ഇവര്‍ ഗ്രൗണ്ടിലുണ്ടെങ്കില്‍ ബാറ്റര്‍മാരുടെ മുട്ട് ഇടിക്കും! ഇന്ത്യയുടെ അഞ്ച് സൂപ്പര്‍ ഫീല്‍ഡേഴ്‌സ്
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രമെടുക്കുകയാണെങ്കില്‍ ഒരു കാലത്തു ഫീല്‍ഡിങിനു അത്ര വലിയ പ്രാധാന്യമില്ലായിരുന്നു. 1990കള്‍ വരെ ഇതേ സ്ഥിതി തന്നെ തുടരുകയും ചെയ്തു. ഫീല്‍ഡിങിലെ പിഴവുകള്‍ കാരണം ചില മല്‍സരങ്ങളില്‍ വരെ ഇന്ത്യക്കു തോല്‍വി രുചിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ബാറ്റിങ്, ബൗളിങ് എന്നിവ പോലെ തന്നെ ഫീല്‍ഡിങിലും ഇന്ത്യന്‍ ക്രിക്കറ്റില്‍ ഫീല്‍ഡിങിനും സുപ്രധാന റോള്‍ തന്നെയാണുള്ളത്.
1990കളില്‍ റോബിന്‍ സിങ്, അജയ് ജഡേജ എന്നിവരായിരുന്നു ഇന്ത്യന്‍ ഫീല്‍ഡിങിലെ മിന്നും താരങ്ങള്‍. പിന്നീട് ഇവരുടെ പാത പിന്തുടര്‍ന്ന് ഒരുപാട് മികച്ച ഫീല്‍ഡര്‍മാരെ നമുക്ക് കാണാന്‍ സാധിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച അഞ്ചു ഫീല്‍ഡര്‍മാര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

മുഹമ്മദ് കൈഫ്
ഇന്ത്യയുടെ ഫീല്‍ഡിങിനെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ മുഹമ്മദ് കൈഫിന്റെ പേര് നമുക്ക് വിട്ടുകളയാന്‍ സാധിക്കില്ല. കാരണം ഫീല്‍ഡിങില്‍ ഇന്ത്യയുടെ ആദ്യത്തെ സൂപ്പര്‍ താരമെന്നു വിശേഷിപ്പിക്കാവുന്ന താരമാണ് അദ്ദേഹം. ഫീല്‍ഡിങില്‍ ഇന്ത്യക്കും ജോണ്ടി റോഡ്‌സിനെപ്പോലെയുള്ളവരെ സൃഷ്ടിച്ചെടുക്കാന്‍ സാധിക്കുമെന്നു ആദ്യമായി കാണിച്ചുതന്നത് കൈഫായിരുന്നു.
ഇന്ത്യയുടെ ജോണ്ടി റോഡ്‌സെന്നും അന്നു താരത്തെ ആരാധകര്‍ വിശേഷിപ്പിച്ചിരുന്നു. 2000ത്തില്‍ മധ്യനിര ബാറ്ററായിട്ടാണ് കൈഫ് കരിയര്‍ ആരംഭിച്ചതെങ്കിലും ഫീല്‍ഡിങിലാണ് അദ്ദേഹം ആരാധകരുടെ പ്രിയ താരമായി മാറിയത്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ചില കണ്ണഞ്ചിക്കുന്ന ക്യാച്ചുകളെടുക്കാന്‍ അദ്ദേഹത്തിനായിരുന്നു.

യുവരാജ് സിങ്
മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് രാജ്യം കണ്ട എക്കാലത്തെയും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായിരുന്നു. ഫീല്‍ഡിങില്‍ അസാധാരണ മെയ് വഴക്കമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. വിശ്വസ്തനായ മധ്യനിര ബാറ്ററും സ്പിന്‍ ബൗളറും ഫീല്‍ഡിങിലെ മിന്നല്‍പ്പിണറുമായിരുന്ന യുവി ഒരുകാലത്ത് ഇന്ത്യയുടെ സൂപ്പര്‍ ഹീറോ തന്നെയായിരുന്നു.
പോയിന്റ്, കവര്‍ ഏരിയയിലാണ് അദ്ദേഹം കൂടുതലായും ഫീല്‍ഡ് ചെയ്തിരുന്നത്. ഈ ഭാഗത്തേക്കു വരുന്ന ഷോട്ടുകള്‍ അപൂര്‍വ്വമായി മാത്രമേ യുവി മറികടന്ന് മുന്നോട്ടു പോയിരുന്നുള്ളൂ.

വായുവില്‍ മുഴുനീളെ ഡൈവ് ചെയ്ത് എത്രയെത്ര മനോഹരമായ ക്യാച്ചുകളാണ് അദ്ദേഹമെടുത്തിട്ടുള്ളത്. ക്യാച്ചുകള്‍ മാത്രമായിരുന്നില്ല കിറുകൃത്യമായ ത്രോകളായിരുന്നു യുവിയുടെ മറ്റൊരു ആയുധം. നിരവധി റണ്ണൗട്ടുകള്‍ക്കു വഴിയൊരുക്കാനും ഇതു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. 2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ് എന്നിവ ഇന്ത്യക്കു സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കാനും യുവിക്കു സാധിച്ചിരുന്നു. 2011ലെ ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റും അദ്ദേഹമായിരുന്നു.

