്റെ കാമുകിമാരുടെ ലിസ്റ്റിലെ നാലാമത്തെ സെലിബ്രിറ്റി. ഗരം മസാല, ദേ ദനാ ദന്‍ തുടങ്ങിയ ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുള്ള നടിയാണ് ഇവര്‍. മോഡലും നടിയുമായ സോഫി ചൗധരിയുടെ പിറന്നാള്‍ ആഘോഷച്ചടങ്ങില്‍ വച്ച് 2014ലായിരുന്നു യുവിയും നേഹയും സൗഹൃദത്തിലായത്. പക്ഷെ പിന്നീട് യുവിയുമായി ചേര്‍ത്തുള്ള ഗോസിപ്പുകള്‍ നിഷേധിച്ച് അവര്‍ രംഗത്തു വരികയും ചെയ്തിരുന്നു.
മൊഹബത്തേന്‍ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയുടെ ഭാഗമായിരുന്ന നടി കിം ശര്‍മയായിരുന്നു യുവരാജിന്റെ അഞ്ചാമത്തെ കാമുകി. മറ്റു ഗോസിപ്പുകള്‍ പോലെയായിരുന്നില്ല ഇരുവരും തമ്മിലുളള ബന്ധം. 2000ത്തിന്റെ തുടക്കത്തില്‍ യുവിയും കിമ്മും കടുത്ത പ്രണയത്തിലായിരുന്നു. ഇക്കാര്യം പരസ്യവുമായിരുന്നു.

രണ്ടു പേരും വിവാഹിതരാവുമെന്നു ഈ സമയത്തു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷെ 2007ല്‍ യുവിയും കിമ്മും വേര്‍പിരിയുകയായിരുന്നു. യുവരാജിന്റെ അമ്മയ്ക്കു ഈ ബന്ധത്തോടു താല്‍പ്പര്യമില്ലായിരുന്നുവെന്നും ഇതാണ് പിരിയാനുള്ള കാരണമെന്നുമുള്ള തരത്തില്‍ റിപ്പോര്‍ട്ടുകളും വന്നിരുന്നു.
ബോളിവുഡ് സുന്ദരി പ്രീതി സിന്റയാണ് യുവരാജിന്റെ കാമുകിമാരുടെ ലിസ്റ്റിലെ ആറാമത്തെയാള്‍. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനു വേണ്ടി യുവി കളിച്ചിരുന്നപ്പോഴായിരുന്നു ടീമുടമകളിലൊരാള്‍ കൂടിയായ പ്രീതിയുമായി ചേര്‍ത്തു യുവിയുടെ പേരില്‍ ഗോസിപ്പുകള്‍ വന്നത്.
പഞ്ചാബിന്റെ വിജയത്തിനു ശേഷം പലപ്പോഴും ഗ്രൗണ്ടില്‍ വച്ച് യുവിയും പ്രീതിയും കെട്ടിപ്പിടിച്ച് ആഹ്ലാദ പ്രകടനം നടത്തിയതായിരുന്നു ഈ ഗോസിപ്പുകളുടെ പ്രധാന കാരണം. പക്ഷെ ഇവയെല്ലാം വെറും കെട്ടുകഥകള്‍ മാത്രമാണെന്നു പിന്നീട് പ്രീതി വ്യക്തമാക്കുകയായിരുന്നു.