സുരേഷ് റെയ്‌ന
മധ്യനിര ബാറ്ററും സ്റ്റാര്‍ ഓള്‍റൗണ്ടറുമായിരുന്ന സുരേഷ് റെയ്‌നയും തകര്‍പ്പന്‍ ഫീല്‍ഡറായിരുന്നു. ബാറ്റിങില്‍ ഇന്ത്യക്കു വേണ്ടി ചില മാച്ച് വിന്നിങ് പ്രകടനങ്ങള്‍ താരം കാഴ്ചവച്ചിട്ടുണ്ട്. ഇടംകൈയന്‍ ബാറ്റര്‍ കൂടിയായിരുന്ന റെയ്‌ന ഒരു സമയത്തു ഇന്ത്യയുടെ ഏറ്റവും മികച്ച ഫീല്‍ഡറുമായിരുന്നു.
ഫീല്‍ഡിങില്‍ റെയ്‌ന ക്യാച്ച് നഷ്ടപ്പെടുത്തുന്നത് കാണുക അസാധ്യമായിരുന്നു. ചടുലമായ ഫീല്‍ഡിങിലൂടെ ഒട്ടേറെ റണ്‍സ് രക്ഷപ്പെടുത്താനും അദ്ദേഹത്തിനായിട്ടുണ്ട്.

യുവരാജ് സിങും റെയ്‌നയും ഒരുമിച്ച് കളിച്ചിരുന്ന കാലം ഇന്ത്യന്‍ ഫീല്‍ഡിങിനെ സംബന്ധിച്ച് ഏറ്റവും മികച്ച സമയമായിരുന്നു. ഇരുവരും കവര്‍, പോയിന്റ് ഏരിയയിലുള്ളപ്പോള്‍ ഈ ഭാഗത്തേക്കു ഷോട്ടുകള്‍ കളിച്ച് റണ്ണെടുക്കുകയെന്നത് ബാറ്റര്‍മാരെ സംബന്ധിച്ച് ദുഷ്‌കരമായിരുന്നു.

രവീന്ദ്ര ജഡേജ
നിലവിലെ ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡറെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന താരമാണ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കൂടിയായ രവീന്ദ്ര ജഡേജ. 2009ല്‍ ശ്രീലങ്കയ്‌ക്കെതിരേ കളിച്ചുകൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു വന്ന അദ്ദേഹത്തിനു തുടക്കകാലത്തു പല തിരിച്ചടികളും നേരിട്ടിരുന്നു. പക്ഷെ അവയെ എല്ലാം അതിജീവിച്ച ജഡ്ഡു ഇപ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണാണ്.
തകര്‍പ്പന്‍ ക്യാച്ചുകളും കണ്ണഞ്ചിക്കുന്ന ത്രോകളുമെല്ലാം ജഡേജയെ സംബന്ധിച്ച് ഹരമാണ്. അദ്ദേഹത്തിന്റെ അതിവേഗമുള്ള ത്രോ ഒരുപിടി റണ്ണൗട്ടുകള്‍ നടത്താന്‍ ഇന്ത്യയെ സഹായിച്ചിട്ടുണ്ട്. ഫീല്‍ഡിങിനൊപ്പം ബാറ്റിങ്, ബൗളിങ് എന്നിവയിലും നിര്‍ണായക സംഭാവനകള്‍ നല്‍കുന്ന ജഡേജ നിലവില്‍ ടീമിലെ ഏറ്റവും മികച്ച മാച്ച് വിന്നറുമാണ്.

വിരാട് കോലി
മുന്‍ നായകനും ഇപ്പോഴും ടീമിന്റെ ഭാഗവുമായ വിരാട് കോലിയാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച മറ്റൊരു ഫീല്‍ഡര്‍. ഏതു പൊസിഷനും ഫീല്‍ഡ് ചെയ്യാന്‍ മിടുക്കനായ അദ്ദേഹം ഇന്ത്യന്‍ ടീമിലെ മാത്രമല്ല ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും ഫിറ്റ്‌നസുള്ള താരങ്ങളിലൊരാളുമാണ്.
2008ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ കോലി അസാധാരണ മികവുള്ള ബാറ്ററാണ്. ഏതു ബൗളിങ് ആക്രമണത്തെയും നിഷ്പ്രഭമാക്കാനുള്ള ശേഷി അദ്ദേഹത്തിനുണ്ട്.

തനിച്ച് മല്‍സരഗതി തന്നെ മാറ്റി മറിക്കാന്‍ കഴിവുള്ള താരവുമാണ് കോലി. ബാറ്റിങിനൊപ്പം ഫീല്‍ഡിങിലും അദ്ദേഹം മറ്റുള്ളവരേക്കാള്‍ ഒരുപടി മുന്നിലാണ്. കവേഴ്‌സിലായാലും ഔട്ട് ഫീല്‍ഡിലായാലും ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫീല്‍ഡര്‍മാരുടെ കൂട്ടത്തില്‍ കോലിയുണ്ടാവുമെന്നതില്‍ സംശയമില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications